ഓർമകളിൽ 'ആകാശവാണിക്കാലം'
text_fieldsമഹാരഥന്മാരായ സാഹിത്യകാരന്മാർ തിങ്ങിനിറഞ്ഞിരുന്ന ആകാശവാണി നിലയത്തിലേക്ക് യു.എ. ഖാദർ എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. സംസ്ഥാന ആരോഗ്യവകുപ്പിനു കീഴിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ഉദ്യോഗസ്ഥനായിരിക്കെ കുടുംബാസൂത്രണ പ്രചാരണത്തിനായി ഡെപ്യൂട്ടേഷനിലാണ് ആകാശവാണിയിെലത്തിയത്. എക്സ്റ്റൻഷൻ ഓഫിസർ തസ്തികയിൽ 1968 മുതൽ അഞ്ചു വർഷത്തോളം ആകാശവാണിയിൽ. അന്ന് സാഹിത്യപ്രതിഭകളുടെ അരങ്ങായിരുന്നു േകാഴിക്കോട് ആകാശവാണി.
ഉറൂബും തിക്കോടിയനും കെ. രാഘവൻ മാഷും അക്കിത്തം അച്യുതൻ നമ്പൂതിരിയും കെ.എ. കൊടുങ്ങല്ലൂരും എൻ.എൻ. കക്കാടും വിനയനും ആകാശവാണിയിലുണ്ടായിരുന്നു. തൃക്കോട്ടൂർപെരുമയിലെ ചില കഥകൾ ഇക്കാലത്താണ് വിവിധ വാരികകളിൽ പ്രസിദ്ധീകരിച്ചത്. ഒരു കഥ ആദ്യം ആകാശവാണിയിലും അവതരിപ്പിച്ചു. തെളിമയുള്ള സൗഹൃദമായിരുന്നു യു.എ. ഖാദർ കാത്തുപോന്നതെന്ന് 1969ൽ ആകാശവാണിയിലെത്തിയ കവി പി.പി. ശ്രീധരനുണ്ണി ഓർക്കുന്നു. ഫീൽഡ് റിപ്പോർട്ടർ എന്ന നിലയിൽ മലപ്പുറത്തും വയനാട്ടിലുമെല്ലാം ഖാദറിനൊപ്പം ശ്രീധരനുണ്ണിയും സഞ്ചരിച്ചിരുന്നു. ചെറുകഥാകൃത്തായ വിനയനും യു.എ. ഖാദറും ഒരേ വിഭാഗത്തിലാണ് ജോലിയിലുണ്ടായിരുന്നത്. ഗ്രാമങ്ങളിലെ കഥകളും വികാരവിചാരങ്ങളും ഖാദർ സഹപ്രവർത്തകരുമായി പങ്കുെവക്കുമായിരുന്നു. ആകാശവാണിയിലെത്തി രണ്ടാം ദിവസംതന്നെ ഉറൂബ് അദ്ദേഹത്തിെൻറ കഥകളെക്കുറിച്ചുള്ള കുറിപ്പ് ഖാദറിനെ അടുത്തിരുത്തി വായിച്ചുകേൾപ്പിച്ചിരുന്നു. കോഴിക്കോട്ട് വാടകവീട് സംഘടിപ്പിച്ചുെകാടുത്തത് നാട്ടുകാരൻ കൂടിയായ തിക്കോടിയനാണ്.
ആകാശവാണിയിലെ സഹപ്രവർത്തകർ എക്കാലത്തും തെൻറയുള്ളിലെ തിളക്കം വിടാത്ത വിഗ്രഹങ്ങളാണെന്ന് ഖാദർ പറയുമായിരുന്നു. 'എഴുത്തിെൻറ ഭസ്മം ചേർത്ത് ഓരോ ദിവസവും ആ വിഗ്രഹങ്ങൾക്ക് തിളക്കം കൂട്ടാറുണ്ട്. കാരണം ജീവിതയാത്രയിൽ ഓർമകളുടെ കാന്തി എനിക്കാവശ്യമാണ്' -ആകാശവാണിയിലെ അനുഭവം വിവരിക്കുന്ന 'ആകാശവാണിക്കാലം' എന്ന പുസ്തകത്തിെൻറ പ്രകാശന ചടങ്ങിൽ യു.എ. ഖാദർ പഴയകാലം ഓർത്തെടുത്തിരുന്നു.
തെൻറ 'ഗുരു ഉവാച' എന്ന പുസ്തകത്തിന് അവതാരികയെഴുതാൻ ഖാദർ സമ്മതിച്ചിരുന്നതായി ശ്രീധരനുണ്ണി പറഞ്ഞു. എന്നാൽ, ഓർമകളും എഴുത്തും വരുന്നില്ലെന്നും തനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്നും പിന്നീട് അറിയിക്കുകയായിരുന്നു. ആകാശവാണിക്കാലത്തിനു ശേഷം തൊട്ടടുത്ത ബീച്ച് ആശുപത്രിയിൽ ലേ സെക്രട്ടറിയായി പ്രവർത്തിച്ചപ്പോഴും ആകാശവാണിയുമായി ബന്ധം തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.