സാഹിത്യകാരൻ യു.എ. ഖാദർ അന്തരിച്ചു
text_fieldsകോഴിക്കോട്: പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ യു.എ. ഖാദർ അന്തരിച്ചു. 85 വയസ്സായിരുന്നു. വൈകീട്ട് 5.50ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു.
മലയാളത്തിനു പുറത്തെ മണ്ണിൽ പിറന്നുവീണിട്ടും മലയാളിത്തനിമയിൽ വായനക്കാരുടെ ഉള്ളം നിറച്ച കഥാകാരനായിരുന്നു ഉസ്സങ്ങാൻറകത്ത് അബ്ദുൽ ഖാദർ എന്ന യു.എ. ഖാദർ. ബർമയിൽ വഴിയോര കച്ചവടത്തിനു പോയ കൊയിലാണ്ടി ഉസ്സങ്ങാൻറകത്ത് മൊയ്തീൻ കുട്ടി ഹാജിയുടെയും ബുദ്ധമതവിശ്വാസിയായ മാമൈദിയുടെയും മകനായി 1935 ജൂലൈ ഒന്നിന് റങ്കൂണിലെ ബില്ലിൻ ഗ്രാമത്തിലായിരുന്നു യു.എ ഖാദർ ജനിച്ചത്. മൂന്നാം നാൾ വസൂരി ബാധിച്ചു മാതാവ് മരണപ്പെട്ടു. രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ട വേളയിൽ ബർമ വിട്ട് ഏഴാം വയസ്സിൽ കേരളത്തിലേക്ക് പിതാവിനൊപ്പം വന്ന ഖാദറിന് മലയാളമറിയില്ലായിരുന്നു. 1953 ൽ കൊയിലാണ്ടി ഗവ. ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസായി. ചിത്രകലയോടായിരുന്നു ആദ്യം താൽപര്യം. തുടർന്ന് മദ്രാസ് കോളജ് ഓഫ് ആർട്ട്സിൽ ചിത്രകല പഠിച്ചു. മദിരാശിക്കാലത്ത് കേരള സമാജം സാഹിതീ സഖ്യവുമായി പുലർത്തിയ അടുപ്പം എഴുത്തിന് പ്രോത്സാഹനമായി.
1956ൽ നിലമ്പൂരിലെ മരക്കമ്പനിയിൽ ഗുമസ്തനായി. 1957ൽ ദേശാഭിമാനി ദിനപത്രത്തിെൻറ 'പ്രപഞ്ചം' വാരികയിൽ സഹപത്രാധിപരായി. ആകാശവാണി കോഴിക്കോട് നിലയത്തിലും പ്രവർത്തിച്ചു. പിന്നീട് സംസ്ഥാന ആരോഗ്യവകുപ്പിൽ ജീവനക്കാരനായി. കോഴിക്കോട് മെഡിക്കൽ കോളജ് ഐ.എം.സി.എച്ചിലും ഗവ. ജനറൽ ആശുപത്രിയിലും ജോലി ചെയ്തു. 1990ൽ സർക്കാർ സർവിസിൽ നിന്നും വിരമിച്ചു.
നോവലുകളും കഥാസമാഹാരങ്ങളും ലേഖനങ്ങളുമായി അമ്പതിലേറെ കൃതികൾ രചിച്ചു. തൃക്കോട്ടൂര്‍ പെരുമ, അഘോരശിവം, തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണമണിയിലെ തീനാളം, വള്ളൂരമ്മ, കലശം, ചങ്ങല, മാണിക്യം വിഴുങ്ങിയ കാണാരന്‍, ഭഗവതി ചൂട്ട് തുടങ്ങിയവ പ്രധാന കൃതികൾ.
കേരള സാഹിത്യ അക്കാദമി ചെയർമാൻ, പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന പ്രസിഡൻറ്, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാല് തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അംഗമായിരുന്നു. മംഗളം ദിനപത്രത്തിെൻറ മലബാർ എഡിഷനിൽ റസിഡൻറ് എഡിറ്ററുമായിരുന്നു.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (2009), കേരള സാഹിത്യ അക്കാദമി അവാർഡ് (1984, 2002), എസ്.കെ. പൊറ്റെക്കാട് അവാർഡ് (1993), മലയാറ്റൂര്‍ അവാര്‍ഡ്, സി.എച്ച്. മുഹമ്മദ് കോയ സാഹിത്യ അവാര്‍ഡ്, അബൂദബി ശക്തി അവാര്‍ഡ്, മാതൃഭൂമി സാഹിത്യ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് അർഹനായി.
മൃതദേഹം കോഴിക്കോട് പൊക്കുന്നിലെ 'അക്ഷര'ത്തിലേക്ക് മാറ്റി. ഭാര്യ: ഫാത്തിമ. മക്കൾ: ഫിറോസ് (യു.എ കലക്ഷൻസ്), കബീർ (തൃക്കോട്ടൂർ ടെക്സ്റ്റയിൽസ്), അദീപ് (ഹൈലൈറ്റ് സെ്പയർ), സറീന, സുലൈഖ. മരുമക്കൾ: കെ. അബ്ദുൽസലാം (ബേബി കെയർ), സഗീർ അബ്ദുല്ല (ദുബൈ), സുബൈദ, ഷരീഫ, റാഹില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.