വെള്ളിപ്പൂക്കൾ പുരസ്കാരം വി.ആർ. സുധീഷിന് സമ്മാനിച്ചു; 'ഇത് മത്സരിക്കുന്ന എഴുത്തുകാരുടെ കാലം, പഴയകാല സഹൃദം ഇന്നില്ല' -എം. മുകുന്ദൻ
text_fieldsവടകര: ഇത്, പരസ്പരം മത്സരിക്കുന്ന എഴുത്തുകാരുടെ കാലമാണെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ. മുൻപ് വളരെ കുറച്ച് എഴുത്തുകാരേ ഉണ്ടായിരുന്നുള്ളൂ. പഴയകാല സൗഹൃദം ഇന്നില്ല -മുകുന്ദൻ പറഞ്ഞു. കവിയും സംസ്കൃത പണ്ഡിതനും അധ്യാപകനുമായിരുന്ന വി.പി.കെ. കുറുന്തോടിയുടെ സ്മരണക്കായി ഏർപ്പെടുത്തിയ പ്രഥമ വെളളിപ്പൂക്കൾ പുരസ്കാരം കഥാകൃത്ത് വി.ആർ. സുധീഷിന് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഷീർ, തകഴി, പൊറ്റക്കാട്, കേശദേവ്, എം.ടി. എന്നിവർ തമ്മിൽ വലിയ സൗഹൃദം കൊണ്ടുനടന്നിരുന്നു. ഒരാൾ നല്ല കഥയെഴുതിയാൽ,നോവലെഴുതിയാൽ മറ്റെയാൾ സന്തോഷിച്ചിരുന്നു, പ്രോത്സാഹിപ്പിക്കുമായിരുന്നു.
അത്തരമൊരു സാഹചര്യം ഇപ്പോഴില്ല. ഇതിനു കാരണം, സാഹിത്യം വളരെയധികം വാണിജ്യവൽക്കരിക്കപ്പെട്ടതാണ്. പഴയകാലം ഇതല്ല. ആത്മാവിൽ നിന്നുവരുന്ന ഒന്നാണ് സാഹിത്യം. ഇന്നതല്ല. വിക്ടർ ഹ്യൂഗോവിന്‍റെ പാവങ്ങൾ വായിച്ചാണ് ഞാൻ വളർന്നത്. അന്ന്, വൈദ്യുതിയില്ല. മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിലാണ് വായന. എല്ലാറ്റിനും ക്ഷാമമുള്ള കാലമായിരുന്നു അത്. ഇവിടെ, ഈ പുരസ്കാരം ഏറ്റുവാങ്ങിയ വി.ആർ. സുധീഷ് മികച്ച കഥാകാരനാണ്. വംശാനന്തര തലമുറ പോലുള്ള മികച്ച കഥകൾ എഴുതി. മെല്ലെപ്പോകുന്ന എഴുത്തുകാരനാണ് സുധീഷെന്ന് തോന്നാറുണ്ട്. എന്നാൽ, മെല്ലെപ്പോക്കിന് ദോഷവും ഗുണവുമുണ്ട്. സുധീഷിന് ഇത്തിരി വേഗം കൂട്ടണമെന്നെനിക്ക് തോന്നാറുണ്ടെന്നും മുകുന്ദൻ പറഞ്ഞു.
രാജേന്ദ്രൻ എടത്തുംകര അധ്യക്ഷത വഹിച്ചു. ടി. രാജൻ, അഡ്വ. ഇ.എ. ബാലകൃഷ്ണൻ, കെ.കെ. പ്രദീപൻ, കൊളായി രാമചന്ദ്രൻ, റീനീഷ് പേരാമ്പ്ര, ഐ.പി. പത്മനാഭൻ, എൻ.കെ. രവീന്ദ്രൻ, അനൂപ് അനന്തൻ എന്നിവർ സംസാരിച്ചു. പ്രമോദ് കുറ്റിയിൽ നന്ദി പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് പ്രമോദ് കുറ്റിയിലിന്‍റെ ലൈഫ് സ്കെച്ച് എന്ന കവിത സമാഹാരത്തിന്‍റെ പ്രകാശനവും വി.പി.കെ. കുറുന്തോടി അനുസ്മരണ സമ്മേളനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.