ഫലസ്തീൻ മണം
text_fieldsജയൻ ജോസഫ്
ഹേയ്... നിന്റെ യുദ്ധങ്ങൾ
തകർത്തെറിഞ്ഞത്
എന്റെ വീടല്ല,
എന്റെ സ്വർഗ്ഗത്തെ
തെന്നയായിരുന്നു.
നിന്റെ ബുൾഡോസറുകൾ
ഞാൻ പണിതുയർത്തിയ
എന്റെ സ്വപ്നങ്ങളെ മാത്രമല്ല
എന്റെ അവകാശങ്ങളെയും
നിഷ്കരുണം ഉഴുതുമറിച്ചു.
നിന്റെ ബോംബുകൾ
ചിതറിച്ച എന്റെ കുഞ്ഞുങ്ങളെ
നീ പിടിച്ചടക്കിയ മണ്ണിന് വളമാക്കി
അവരുടെ അനാഥരായ
അമ്മമാരുടെ കണ്ണുനീർ കൊണ്ടു
നീ നിലം നനച്ചു.
നിന്റെ ആയുധങ്ങൾ
കെടുത്തക്കളഞ്ഞത്
എന്റെ കണ്ണിലെ വെളിച്ചത്തെ
മാത്രമല്ല, എന്റെ നാളെയുടെ
പ്രത്യാശയെ കൂടിയാണ്.
ഭൂമിക്കുമീതെ നീ നീട്ടിവരക്കുന്ന
അതിരുകൾക്കുള്ളിൽ
നീ വിരിയിക്കുന്ന വസന്തത്തിനു
എന്ത് ഗന്ധമെന്നോ ?
എന്റെ രക്തത്തിന്റെ
നിലവിളിക്കുന്ന ഗന്ധം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.