ഇന്ന് വായനദിനം: നവതി കഴിഞ്ഞിട്ടും കുട്ടപ്പന് കൂട്ട് പുസ്തകങ്ങൾ
text_fieldsകരുവാരകുണ്ട്: ഇത് കക്കറയിലെ ശിവലിക്കൽ കുട്ടപ്പൻ. വയസ്സ് 96. വിദ്യാഭ്യാസം മൂന്നാം ക്ലാസ്. പട്ടിണിയുടെ ബാല്യത്തിൽ കുട്ടപ്പന് അന്നം പുസ്തകമായിരുന്നു. ദാരിദ്ര്യത്തിന്റെ കൗമാരത്തിൽ ഐശ്വര്യവും അക്ഷരങ്ങളായിരുന്നു. കണ്ണടപോലും വേണ്ടാത്ത വയോവാർധക്യത്തിലും കുട്ടപ്പന് കൂട്ട് പുസ്തകങ്ങൾതന്നെ. മൂവാറ്റുപുഴ ഊരമന സ്കൂളിലായിരുന്നു കുട്ടപ്പന്റെ പഠനം.പ്രാരബ്ധം കാരണമാണ് മൂന്നാം ക്ലാസിൽ പഠനം നിർത്തിയത്.
വീടിനടുത്ത് വായനശാലയുണ്ടായിരുന്നു. അധ്യാപകനായ പാച്ചുപിള്ളയുടെ പ്രേരണയിൽ അവിടെ പോയി വായിക്കാൻ തുടങ്ങി. അങ്ങനെയാണ് പട്ടിണിയിലും വായന ശീലമായത്. അന്ന് വായിച്ച വള്ളത്തോൾ, ചന്തുമേനോൻ, ചങ്ങമ്പുഴ എന്നിവരുടെ കൃതികൾ ഇപ്പോഴും കുട്ടപ്പന്റെ ഓർമയിലുണ്ട്. കരുവാരകുണ്ടിലെത്തിയപ്പോൾ കക്കറയിലെ വിദ്യ വായനശാലയാണ് തട്ടകമാക്കിയത്. പകൽ ജോലി കാരണം വായന രാത്രിയിലായിരുന്നു. കഥയും കവിതയും നോവലുമൊക്കെ വഴങ്ങും. സി.വി. ബാലകൃഷ്ണന്റെ 'പുരുഷാരം', എസ്.കെ. പൊറ്റേക്കാട്ടിന്റെ 'എന്റെ വഴിയമ്പലങ്ങൾ' എന്നിവയാണ് ഇപ്പോൾ വായനയിലുള്ളത്.ചന്തുമേനോന്റെ 'ശാരദ', വള്ളത്തോളിന്റെ 'അച്ഛനും മകളും' തുടങ്ങിയ ആദ്യകാല കൃതികളെ വെല്ലാൻ പുതു രചനകൾക്കാവില്ലെന്നാണ് വായനയുടെ നവതിയിലെത്താറായ കുട്ടപ്പന്റെ നിരീക്ഷണം. കുണ്ടോട എസ്റ്റേറ്റ് സമരകാലത്ത് സമരക്കാർക്ക് വിളിക്കാൻ മുദ്രാവാക്യങ്ങൾ എഴുതി നൽകിയതാണ് കുട്ടപ്പന്റെ ഏക സൃഷ്ടി.
മൂവാറ്റുപുഴ സ്വദേശിയായ കുട്ടപ്പൻ കൈത്തറി നെയ്ത്ത് തൊഴിലാളിയായിരുന്നു. നാട്ടിൽ ജോലിയില്ലാതായപ്പോൾ 70 വർഷം മുമ്പാണ് കരുവാരകുണ്ടിലെത്തിയത്. കുണ്ടോട എസ്റ്റേറ്റിലായിരുന്നു ജോലി. താമസം കക്കറയിലും. ഭാര്യ ജാനകി വർഷങ്ങൾക്ക് മുമ്പ് മരിച്ചു. നാല് മക്കളുണ്ട്. മകൾ കുമാരിയോടൊപ്പമാണ് ഇപ്പോൾ താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.