എങ്ങുമെത്താതെ മലയാളത്തിന്റെ ശ്രേഷ്ഠഭാഷാ പദവി
text_fieldsവീണ്ടുമൊരു കേരളപ്പിറവി കടന്നുവരുമ്പോൾ, മലയാള ഐക്യവേദിക്ക് പറയാനുള്ളതിങ്ങനെ... നവംബർ 1ന് മലയാളികൾ ഭരണഭാഷാ ദിനം ആഘോഷിക്കുന്നു.. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭാഷകൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ശ്രേഷ്ഠഭാഷാ പദവി അഥവാ ക്ലാസിക്കൽ ഭാഷാ പദവി 2013ൽ മലയാളത്തിനു ലഭിച്ചു.. 2024ലും പദവിയായി മാത്രമത് നിലകൊള്ളുന്നു.
കേന്ദ്ര ശ്രേഷ്ഠഭാഷാ ഫണ്ട് നേടിയെടുക്കാനുള്ള നടപടികളൊന്നും കേരള സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. സർക്കാറിനോ സർക്കാർ സംവിധാനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കോ ഇതിനെക്കുറിച്ച് വ്യക്തമായ അറിവോ കാഴ്ചപ്പാടോ ഇല്ലെന്നതാണ് വേദനയോടെ മനസ്സിലാക്കുന്ന യാഥാർത്ഥ്യം..
100 കോടി രൂപയുടെ കേന്ദ്ര ധനസഹായത്തോടെ കേരളത്തിൽ ക്ലാസിക്കൽ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുമെന്ന വാദങ്ങൾ വെള്ളത്തിൽ വരച്ച വര പോലെ എവിടെയോ തെളിഞ്ഞുകാണാം.. തെളിഞ്ഞു കാണുന്ന ആ കുഞ്ഞു കുഞ്ഞു വരകളുടെ ഭാഗമായി മലയാള സർവകലാശാലയോട് ചേർന്ന് ശ്രേഷ്ഠഭാഷാ സെന്റർ ആരംഭിച്ചിരുന്നു, ഇതുവരെ അതും കൃത്യമായ ട്രാക്കിലേക്ക് വന്നിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. സംസ്ഥാന സർക്കാരോ ശ്രേഷ്ഠഭാഷാ സെന്ററോ മലയാളത്തിന്റെ ക്ലാസിക്കൽ കാലഘട്ടം മുതൽ ആധുനികീകരണം വരെയുള്ള വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള വിശദമായ പഠനം നടത്താനോ, പഠനങ്ങളുടെ ഭാഗമായുള്ള കൃത്യമായ പ്രൊപ്പോസലുകൾ നൽകാനോ ശ്രമിക്കുന്നില്ല.. അയക്കുന്ന പ്രൊപ്പോസലുകൾ മൈസൂരിലെ ശ്രേഷ്ഠഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അകാരണമായി തള്ളുന്നുവെന്നും പ്രോജക്ട് ഡയറക്ടർ തന്നെ പറയുന്നു..
2023ൽ രാജ്യസഭയിലും ലോക്സഭയിലും സാംസ്കാരിക വകുപ്പ് മന്ത്രി നൽകിയ മറുപടിയനുസരിച്ച് 2023-24 സാമ്പത്തിക വർഷത്തിൽ, കന്നട 154.50, തെലുഗ് 154.50, തമിഴ് 1420.00, ഒഡിയ 138.50, മലയാളം 112.50 (ലക്ഷത്തിൽ) എന്നിങ്ങനെയാണ് കേന്ദ്ര വിഹിതത്തിൽ ക്ലാസിക്കൽ ഭാഷകൾക്കായി മാറ്റിവെച്ചിട്ടുള്ളത്.. ഏറ്റവും കുറവ് തുക ബഡ്ജറ്റിൽ മാറ്റി വെച്ചിട്ടുള്ളത് മലയാളത്തിനാണെന്ന് കാണാം.
2019-20ൽ ഒന്നും തന്നെ മാറ്റിവെച്ചിട്ടില്ല, 2020-21 ൽ 8.00, 2021-22ൽ 63.97, 2022-23ൽ 186.75 (ലക്ഷത്തിൽ ) എന്നിങ്ങനെയാണ് മലയാളത്തിനായി മാറ്റി വെച്ചിട്ടുള്ളത്. ഇത് മറ്റു ക്ലാസിക്കൽ ഭാഷകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്.ഈ തുക നേടിയെടുക്കാൻ പോലും ആവശ്യമായ പ്രൊപ്പോസൽ കേരളം നൽകാത്തതിനാൽ തുക ലഭിക്കാത്ത സ്ഥിതിയാണ്.
മലയാള സർവകലാശാല നൽകിയ ക്വാർട്ടേഴ്സിലാണ് ശ്രേഷ്ഠഭാഷാ സെന്ററിന്റെ ഇപ്പോഴത്തെ പ്രവർത്തനം. സർവകലാശാലയോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിലേക്ക് സെന്ററിന്റെ പ്രവർത്തനം മാറ്റിയിട്ടില്ല, വൈകാതെ അതുണ്ടാകുമെന്ന് പറയുന്നു.
നിലവിൽ, പ്രോജക്ട് ഡയറക്ടറും ഒരു മൾട്ടി ടെക്നിക്കൽ സ്റ്റാഫും 23 ഗവേഷകരും ശ്രേഷ്ഠഭാഷാ സെന്ററിൽ പ്രവർത്തിക്കുന്നതായി പറയുന്നു. മലയാളത്തിന്റെ ക്ലാസിക്കൽ കാലഘട്ടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഭാഷാ വിദഗ്ധരെ ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളോന്നും തന്നെ അവിടെ നടക്കുന്നില്ല, വല്ലപ്പോഴും നടക്കുന്ന അക്കാഡമിക സെമിനാറുകളുടെ പേപ്പർ പ്രസന്റേഷനുകളിൽ മാത്രമായി ആ ഏകോപനം ഒതുങ്ങുന്നതാണ് കാണുന്നത്.
പ്രൊജക്റ്റ് ഡയറക്ടറുടെ നേതൃത്വത്തിൽ താളിയോലകൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി മൈസൂരിലേക്ക് മെയിൽ ചെയ്യുന്നു എന്നതിനപ്പുറം വലിയ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. ശ്രേഷ്ഠഭാഷാസെന്ററിന്റെ ഭാഗമായി ജേണൽ തുടങ്ങാനോ ഈ പഠനങ്ങൾ മലയാളത്തിൽ അവതരിപ്പിക്കാനോ ഇതുവരെ യാതൊരു ശ്രമങ്ങളും നടന്നിട്ടില്ല. മൈസൂരിലെ ക്ലാസിക്കൽ ഭാഷാസെന്റർ എന്നെങ്കിലും പ്രസിദ്ധീകരിക്കുകയാണെങ്കിൽ മലയാളത്തെക്കുറിച്ച് നമുക്ക് ഏതെങ്കിലും കാലത്ത് ഇംഗ്ലീഷിൽ വായിച്ചറിയാമെന്ന സ്ഥിതിയാണ്. സ്വന്തമായി ഒരു വെബ്സൈറ്റ് തുടങ്ങാനും സെന്ററിന്റെ പേരിൽ ബാങ്ക് അകൗണ്ട് തുടങ്ങാനും മൈസൂരിൽ നിന്നുള്ള അനുവാദം വേണമെന്നാണ് പറയുന്നത്. പ്രൊജക്റ്റ് ഡയറക്ടറുടെ വ്യക്തിഗത അകൗണ്ടിലേക്ക് മാത്രമേ പ്രവർത്തനച്ചെലവ് അയക്കുന്നുള്ളൂ എന്നാണ് തിരൂരിൽ നേരിൽ ചെന്നപ്പോൾ പറഞ്ഞത്.
ഇത് കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടണം, ലഭിക്കുന്ന ഓരോ തുകയുടെയും വിശ്വാസ്യത ഉറപ്പുവരുത്തുകയും തുക വ്യക്തിഗത അകൗണ്ടിൽ നിന്നും സ്ഥാപനത്തിന്റെ അകൗണ്ടിലേക്ക് മാറ്റുകയും വേണം. നിലവിൽ സർക്കാർ ശ്രേഷ്ഠഭാഷാ വിഷയത്തിൽ ഇടപെടുകയോ സെന്റർ സർക്കാരുമായി ബന്ധപ്പെടുകയോ ചെയ്യാത്ത, ഉത്തരവാദിത്ത രഹിതമായ സമീപനമാണ് സ്വീകരിച്ചു പോരുന്നത്. അത് മാറ്റി ആഞ്ഞുശ്രമിച്ചാൽ ഫണ്ടും പ്രവർത്തനങ്ങളും പുറകെ വന്നോളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.