വ്യഥിതഹൃദയങ്ങളുടെ കണ്ണീർക്കയങ്ങൾ
text_fieldsഒരു കണ്ണീർക്കണംപോലെ
ശ്രീരേഖ പണിക്കർ
സൈൻ ബുക്സ്
പേജ്: 76 വില: 110
പുരാണങ്ങളിലെയും ചരിത്രത്തിലെയും മുഖ്യകഥാപാത്രങ്ങൾ വായനക്കാർക്ക് സുപരിചിതരാണ്. പക്ഷേ, അറിയപ്പെടാത്ത ത്യാഗമൂർത്തികളായ സ്ത്രീകഥാപാത്രങ്ങളുണ്ട്. അത്തരം കഥാപാത്രങ്ങളെ കണ്ടെടുത്ത് അവരുടെ സഹനത്തിന്റെ കഥകൾ സമുദ്രത്തിൽനിന്ന് മുത്തുകൾ വാരിയെടുക്കുന്നതുപോലെ ചിന്തേരിട്ട് മിനുക്കി, വായനക്കാരിൽ അനുതാപത്തിന്റെ അഗ്നിസ്ഫുലിംഗങ്ങളുണർത്തുന്നു ശ്രീരേഖ പണിക്കരുടെ സമാഹാരങ്ങളിൽ. മലയാളത്തിലെ ഏറ്റവും മികച്ച സ്ത്രീപക്ഷ കഥകളാണ് ഈ സമാഹാരങ്ങളിലുള്ളത്. കാവ്യാത്മകമായ ആവിഷ്കാരശൈലി, ഇതിവൃത്തങ്ങളുടെ നൂതനത്വം, പാത്രസൃഷ്ടിയിലെ പരിപൂർണത, നാടകീയമായ മുഹൂർത്തങ്ങളിലൂടെയുള്ള കഥനം എന്നിങ്ങനെ കഥകൾ മികവിന്റെ ഉജ്ജ്വലമാതൃകകളാണ്. "ആരുടെയൊക്കെയോ ഇച്ഛക്കൊത്ത് ആടാൻ വിധിക്കപ്പെട്ട ജന്മങ്ങൾക്ക് വികാരങ്ങൾ പ്രകടിപ്പിക്കാൻപോലും അവകാശമില്ലെ''ന്ന സ്ഥിതി എല്ലാ കഥകളിലും വ്യക്തമാണ്. കഥാപാത്രങ്ങളോട് വായനക്കാരന് താദാത്മ്യം പ്രാപിച്ച് അനുഭവവേദ്യമാകുന്ന സംവേദനക്ഷമത എടുത്തുപറയേണ്ടതാണ്. അവ നമ്മെ വല്ലാതെ ഉലയ്ക്കുക തന്നെചെയ്യും.
മഹാഭാരതത്തിലെയും രാമായണത്തിലെയും അജ്ഞാതരായ സ്ത്രീകഥാപാത്രങ്ങളെ കണ്ടെത്തി അവർ അനുഭവിച്ച കയ്പുനീരിന്റെയും സഹിഷ്ണുതയുടെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും നാല് കഥകളാണ് 'ഒരു കണ്ണീർക്കണം പോലെ'. ശ്രീരാമന്റെ മൂത്ത സഹോദരിയായിരുന്നു ശാന്ത എന്നത് നമുക്ക് പുതിയ അറിവാണ്; ദശരഥ മഹാരാജാവിന് കൗസല്യയിലുണ്ടായിരുന്ന പുത്രി: ''ഒരേ കുലത്തിലും വംശത്തിലും പെട്ട കൗസല്യയെ പാണിഗ്രഹണം ചെയ്തത് കൊണ്ട്'' അമ്മക്കും അച്ഛനും വേണ്ടിയിരുന്നത് രാജ്യം വാഴാനുള്ള പുത്രനെയായിരുന്നു. പുത്രനും പുത്രിയും അവർക്ക് തുല്യമല്ല. അതിനാൽ ഏഴാം വയസ്സിൽ കാലുകൾക്ക് വൈകല്യമുള്ള ശാന്തയെലോമപാദന് ദത്തുനൽകുകയാണ്. കൗസല്യയുടെ സഹോദരിയാണ് വർഷിണി രാജ്ഞി. അവർ ഉപാധികളില്ലാത്ത അളവറ്റ സ്നേഹവും ചികിത്സയും നൽകി; അവൾ അതിസുന്ദരിയായ യുവതിയായി, അവിടെ തുടങ്ങുന്നു ശാന്തയുടെ ത്യാഗവും മനക്ലേശവും. അംഗരാജ്യത്തിനുവേണ്ടി കളങ്കമേൽക്കാത്ത ഋഷ്യശൃംഗനെ വിവാഹം കഴിക്കണം. പുത്രനുണ്ടാവണം. അതുകഴിഞ്ഞ് അയോധ്യയിലെ ദശരഥമഹാരാജാവിന്റെ യാഗശാലയിൽ യജ്ഞാചാര്യന്റെ പത്നിയായി പിതാവ് നമസ്കരിക്കുന്ന അനുഭവവും നേരിട്ടു. മരണാസന്നനായ പിതാവിന് ജലപാനം നൽകുമ്പോഴും രാജാവ് ഓർക്കുന്നത് മകനെയാണ്. പുത്രസ്നേഹവും ഭർതൃ പ്രേമവുംമൂലം ഉഴലുന്ന വാർധക്യത്തിലെത്തിയ ശാന്തയെ സഹോദരങ്ങളായ ശ്രീരാമനും മറ്റും ഭരതപുത്രനായ തക്ഷനും പത്നി ശിലയും സ്ഥാപിക്കുന്ന തക്ഷശില എന്ന വിദ്യാഗനഗരിയുടെ ഐശ്വര്യപൂജയും ഉപലസ്ഥാപനവും കഴിഞ്ഞപ്പോൾ അനീതികൾക്ക് മാപ്പിരക്കുന്ന ശ്രീരാമൻ. മുനിശ്രേഷ്ഠനായ ഋഷ്യശൃംഗന്റെ തോണി ആശ്രമത്തിലേക്ക് അകന്നുപോകുന്നു. ശാന്തയുടെ വ്യഥാ കഥനം ഏറ്റവും മികച്ച പൂർണതയുള്ള മലയാളകഥകളിലൊന്നാണ്.
മഹാഭാരതത്തിലെ അംബ ശിഖണ്ഡിയായി ഭീഷ്മരോട് പ്രതികാരം ചെയ്യുന്ന ഒരു കണ്ണീർക്കണം പോലെ, ചവിട്ടിമെതിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ കഥ അംബയുടെ മാനസിക വ്യാപാരങ്ങളിലൂടെ പ്രതികാരമൂർത്തിയായി അവതരിപ്പിക്കപ്പെടുന്നതും ഹൃദ്യമായ വായനാനുഭവമാണ്. ശത്രുനിഗ്രഹത്തിനായി വിഷകന്യകയാക്കി പ്രത്യേകം വളർത്തിയെടുത്ത് കമലിനിയെ ദേവസ്മിതയാക്കി, താൻ നശിപ്പിക്കേണ്ട ബിംബിസാരനോടുള്ള ഉൽക്കടപ്രേമത്താൽ ആത്മാഹുതി നടത്തുന്ന 'വിഷകന്യക'യും വിശ്വാമിത്രന്റെ ആഗ്രഹപൂർത്തിക്കായി മകൻ ഗാലവൻ ഉപകരണമാക്കുന്ന മരണമില്ലാത്ത മാധവിയും ഉൽകൃഷ്ട സ്ത്രൈണ മാതൃകകളുടെ കഥകളാണ്.
കണ്ണീർക്കൊന്നയിലെ കഥകളും മധ്യവർത്തി സമൂഹത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന അന്തഃസംഘർഷങ്ങളെക്കുറിച്ചുള്ളവയാണ്. അവ (രണ്ട് കഥകൾ 'ഒരു കണ്ണീർക്കണം പോലെ'യിലെ ആവർത്തനങ്ങളാണ്) ആതുരശുശ്രൂഷാരംഗത്തുള്ളവരുടെ അനുഭവങ്ങളുടെ തീച്ചൂളകളെക്കുറിച്ചുള്ള ആഖ്യാനങ്ങളാണ് കൂട്ടത്തിൽ 'മുൾക്കിരീടം ചൂടിയവർ' പ്രത്യേക പരാമർശയോഗ്യമാണ്. പുതുതായി തുടങ്ങിയ ഒരു ജില്ല ആശുപത്രിയിൽ, വർഷങ്ങളോളം എല്ലാവരുടെയും പ്രശംസാപാത്രമായി, മക്കളെപ്പോലും അവഗണിച്ച് സേവനം നടത്തിയ മൃദുല എന്ന ഡോക്ടർക്ക് സങ്കീർണമായ പ്രസവക്കേസിൽ ജീവൻ രക്ഷിക്കാനായില്ലെന്നതിന്റെ പേരിൽ അനുഭവിക്കേണ്ടിവന്ന ക്രൂരതയുടെ കഥ -അതും സ്വന്തം രക്തംതന്നെ ദാനം നൽകി, പ്രസവശുശ്രൂഷയിൽ ജനിച്ചവന്റെ നേതൃത്വത്തിൽ നടന്നത് -നമ്മുടെ സാമൂഹികവ്യവസ്ഥയുടെ തന്നെ പരിച്ഛേദമാണ്. 'നീലമുളകൾ തേങ്ങുമ്പോൾ' വിദേശമലയാളികൾ വൃദ്ധമാതാപിതാക്കളുടെ സ്വത്തിൽ മോഹിച്ച് അവരോട് കാണിക്കുന്ന അവഗണനയും മരണംവരെ ശുശ്രൂഷിച്ചവരോട് പ്രകടമാക്കുന്ന ക്രൂരതയും നൈതികമൂല്യങ്ങളുടെ തകർച്ചയെ പ്രതിഫലിപ്പിക്കുന്നു; ശിഥിലമാകുന്ന മാനുഷികബന്ധങ്ങളെക്കുറിച്ചുള്ള മറ്റ് കഥകളും പ്രശംസനീയമാണ്.
ശ്രീരേഖ പണിക്കരുടെ ആഖ്യാനശൈലിയുടെ വിശിഷ്ടമായ ഒരുഘടകം കഥകളിലെ ഭൂമികകളെക്കുറിച്ച് കാലാനുസൃതമായ പ്രതിപാദനങ്ങളും കാവ്യാത്മകമായ ഭാഷാശൈലിയും പൂക്കളും മരങ്ങളും ഇലകളും തളിരുകളും കാറ്റും ജലപാതകളും കഥയുടെ അന്തരീക്ഷത്തിന് മാറ്റുകൂടുന്നു. 'കണ്ണീർക്കൊന്ന'യിലെ "സ്വർണനിറമുള്ള പൂക്കൾ വിരിയുന്ന കൊന്ന'' മാത്രം കണ്ട് പച്ചമരങ്ങൾ കൊതിച്ചുനിൽക്കുന്ന ഡോ. നിരഞ്ജനും ഗൗരിയും കഥാഗതിയുടെ മികവിന് നിദാനമാണ്. അവയവദാനത്തിലൂടെ ജീവന്റെ തുടിപ്പുകൾ നിലനിലക്കുന്നുവെന്നറിയുമ്പോഴുള്ള ഉൽക്കടമായ വികാരവിക്ഷോഭവും ഈ കഥയിലുണ്ട്. പുരാണസംബന്ധിയായ കഥകളിലെ പ്രകൃതിയുടെ സൂക്ഷ്മാംഗങ്ങളടങ്ങുന്ന ചിത്രീകരണങ്ങളും പ്രശംസാർഹമാണ്.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.