'പാലാപ്പള്ളി തിരുപ്പള്ളി പുകളേറും...' പാട്ടിന്‍റെ താളം
text_fieldsഅതങ്ങനെയാണ്, നൂറ്റാണ്ടുകളായി ഇവിടെയുണ്ടായിരുന്ന പാട്ട് ഈ നാടിന്‍റെ തരംഗമാകുന്നത് എപ്പോഴാണെന്നു പറയാൻ കഴിയില്ല. പ്രത്യേകിച്ച് സമൂഹ മാധ്യമങ്ങളുടെ പുതിയ കാലത്ത്. സിനിമകൾ ഏറെ പുറത്തിറങ്ങുന്നുണ്ടെങ്കിലും എല്ലാറ്റിലും പാട്ടുകളുണ്ടെങ്കിലും അത്, ശ്രദ്ധിക്കണമെന്നില്ല. എന്നാൽ, ചിലത്, മനസ്സിന്‍റെ അകവാതിൽ തുറന്നു കയറി ഇരിക്കും. അത്തരമൊരു പാട്ടായി മാറിയിരിക്കുകയാണ് 'പാലാപ്പള്ളി തിരുപ്പള്ളി പുകളേറും രാക്കുളി നാളാണേ...'
ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ 'കടുവ'യിലെ ഈ പാട്ടിന് പറയാൻ ഏറെ കഥയുണ്ട്. അതുപറയാൻ, നാടൻപാട്ടിന്‍റെ ആശാൻ പാട്ടുപുര നാണുവുമുണ്ടിവിടെ. ഇതിനകം നാണു സമാഹരിച്ച നൂറുകണക്കിന് പാട്ടുകളിലൊന്നാണ് പാലാപ്പള്ളി.
പാട്ടിന് പറയാനുണ്ടൊരു കഥ
ഏതു പാട്ടിനും ഒരു കഥയുണ്ടാകും പറയാൻ. പാലാപ്പള്ളി തിരുപ്പള്ളി പാട്ടിനുമുണ്ടൊരു കഥ. ആ കഥ പറയുകയാണ് പാട്ടുപുര നാണു. പഴയപാട്ടുകളുടെ പിന്നാലെയുള്ള നാണുവിന്‍റെ സഞ്ചാരത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നാടൻപാട്ടിന്‍റെ ഈരടികൾ കേട്ടുെകാണ്ടാണ് വളർന്നത്. അമ്മയും അച്ഛനും കലയുടെ വഴിയേ സഞ്ചരിച്ചവരാണ്. നാലുതലമുറയെങ്കിലും കൊണ്ടുനടന്ന പാട്ടുകൾ നാണു സമാഹരിച്ചിട്ടുണ്ട്. അങ്ങനെ മുമ്പ് പുലയ സമുദായത്തിന്‍റെ മരണാനന്തര ചടങ്ങിന്‍റെ ഭാഗമായി പാടിയിരുന്ന പാട്ടാണ് പാതപ്പാട്ട് അഥവാ ബാധപ്പാട്ട്. അത്തരമൊരു പാട്ടാണ്, ''അയ്യാലയ്യ പടച്ചോനേ... ഒരയ്യൻ നിലവിളി കേൾക്കുേന്ന, വീരാഞ്ചുമ്മേല ചാളേന്ന്...'' എന്നത്. ഈ പാട്ടാണ് പാലാപ്പള്ളി തിരുപ്പള്ളിയായി മാറിയത്.
സിനിമയിൽ ഈ പാട്ട് പാടിയ അതുൽ നറുകരയാണ് 'കടുവ' എന്ന സിനിമയിലേക്ക് ഈ പാട്ടിന്‍റെ സംഗീതം എടുക്കാമോയെന്ന് ചോദിച്ച് നാണുവിനെ ബന്ധപ്പെടുന്നത്. അങ്ങനെയാണ് 'അയ്യാലയ്യ പടച്ചോനെ' എന്ന പാട്ടിന്‍റെ സംഗീതത്തിൽ 'പാലാപ്പള്ളി തിരുപ്പള്ളി...' എന്ന പാട്ട് ജനിക്കുന്നത്. അരങ്ങ് രാജീവനും പ്രജീഷ് കൊയിലാണ്ടിയുമാണ് കലോത്സവവേദികളിൽ ഈ പാട്ട് നേരത്തേതന്നെ സജീവമാക്കിയത്. ഇത്തരം വേദികളിൽനിന്നാണ് അതുലിന്‍റെ ശ്രദ്ധയിൽ ഈ പാട്ട് വരുന്നത്.
സിനിമയിൽ പാട്ടെഴുതിയത് സന്തോഷ് വർമയും ശ്രീഹരി തറയിലുമാണ്. അതുൽ നറുകരക്കൊപ്പം ടീം സോൾ ഓഫ് ഫോക്കിലെ അംഗങ്ങളും പാടി. അങ്ങനെയാണിപ്പോൾ പാട്ട് വൈറലായത്. ഇൗ പാട്ട് ഹിറ്റാകുേമ്പാൾ, പാട്ടുപുര നാണുവിന്‍റെ ആഹ്ലാദത്തിനു അതിരുകളില്ല. ചാനലുകളുടെ അഭിമുഖത്തിൽ അതുൽ നറുകരയാണ് പാട്ടിന്‍റെ വഴിയിൽ നാടൻ പാട്ടിന്‍റെ ആശാൻ പാട്ടുപുര നാണുവാണെന്ന് പറയുന്നത്. ഇപ്പോൾ അതുലിനോട് നന്ദിപറയുകയാണ് നാണു. കാരണം, മറ്റു പല പ്രമുഖ പാട്ടുകാരും ചെയ്തതുപോലെ സമ്പാദകനെയോ രചയിതാവിനെയോ അതുൽ പറയാതിരുന്നെങ്കിൽ, തന്നെ ആരും തിരിച്ചറിയപ്പെടുമായിരുന്നില്ല.
പുലയ സമുദായത്തിൽ മരണാനന്തര ചടങ്ങിന്‍റെ ഭാഗമായി 'കൂളി കെട്ടുക' എന്നൊരു ആചാരം നിലനിന്നിരുന്നു. ആ വേളയിലാണ് ഈ പാട്ട് പാടിയിരുന്നത്. പഴയ കടത്തനാട് (ഇന്നത്തെ വടകര) പുലയ സമുദായത്തിനു 21 അംശങ്ങളുണ്ടെന്നാണ് കണക്ക്.
ഇവക്കോരോന്നിനും വിവിധ ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കാൻ ദേശവാഴികളുണ്ട്. തിരുവള്ളൂർ പഞ്ചായത്തിൽമാത്രം ഇത്തരം നാല് അംശങ്ങളും ദേശവാഴികളുമുണ്ട്. പുതിയ കാലത്ത് പഴയ ആചാരങ്ങളൊന്നും കൊണ്ടുനടക്കുന്നില്ല. ഇതോടെ, വിവിധ കലാരൂപങ്ങളാണ് നഷ്ടമാകുന്നത്. ഈ പാട്ടുകളൊന്നും എന്റേതല്ല, എന്‍റെ സമുദായത്തിന്‍റെ സ്വന്തമാണ്. ഞാൻ വെറും സമ്പാദകൻ മാത്രമാണെന്ന് പാട്ടുപുര നാണു പറയുന്നു.
പാട്ടുപുരയും നാണുവും
നാടൻപാട്ടുകൾ, പഴയകാല കാർഷിക, സംഗീത ഉപകരണങ്ങൾ എന്നിവ തേടിയുള്ള നാണുവിന്‍റെ യാത്രക്ക് ഒന്നര പതിറ്റാണ്ട് മുമ്പിട്ട പേരാണ് പാട്ടുപുര. ശരിക്കും പറഞ്ഞാൽ പാട്ടുപുരയെന്നാൽ തിരുവള്ളൂർ തിരുത്തിയിലെ നെല്ലിയുള്ള പറമ്പത്ത് നാണുവും ഭാര്യ ശോഭയും മക്കളും ചേരുന്ന കുടുംബമാണ്. നാടൻപാട്ട് കലാകാരൻ എന്നതിലുപരി, പഴയകാല കാർഷിക ഉപകരണങ്ങളുടെയും മറ്റും സംരക്ഷകൻ എന്ന നിലയിലും പാട്ടുപുര നാണുവിന്‍റെ മേൽവിലാസമായി.
പുതിയ തലമുറയെ കലയുടെ വിവിധ വഴികളിൽ നയിക്കുന്നതിനൊപ്പം വേദികളിലും സജീമായി. സ്കൂൾ യുവജനോത്സവ വേദിയിലുൾപ്പെടെ നാണുവിന്‍റെ പാട്ടുകളുമായി കുട്ടികൾ നിറയുകയാണ്. ആദിവാസിനൃത്തം, ഗോത്രനൃത്തം, കാളകളിപ്പാട്ട്, കുതിരക്കോലം, ദാരിക വധം, വാൾപ്പയറ്റ്, കൂളിപ്പാട്ട്, താലോലം പാട്ട്, കാതുകുത്ത് കല്യാണം, തെരണ്ട് കല്യാണം, തെയ്യാട്ട്, മാപ്പിള രാമായണം എന്നിവയാണ് പാട്ടുപുര അവതരിപ്പിക്കുന്ന പരിപാടികൾ.
കുരുത്തോലക്കളരിയുടെയും ആശാനാണ് നാണു .നാടൻപാട്ട് മേഖലയിലെ സംഭാവനകളെ മാനിച്ച് പാട്ടുപുര നാണുവിന്‍റെ മാതാവ് കല്യാണിയമ്മക്ക് 2018ലെ ഫോക് ലോർ അക്കാദമി ഗുരുപൂജ പുരസ്കാരവും പാട്ടുപുര നാണുവിന് 2019ലെ ഫോക് ലോർ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.