Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2023 6:50 AM GMT Updated On
date_range 9 Nov 2023 6:51 AM GMTരാജീവ് മാമ്പുള്ളിയുടെ രണ്ട് കവിതകൾ...
text_fieldsbookmark_border
രാജീവ് മാമ്പുള്ളിയുടെ രണ്ട് കവിതകൾ...
നിറവ്
കനിവൊട്ടുമില്ലാതെ വിണ്ട
ആലഭാരമില്ലാതൊരു കവിത അപ്പൂപ്പൻ താടിയായി പാറി നടക്കുന്നു
പിടിതരാതെ പകലോടി കറുക്കുന്നു.
നല്ല വിത നാളെയാവാമെന്ന തോന്നലിൽ തണുത്തരാവു കണ്ണിൽ നിറയുന്നു.
ഇരുട്ടിൻ തിറയാട്ടം കഴിഞ്ഞെത്തുമീ
പുലരിയിൽ പുതുവിത്തുകൾ
മണ്ണലിയാൻ മകുടിയൂതുന്നു.
ഹൃദയത്തിൽ മോഹമോക്ഷം കാത്തൊരാൽ
കിളിർത്തു നിൽക്കുന്നു.
കാറ്റുറങ്ങിയ മലയുച്ചിയിൽ മോഹമാവിയായി കാറല തീർക്കുന്നു. കാടുരുകിയ വിയർപ്പിൻ മദജലഗന്ധം പരന്ന് നട്ടുച്ച ഭ്രാന്തമാകുന്നു.
ഇടതടവില്ലാതെ വരും തടസ്സങ്ങളെല്ലാം കുത്തിമറിക്കുന്നു.
മണമറിഞ്ഞെത്തുമാ കുഞ്ഞീച്ചകൾ മുരച്ചരാഗം പാടി കുറുമ്പുകാട്ടുന്നു. ചുവന്ന സ്വപ്നങ്ങളിൽ മോഹക്കൊളുത്തു വീഴുന്നു.
ചങ്ങലയിട്ട സ്വപ്നങ്ങളയവിറക്കി പനംമ്പട്ട തിന്നുന്നു. നിഴൽക്കാടു കരിച്ച വരികൾ നെടുവീർപ്പിടുന്നു.
വഴിയറിയാതെ കാടേറിയ കവിത കാട്ടുള്ളമറിയുന്നു.
തകിൽ തുടിയിൽ ഇടനെഞ്ചിൻ താളമുയരുന്നു.
ചുവടൊപ്പിച്ചാനന്ദലയത്തിലായിരമൊച്ചകളൊന്നാകുന്നു.
ഭൂമി സ്പന്ദനമറിഞ്ഞ മനസ്സുകളിൽ കണക്കറിയാ കണക്കിൽ തന്നെ ഉണരുന്നു.
കാലമറിയുന്നു.
അടങ്ങാത്തൊരരുവിയാഴിയിലൊടുങ്ങുന്നു
അലയൊടുങ്ങിയ നടുക്കടലിലെ ശാന്തതയിൽ
മനസ്സ് സ്വാസ്ഥ്യനിറവറിയുന്നു.
നമ്മളൊന്നൊന്ന നിറവ് ഒന്നിൽനിന്ന് പലരിലേക്ക് പലതിലേക്കാളിപ്പടരുന്നു.
ഒഴുക്കിനൊടുക്കമില്ലാ വാഴ് വ്
ആനന്ദത്തിലുണർന്ന് പുലരുന്നു.ഒച്ചയിലിണയിമ്പം ചേർത്തു
ഒച്ച തുടർച്ചകൾ...
തുമ്പമലിഞ്ഞു പാടിയോരുഭയജീവി
ശബ്ദവിന്യാസത്തോട് മല്ലിട്ട്
സുല്ലിടാതെ സ്വരസാധകം ചെയ്ത്
വട്ടക്കിണർജീവിതപൊയ്മറതാണ്ടി
തലവിരിഞ്ഞോരാകാശം കണ്ടന്തിച്ചു നിൽപ്പുണ്ട് -
പടരുമിമ്പമാം ഒച്ചത്തോർച്ചയിൽ വീണ്ടും നനഞ്ഞുണരാൻ. ഇമ്പം മുറിച്ച ഇടർച്ചാ സ്വരങ്ങൾ
വാക്കീണത്തിലിണഞ്ഞുപിണഞ്ഞ്
ഉൾത്തൊണ്ടയിലൊളിച്ചിരുപ്പുണ്ട് -
ഇമ്പകാമ്പാർന്ന വാക്കിനെ
ചൊറിച്ചുമല്ലി ഉൾത്തരിപ്പുണർത്താൻ. ഇളവെയിലൊച്ചയിൽ ഒരൊച്ചരിച്ചരിച്ചു നീങ്ങുന്നു.
ഒച്ചയിടാത്ത മൗനം വാക്കുലയിൽ വെന്തു നീറുന്നു. ഉച്ചവെയിലിൽ നിഴലൊളിപ്പിച്ചോരൊച്ച സ്വരസ്ഥാനത്തണൽ മാറ്റി ഉരുകി ഉച്ചസ്ഥായിയിൽ പാടുന്നു. ചോരചൂടേറ്റിയ വാക്കിടർച്ചയിൽ
ഓർമ്മയൊച്ച പെയ്ത്തുകളൊക്കെ
അഴിഞ്ഞോരുകാലം. അറിയാതെ നിറഞ്ഞുതഴുകുന്ന
കാറ്റൊച്ചയുയിരലിഞ്ഞൊരു
പാട്ടലയിൽ ഒളിക്കുന്നു. നിറവാർന്നോരരുവി തലതല്ലി
ചിരിച്ചാർത്തുമയങ്ങിയയൊഴുക്കിൽ വിണ്ണൊച്ചയൊളിപ്പിക്കുന്നു. ഉൾത്തുടിപ്പാൽ
തലതെറിച്ചുണർന്ന വിത്ത്
മാറിൽ മണ്ണൊച്ചയൊളിപ്പിക്കുന്നു. സ്നേഹപകർച്ച മുറിഞ്ഞോരൊച്ചയൊളിപ്പിച്ച രാവിൻ കടൽക്കരയിൽ പൂന്തിയകാൽപ്പാടുകൾ പിൻതിരയിലലിഞ്ഞുമായുന്നു. ഒച്ച മയങ്ങിയ മച്ചിലെ
പഴകിയ മണം അരിച്ചിറങ്ങി
മൂക്കുപിടഞ്ഞു തുമ്മിയയൊച്ച
ഒറ്റമുറി വീടിനുണർച്ചയായി
തുടരൊച്ചയായി പടരുന്നു...!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story