രായിരനല്ലൂരിലെ ഭ്രാന്തൻ, കനലാഴങ്ങൾ- രണ്ട് കവിതകൾ
text_fieldsസൂര്യഗായത്രിയുടെ രണ്ട് കവിതകൾ...
1. രായിരനല്ലൂരിലെ ഭ്രാന്തൻ
ശിലയുരുട്ടിയുരുകി മലയുച്ചി താണ്ടുന്ന
പന്തീരാണ്ടു കാലവും പതിവിതു ചെയ്യും
പന്തിരുകുലത്തിലെ ഭ്രാന്തൻ
ജീവിതക്കല്ലിനെ നാഴികമണിയറിയാതുരുട്ടി
മുകളിലെപ്പടിയിലെത്തിച്ചു
താഴേക്കെറിഞ്ഞുച്ചത്തിൽ ചിരിക്കുന്ന പാന്ഥൻ
മുലകുലുക്കി മുടിയഴിച്ചു തുള്ളി
കരിമദം പൊട്ടിയരമണിക്കിലുക്കിയുറഞ്ഞാടും
ചുടലക്കാളിയുടെ മദമൊടുക്കിയിത്തിരി മന്തെടുത്ത് ചുടലയിൽ ചുട്ട ഭ്രാന്തൻ
കരിങ്കാടെരിച്ചു തുള്ളി
കരിയുടെ വമ്പെടുത്ത്
കരിത്തോലുടുത്ത്
കാളമേഘപ്പുറത്തേറിയുലകു ചുറ്റും
ശിവപ്പെരുമാളിൻ പൊരുളറിഞ്ഞുണർന്നവൻ
നാറാണത്ത് ഭ്രാന്തൻ.
2. കനലാഴങ്ങൾ
ഓർമ്മകളുടെ പടിപ്പുര തകർത്തു കളയുവാനാണ്
ഞാൻ നിമിഷങ്ങൾക്കു തീയിട്ടത്.
അനന്ത പ്രയാണത്തിന്റെ വെടിമരുന്നു നിറച്ചപടിപ്പുര
ചാരം പുരണ്ട കനലിനെയൊളിപ്പിച്ചെന്റെ നേർക്കു പുഞ്ചിരിച്ചു.
ഞാനൊരു
തീവിഴുങ്ങി പക്ഷിയായി ചിറകുയർത്തി.
ആകാശം നിവർത്തിയ
മറക്കുടയ്ക്കു മുകളിൽ
പറക്കുവാൻ കഴിയാതെ ഞാൻ ....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.