ടി.എൻ. പ്രതാപൻ എം.പിക്ക് സമ്മാനമായി ലഭിച്ചത് ഒന്നേകാൽ ലക്ഷം പുസ്തകം
text_fieldsതൃശൂർ: 2019 ജൂൺ 19ന് ലോക്സഭയിലെ സത്യപ്രതിജ്ഞ പൂർത്തിയാക്കി പുറത്തുവന്ന ടി.എൻ. പ്രതാപൻ എം.പി മറ്റൊരു പ്രതിജ്ഞ കൂടിയെടുത്തു. ‘എം.പിയെന്ന നിലയിൽ പങ്കെടുക്കുന്ന ഒരു ചടങ്ങിലും പൂക്കളും ഷാളും മെമന്റോകളും വാങ്ങില്ല. ഒരു പുസ്തകം, അല്ലെങ്കിൽ ഷേയ്ക്ക് ഹാൻഡ് മാത്രം’. തന്റെ നിലപാട് പ്രതാപൻ ഔദ്യോഗിക സാമൂഹിക പേജിൽ അറിയിപ്പായി നൽകി. ദേശീയമാധ്യമങ്ങൾ ഈ കുറിപ്പ് വലിയ വാർത്തയാക്കി. ഡോ. ശശി തരൂർ എം.പി എഴുതി. ‘എം.പിയായ ആദ്യനാളിൽ ഞാൻ ഇത് മനസ്സ് കൊണ്ട് തീരുമാനിച്ചിരുന്നു. നടപ്പിലാക്കാൻ കഴിഞ്ഞില്ല. എന്റെ സഹപ്രവർത്തകന് ഇത് യാഥാർഥ്യമാക്കാൻ കഴിയട്ടെ’. ഇതോടെ ലോകം മുഴുവൻ ഇക്കാര്യമറിഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണത്തിൽ ഒരിക്കൽ പറഞ്ഞു. ‘പൂക്കളും പൂമാലയും സ്വീകരിക്കാതെ പുസ്തകം വാങ്ങുന്ന നല്ല മാതൃക നമുക്കിടയിൽ തുടങ്ങിയിട്ടുണ്ട്. മറ്റുള്ളവർക്കും ഇത് അനുകരിക്കാവുന്നതാണ്’. പേര് പറഞ്ഞില്ലെങ്കിലും എല്ലാവരും തിരിച്ചറിഞ്ഞിരുന്നു ഈ മാതൃക ടി.എൻ. പ്രതാപനാണെന്ന്. ഇന്നേക്ക് നാല് വർഷം പൂർത്തിയാവുകയാണ് പ്രതാപന്റെ പ്രതിജ്ഞക്ക്.
രണ്ട് വർഷം കോവിഡ് അപഹരിച്ച് പൊതുചടങ്ങുകൾ കുറവായിട്ടും തൃശൂരിൽനിന്ന് മാത്രം 26,000 പുസ്തകങ്ങൾ സമ്മാനം ലഭിച്ചു. കെ.പി.എസ്.ടി.യു തൃശൂരിൽ നടത്തിയ സംസ്ഥാന സമ്മേളനത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അധ്യാപകർ പതിനായിരത്തോളം പുസ്തകം സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാനായ പ്രതാപന് സമ്മാനമായി നൽകി. തേക്കിൻകാട് മൈതാനത്ത് പ്രത്യേക പവലിയൻ ഒരുക്കി പുസ്തക കൂമ്പാരമാണ് പ്രതാപന് നൽകിയത്.
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രതാപൻ എഴുതിയ പുസ്തകത്തിന്റെ പ്രകാശനത്തിന് എത്തിയപ്പോഴാണ് ഇന്ത്യൻ അസോസിയേഷൻ ഷാർജ ഭാരവാഹികൾ പ്രതാപന്റെ പുസ്തകപ്രേമം അറിയുന്നത്. അവർ ഒരു ലക്ഷം പുസ്തകം കഴിഞ്ഞ വർഷം സമ്മാനിച്ചു. ഇന്ത്യൻ അസോസിയേഷന് കീഴിലെ വിദ്യാലയങ്ങളിലെ ഇരുപതിനായിരത്തിൽ താഴെ വരുന്ന വിദ്യാർഥികളും അധ്യാപകരും യു.എ.ഇയിലെ വിവിധ സംഘടനകളും സ്ഥാപനങ്ങളും വഴിയാണ് പുസ്തകങ്ങൾ സമാഹരിച്ചത്. ഇന്ന് വായനദിനത്തിൽ ഈ പുസ്തകങ്ങൾ ഉപയോഗിച്ച് ഷാർജ എക്സ്പോ സെന്ററിൽ ഷാർജ ഭരണാധികാരിയുടെ ഛായാചിത്രം തൃശൂർക്കാരനായ പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷ് ഒരുക്കും. അതിൽ മുഖ്യാതിഥി പ്രതാപൻ ആണ്.
ഷാർജയിൽനിന്ന് സമ്മാനമായി ലഭിച്ച പുസ്തകങ്ങൾ അവർ നാട്ടിൽ എത്തിച്ച് തരാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അവ കേരള ഗ്രന്ഥശാല സംഘത്തിൽ അഫിലിയേറ്റ് ചെയ്ത, മികച്ച ഗ്രന്ഥശാലകൾക്ക് സമ്മാനിക്കും. തൃശൂരിൽനിന്ന് ലഭിച്ച പുസ്തകങ്ങൾ വായനശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിയ്യൂർ അതീവസുരക്ഷ ജയിൽ എന്നിവിടങ്ങളിലേക്ക് സമ്മാനിച്ചു. തളിക്കുളം പബ്ലിക് ലൈബ്രറി പ്രസിഡന്റായ എം.പിക്ക് ആയിരക്കണക്കിന് പുസ്തകങ്ങളുടെ സ്വന്തം ശേഖരവുമുണ്ട്.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇനി ഷാളും പൂക്കളും സ്വീകരിക്കില്ലെന്നും പകരം പുസ്തകം മാത്രം സ്വീകരിക്കുകയുള്ളൂവെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ ചുമതലക്കാരിൽ ഒരാളായിരുന്ന പ്രതാപന്റെ ആശയം സിദ്ധരാമയ്യ നേരത്തെ മനസ്സിലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.