ഉളുമ്പ് മണം
text_fieldsആകാശം ഇരുണ്ട് കൂടി... ഇങ്ങനെ കറുത്തിരുണ്ട് ആനക്കൂട്ടങ്ങളെ പോലെ രൂപം മാറുന്നത് മാത്രേള്ളു പെയ്യലില്ല.
പുറത്തേക്കിറങ്ങി നിന്ന് ആകാശം നോക്കിയപ്പോ ഭാര്യ അകത്ത് നിന്നും വിളിച്ചു ചോദിച്ചു
'അല്ല ഇതിപ്പോ എവിടെക്കാ യാത്ര.. '
ചോദ്യത്തിന് ഇടയിൽ അവളുടെ കയ്യിൽ നിന്നുമൊരു മത്തി താഴേക്ക് തെന്നി.
വഴുവഴുത്ത മത്തിയുടെ മൃതശരീരം പെറുക്കി എടുക്കുന്നതിനിടയിൽ അവൾ വീണ്ടും ചോദിച്ചു..
'എവിടെക്കാ.. '
പറയാൻ സൗകര്യമില്ലെന്ന് അയാൾ മനസ്സിൽ കരുതി. അല്ലെങ്കിലും ഭാര്യയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ മനസ്സ് വരാത്ത നീണ്ട പതിനാല് ദിവസങ്ങൾ പിന്നിടുന്നു. വേച്ചു വേച്ചു വേഗത്തിൽ നടന്നു. വേഗം എന്ന് പറയുമ്പോൾ ഒച്ചിന്‍റെ വേഗത്തിൽ. പണ്ടൊക്കെ അയാൾക്ക് നടത്തത്തിൽ മറ്റാരേക്കാളും വേഗതയുണ്ടായിരുന്നു. ഇന്ന് അവസ്ഥയിൽ മാറ്റം വന്നിരിക്കുന്നു. നടക്കുമ്പോൾ കാലുകൾക്ക് ഒരു അനുസരണക്കേട്. ഭാര്യയുടെ കയ്യിൽ നിന്നും തെന്നി വീഴുന്ന മത്തി പോലെയായിരിക്കുന്നു അയാളുടെ കാലുകൾ.
പതിനാല് ദിവസങ്ങൾക്ക് മുൻപ്, നിവർത്തിയിട്ട അരിച്ചാക്കിന്‍റെ മുകളിൽ പൊട്ടി പഴകിയ തേങ്ങാചിരകയിട്ട് അതിനുമുകളിലിരുന്നുകൊണ്ട് ഭാര്യ മത്തി വെടിപ്പാക്കുകയാണ്. അയൽക്കാരനും അതിലുമുപരി ആജന്മശത്രുവുമായ സെബാസ്റ്റ്യന്‍റെ തടിച്ചു കൊഴുത്ത പൂച്ച 'എം.ജി. സോമൻ' മോങ്ങിയും മൂളിയും അമ്മിക്കല്ലിന് ഓരം ഇരിക്കുന്നു. കൗങ്ങിന്‍റെ തടിയിൽ നീളത്തിൽ കെട്ടിയിട്ടുള്ള അയയിൽ തൂക്കിയിട്ടിരിക്കുന്ന കണ്ണാടിയിൽ നരച്ച മീശയുടെ സുദീർഘമായ ജനന ചരിത്രവും ഓർത്തുകൊണ്ട് അയാൾ നിൽക്കുമ്പോഴാണ് അത് സംഭവിച്ചത്. ഭാര്യയുടെ കയ്യിൽ നിന്നും തെന്നി വീണൊരു മത്തി അമ്മിക്കല്ലിന്‍റെ മുൻപുറത്ത് നീണ്ട് നിവർന്നു കിടന്നു. സമയത്തിൽ നിന്നും അൽപ്പം പോലും പാഴാക്കാനില്ലാത്തവന്‍റെ ദ്രുതഗതിയിൽ എം.ജി സോമൻ മത്തിയുടെ മേത്തേക്ക് ചാടി വീണു.
ഭാര്യയും അതിവിദഗ്ധയായ പോരാളിയുടെ മെയ്‌വഴക്കത്തോടെ മത്തി ലക്ഷ്യമാക്കി ചാടി. ഇരുന്നിടത്ത് നിന്നും അവൾ ചാടുമ്പോൾ കണ്ണാടിയിൽ അയാളുടെ മുഖം കോച്ചിപിടിച്ച് വികൃതമായി കാണപ്പെട്ടു. മത്തിക്ക് മുകളിൽ എം.ജി സോമനും, എം.ജി സോമന് മുകളിൽ ഭാര്യയും എന്ന ക്രമത്തിൽ ദൈവത്തിന്‍റെ മൂന്ന് വിഭാഗം സൃഷ്ടിപ്പുകൾ കമിഴ്ന്ന് കിടന്നു.
മുൻപേ മരണപ്പെട്ടു പോയ മത്തിയേ കുറിച്ച് അയാൾക്ക് ആശങ്ക തോന്നിയില്ല. ഇങ്ങനെയൊരു വീഴ്ചകൊണ്ട് ഭാര്യ മരിക്കാനുള്ള സാധ്യതയിൽ അയാൾക്ക് വിശ്വാസവുമില്ല. പക്ഷേ എം.ജി സോമൻ, സോമന്‍റെ കാര്യത്തിൽ അയാൾക്കുള്ളിൽ ഭയം തോന്നി.
തൽക്കാലം സമൃദ്ധമായ മീശയുടെ ജന്മസ്മരണകളിൽ നിന്നും വിരമിക്കാൻ തീരുമാനിച്ച അയാൾ ഭാര്യയെ അവളുടെ വലതു കൈകളിൽ പിടിച്ചുയർത്താൻ ശ്രമിച്ചു. ഉയർന്നൊന്ന് നിവരാൻ തയാറെടുപ്പ് തുടങ്ങിയതിന് ശേഷം ഭാര്യ വീണ്ടും എം.ജി സോമന് മുകളിലേക്ക് കമഴ്ന്നു വീണു.
എം.ജി സോമൻ അന്ത്യശ്വാസം വലിച്ചു.
നടത്തത്തിന് ഇടയിൽ മഴ ചെറുതായൊന്ന് ചാറി. കവലയിൽ നിന്നും ഇടത്തേക്ക് വളവില്ലാതെ പോകുന്ന റോഡ് അവസാനിക്കുന്നിടത്ത് ആരംഭിക്കുന്ന ഇടവഴിയിൽ നിന്നും വലത്തോട്ട് തിരിഞ്ഞാൽ കാണുന്ന നാലാമത്തെ വീടാണ് ലക്ഷ്യം. അയാൾ പോക്കറ്റിൽ നിന്നും ഫോൺ കയ്യിലെടുത്തു. കഴിഞ്ഞ ഒരാഴ്ചയായി ഏറ്റവുമധികം വിളിക്കുന്ന നമ്പറിലേക്ക് വീണ്ടും വിളിച്ചു.
ഏതോ തമിഴ് ഗാനത്തിന്‍റെ രണ്ടാമത്തെ വരി മുറിച്ചു കൊണ്ട് മറുതലക്കൽ നിന്നും സംസാരിച്ചു തുടങ്ങി..
ഹെലോ
'പറഞ്ഞ തുകയിൽ നിന്നും സ്വല്പം കുറക്കാൻ പറ്റോ.. '
മനസ്സിൽ ഉറപ്പിച്ച് വച്ചിരുന്ന ചോദ്യം കൊണ്ട് അയാൾ തുടങ്ങി.
'നടക്കില്ല, കുറക്കാവുന്നതിന്‍റെ ഇരട്ടിയും കുറച്ച് കഴിഞ്ഞു. ഇനി ഒരു രൂപ പോലും കുറക്കാൻ പറ്റില്ല. നിങ്ങൾക്ക് സാധനം വേണമെങ്കിൽ രണ്ടായിരത്തിഅഞ്ഞൂറും തികച്ചു കൊടുത്തിട്ട് പോയി കൊണ്ട് വന്നോളു.. '
മറു ചോദ്യത്തിനോ ഉത്തരത്തിനോ ക്ഷമയില്ലാതെ കോൾ മുറിഞ്ഞു.
ഫോൺ തിരികെ പോക്കറ്റിലേക്ക് തിരുകുമ്പോൾ, കൃത്യം പോലെ തികഞ്ഞിരുന്ന രണ്ടായിരത്തിയഞ്ഞൂറ് രൂപയുടെ നോട്ടുകൾ അയാളെ ഉറ്റ് നോക്കി.
ഒരു കേറ്റവും ഇറക്കവും കഴിഞ്ഞാൽ രണ്ടായിരത്തിയഞ്ഞൂറ് മറ്റാർക്കോ സ്വന്തമായി എന്നത് അയാൾ ദീർഘനിശ്വാസത്തോടെ ഓർത്തു. ഭാര്യയുടെ ഭാഷയിൽ അവൾക്ക് കുറെ ദിവസങ്ങൾക്ക് മത്തി വാങ്ങിക്കാനുള്ള വകയുണ്ടതിൽ. എന്നാൽ അയാളുടെ ഭാഷയിൽ വടക്കേതിലെ നാരായണന് പലിശ സഹിതം തിരിച്ചു കൊടുക്കാനുള്ള മുതലാണത്.
ഇറക്കം ഇറങ്ങിയപ്പോൾ, അനുസരണകേടുള്ള കാലുകൾ അനുസരണയോടെ നീലപെയിന്‍റിൽ മനോഹരമാക്കപ്പെട്ട മതിലിന് മുൻവശം ചെന്ന് നിന്നു.
അടച്ചിട്ട ഗേറ്റ് തുറന്ന് അകത്തേക്ക് കടക്കുന്നതിനെ കുറിച്ചുള്ള ചിന്തയിൽ മുഴുകികൊണ്ട് അയാൾ നിൽക്കുമ്പോഴാണ് സാമാന്യം നല്ല തടി തോന്നിക്കുന്ന സാരി ധരിച്ച യുവതി വീടിന് ഉമ്മറത്തേക്ക് വന്നത്. അവർക്ക് അയാളുടെ ഭാര്യയേക്കാൾ തടിയുണ്ടായിരുന്നു.
'എന്താണ്..'
ഉയർന്ന ശബ്ദത്തിൽ ആ സ്ത്രീ വിളിച്ചു ചോദിച്ചു.
'ബഷീർ പറഞ്ഞിട്ട് വന്നതാണ്.. '
അയാൾ തിരിച്ചും ഉറക്കെ തന്നെ മറുപടി പറഞ്ഞു
'ഏത് ബഷീർ'
അവർ വീണ്ടും ചോദിച്ചു
'കെ.കെ. ബഷീർ, തോട്ടത്തിൽ ഹൌസ്, ഇരിഞ്ഞാട്ട് പറമ്പ്... '
ബാക്കി അഡ്രസ്സിൽ ജ്ഞാനമില്ലാത്തതിൽ അയാൾക്ക് ജാള്യത തോന്നി. ഫോൺ നമ്പർ കൂടി പറയാത്തതിൽ നിരാശയും.
കയറി വരൂ, എന്ന് കൈകൾ കൊണ്ടും നാവുകൊണ്ടും അറിയിപ്പ് തന്നതിന് ശേഷം അവർ തിരികെ വീടിനകം കയറി പോയി.
ഗേറ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചപ്പോൾ വീടിന് വലതു ഭാഗത്തായി ഒരുക്കിയിരുന്ന വിശാലമായ കൂടുകളിൽ മെലിഞ്ഞതും ദീർഘിച്ചതും തടിച്ചതുമായ പല വിഭാഗം പൂച്ചകൾ വിശ്രമാവസ്ഥയിലായിരുന്നു.
എം.ജി സോമന്റെ മുഖച്ഛായയുള്ള ഒന്നാണ് അയാൾക്ക് ആവശ്യം. കൂടിനകത്തുള്ളവയ്ക്കൊന്നും അത്രക്കും പൗരുഷം തോന്നിക്കുന്നില്ല.
എം.ജി സോമൻ സുന്ദരനാണ്. സെബാസ്റ്റ്യന്‍റെ അകന്ന ബന്ധത്തിലാരോ അയാൾക്ക് സമ്മാനിച്ച പൂച്ചയാണത്. ഒരു സിനിമ ഭ്രാന്തനായ സെബാസ്റ്റ്യൻ പൂച്ചക്ക് എം.ജി സോമൻ എന്ന് പേരിട്ടു. പേരിട്ട കാലത്ത് അയാളും ഭാര്യയും അതും പറഞ്ഞു ഒരുപാട് ചിരിച്ചതാണ്. സെബാസ്റ്റ്യനും അയാൾക്കുമിടയിൽ കാലങ്ങളായി നിലനിന്നു പോകുന്ന ശത്രുത ഉള്ളിൽ സൂക്ഷിക്കാത്ത ഏകജീവിയും എം.ജി സോമൻ തന്നെയായിരുന്നു. സെബാസ്റ്റ്യന്റേയും സെബാസ്റ്റ്യന്റെ നീണ്ട് മെലിഞ്ഞ ഭാര്യയുടെയും കണ്ണ് വെട്ടിച്ച് പലപ്പോഴും എം.ജി സോമൻ അയാളുടെ വീടിന് പര്യമ്പറം ചുറ്റി നടക്കും. അതിന് പിന്നിൽ എം.ജി സോമന്റെ മത്തി പ്രണയമാണ്. മീൻ വിരോധിയായ സെബാസ്റ്റ്യൻ എം.ജി സോമനെ ഒരു മീൻ വിരോധിയായി തന്നെ വളരാൻ നിർബന്ധിച്ചിരുന്നത് കൊണ്ട് മത്തിയോടുള്ള പ്രണയം തീർക്കാൻ എം.ജി സോമന് അയാളുടെ വീട് ആശ്രയിക്കേണ്ടി വന്നു. എന്നാൽ അയാളുടെ ഭാര്യക്ക് മത്തിയോടുള്ളത് നിർവചിക്കാൻ സാധിക്കാത്ത ഭ്രാന്താണ്. അവൾ പലപ്പോഴും അതീവ ദേഷ്യത്തോടെ പറയും
'എം.ജി സോമനെ ഞാൻ വെടിവെച്ചു കൊല്ലും..... '
വെടിവെച്ചു കൊല്ലാൻ അവളുടെ കയ്യിൽ തോക്കില്ല. അഥവാ തോക്ക് ഉണ്ടായിരുന്നുവെങ്കിൽ തന്നെ അവൾക്ക് അതിനുള്ള ധൈര്യവുമില്ല.
എം.ജി സോമന്‍റെ മൃതശരീരം അയാൾ തിരിച്ചും മറിച്ചും നോക്കി. മത്തിയോട് തീർക്കാൻ കരുതി വച്ചിരുന്ന ആർത്തിയുടെ ഉച്ഛസ്ഥായിയിൽ വായ തുറന്നു കിടന്നു.
വെടിപ്പാക്കി കഴിഞ്ഞ മത്തിയിൽ കല്ലുപ്പിന്റെ പ്രയോഗവും കഴിഞ്ഞ് ഭാര്യയും എം.ജി സോമന് അരികിൽ വന്നിരുന്നു.
'ഇനിയെന്ത് ചെയ്യും..'
അവൾ ചോദിച്ചു
രൂക്ഷഭാവത്തോടെ അയാൾ ഭാര്യയെ നോക്കി.
'ഇനിയെന്ത് ചെയ്യും.. '
അവൾ വീണ്ടും ആവർത്തിച്ചു..
'പുഴുങ്ങി തിന്നാം'
കടുപ്പിച്ച ശബ്ദത്തിൽ അയാൾ മറുപടി പറഞ്ഞു.
'കൊന്നിട്ട് പിന്നെ അത് പുഴുങ്ങി തിന്നേം ചെയ്യേ... എന്നെകൊണ്ട് കഴിയില്ല ഈ പാപം ചെയ്യാൻ.. '
കണ്ണിന് മുന്നിലൂടെ പറന്നു കളിക്കുന്ന കോണീച്ചകളെ കൈകൾ കൊണ്ട് ആട്ടി പായിച്ചു കൊണ്ട് ഭാര്യ പുലമ്പി.
നിർവികാരിതയുടെ ഏതൊക്കെയോ ഭാവങ്ങൾ മുഖത്ത് വിതറികൊണ്ട് അയാൾ പലവക ചിന്തകളിൽ മുഴുകി.
മൃതശരീരം സെബാസ്റ്റ്യന്റെ പറമ്പിൽ ഉപേക്ഷിച്ചാലോ...?
അല്ലെങ്കിൽ കുഴിയെടുത്ത് മൂടാം..
പക്ഷേ മനസാക്ഷി എന്നൊന്ന് ഉണ്ടല്ലോ.
എം.ജി സോമനെ അയാൾ വാലിൽ പിടിച്ചുയർത്തി. നേരെ നടന്നു.
ആ സമയത്തും അയാളുടെ ഭാര്യ എം.ജി സോമനെ പുഴുങ്ങി തിന്നുന്നതിലെ ധാർമികതയേ ഓർത്ത് ഇരിക്കുകയായിരുന്നു.
സെബാസ്റ്റ്യന്‍റെ പക്കൽ പൂക്കാൻ വച്ച കാശ് ഉണ്ടെന്നാണ് പരക്കെയുള്ള അഭിപ്രായം. അത് ശരിവെക്കുന്ന തരത്തിൽ വലിയൊരു മണിമാളികയിലാണ് നാലക്കം മാത്രമുള്ള സെബാസ്റ്റ്യന്റെ കുടുംബം താമസിക്കുന്നത്.
പക്ഷേ ഒരിക്കൽപോലും ആ മണിമാളികയുടെ പരിസരത്ത് അയാൾ കയറിയിട്ടില്ല. സെബാസ്റ്റ്യന് മുമ്പിൽ സംരക്ഷിക്കാൻ വേണ്ടി മാത്രം കണക്കില്ലാത്ത അഭിമാനം അയാൾ കൊണ്ടുനടക്കുന്നുണ്ട്. എന്നിട്ടും ഇപ്പോൾ ഒരു കുറ്റവാളിയായി കൊണ്ട് അയാൾക്ക് സെബാസ്റ്റ്യന്റെ കോളിങ്ബെല്ലിൽ വിരലമർത്തേണ്ടി വന്നിരിക്കുന്നു. മൂന്നോ നാലോ നീണ്ട ബെല്ലുകൾക്ക് ശേഷം സെബാസ്റ്റ്യന്റെ ഭാര്യ വാതിൽ തുറന്നു.
ഉം. എന്താണ്.. ?
കടുപ്പത്തോടെയുള്ള ചോദ്യം പിടിച്ചുലച്ചുവെങ്കിലും പതറാതെ കയ്യിലുള്ള എം.ജി സോമനെ അയാൾ ഉയർത്തി കാണിച്ചു. നിമിഷനേരം കൊണ്ട് ആ സ്ത്രീ പലതരം ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ഹൃദയഭാഗത്തേക്ക് ആഞ്ഞു തല്ലുകയും ചെയ്തു. ഒരുപക്ഷേ എം.ജി സോമന്റേത് മാത്രമല്ല നീണ്ട് മെലിഞ്ഞ ഈ സ്ത്രീയുടെ മരണത്തിനും താൻ ഉത്തരവാദിത്തം പറയേണ്ടി വരുമെന്ന് അയാൾക്ക് തോന്നി.
അവരുടെ ആഞ്ഞു തല്ലും അലമുറയും കേട്ട് പാതിമീശ കളഞ്ഞ പരുവത്തിൽ സെബാസ്റ്റ്യൻ പുറത്തേക്ക് പാഞ്ഞെത്തി. ഉമ്മറത്തുള്ള കാഴ്ച അത്രക്ക് ദഹിക്കാത്തത് പോലെ സെബാസ്റ്റ്യന്റെ മുഖം വലിഞ്ഞു മുറുകി.
ഇങ്ങോട്ടൊരു ചോദ്യം ഉയരും മുൻപേ അയാൾ സംസാരിക്കാൻ തുടങ്ങി.
'മനഃപൂർവം അല്ല. ഭാര്യക്ക് സംഭവിച്ച ഒരു കൈയബദ്ധം. വേണമെങ്കിൽ എനിക്ക് ഇതിനെ ആരും അറിയാതെ കുഴിവെട്ടി മൂടാമായിരുന്നു. മനഃസാക്ഷി അനുവദിച്ചില്ല. ഇങ്ങോട്ട് കൊണ്ടു പോന്നു... '
സെബാസ്റ്റ്യനും വിക്കി വിക്കി വാക്കുകൾ പുറത്തേക്ക് തള്ളി തുടങ്ങി. സെബാസ്റ്റ്യന്റെ വിക്കിൽ അധികമൊന്നും അത്ഭുതപ്പെടാതെ അയാൾ ശ്രദ്ധയോടെ മറുപടി കേട്ട് നിന്നു.
'ഇ ഇ ഇത് സഹിക്കാവുന്നതിനും അപ്പുറമാണ്. ഞ ഞ ഞങ്ങൾ നിയമപോരാട്ടത്തിന് പോകും. ഞ ഞ ഞങ്ങളുടെ എം.ജി സോമന് നീ നീ നീതി കിട്ടണം... '
'നിയമപോരാട്ടം എന്ന് പറയുമ്പോൾ... '
'ഞങ്ങൾ കേസ് കൊടുക്കും... ഹല്ല പിന്നെ നിങ്ങളുടെ പെണ്ണുംപിള്ള ജയിലിൽ പോയി കിടക്കട്ടെ.... '
സെബാസ്റ്റ്യന്റെ ഭാര്യ മൂക്ക് ആഞ്ഞു പിഴിഞ്ഞ് ദൂരേക്ക് വീശികൊണ്ടു പറഞ്ഞു.
അതൊരു നല്ല വഴിയൊക്കെ തന്നെയാണെന്ന് അയാൾക്കും തോന്നി. ഭാര്യ കുറച്ച് നാൾ അവളുടെ മത്തി ജീവിതം ഒഴിവാക്കുകയും ചെയ്യും. പക്ഷേ ജയിലിലും മികച്ചൊരു മാർഗ്ഗമാണ് അയാൾക്കാവശ്യം.
ചിന്തകളുടെ തുണ്ടിൽ നിന്നും സ്വല്പം എടുത്ത് അയാൾ പറഞ്ഞു.
'നിങ്ങളെ തടയാൻ എനിക്ക് കഴിയില്ല. പക്ഷേ ഒരു പൂച്ചയെ കൊന്ന് ഭാര്യ ജയിലിൽ പോകുന്നതിലും നല്ലത് രണ്ട് കൊലപാതകങ്ങൾ നടത്തി ഞാൻ ജയിലിൽ പോകുന്നതാവും... '
അതിനർത്ഥം....?
സെബാസ്റ്റ്യന്റെ ഭാര്യ തലപുകഞ്ഞാലോചിച്ചു.
അവർ തന്റെ ഭർത്താവിന്റെ ഓരം ചേർന്ന് നിന്ന് പതിയെ പറഞ്ഞു. അതായത് ഇയാൾ നമ്മളെ കൊല്ലുമെന്ന്.
'ഒ ഒ ഓഹ് നീ ഞ ഞ ഞങ്ങളെ കൊല്ലുമെന്ന് '
സെബാസ്റ്റ്യൻ ബാക്കിയുണ്ടായിരുന്ന തന്റെ മീശ പരമാവധി ഉയർത്തികൊണ്ട് ചോദിച്ചു.
അയാൾക്ക് നിലവിൽ രണ്ട് കൊലപാതകങ്ങൾ നടത്തുന്നതിൽ താല്പര്യം പോരെങ്കിലും എം.ജി സോമന്റെ മൃതദേഹം താഴേക്ക് വച്ചതിന് ശേഷം നിവർന്നു കൊണ്ട് അയാൾ മറുപടി നൽകി,
'വേണമെന്ന് വച്ചാൽ...'
സെബാസ്റ്റ്യന്റെ ഭാര്യ വീണ്ടും പതിയെ പറഞ്ഞു.
'അയാൾക്ക് മേലും കീഴും നോക്കാനില്ല മനുഷ്യ. പണ്ടെങ്ങോ അയാൾടെ തന്ത നിങ്ങളെ അപ്പന്റെ കാല് തല്ലിയൊടിച്ച ചരിത്രത്തിന്റെ നാണക്കേട് ഇന്നും തീർന്നില്ല. നിങ്ങള് വല്ല ഒത്തുതീർപ്പും നടത്താൻ നോക്ക്.. '
ഡൈനിങ് ടേബിളിൽ നിന്ന് ഒരു കസേര വലിച്ചിട്ട് അതിലേക്ക് തന്റെ കാലുകളിൽ ഒന്ന് കയറ്റി വച്ച് കൊണ്ട് സെബാസ്റ്റ്യൻ ഒന്ന് മുരണ്ടു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധൈര്യം ശേഖരിച്ച് അത് മുഖത്ത് പ്രകടിപ്പിച്ചുകൊണ്ടായിരുന്നു പിന്നീടയാൾ സംസാരിച്ചത്.
'ഒ ഒ ഒരു ഒത്തതീർപ്പിന് ഞാനും എ എ എന്റെ ഭാര്യയും തയാറാണ്. അ അ അത് നിന്നെ ബ ബ ഭയന്ന് ആണെന്ന് കരുതരുത്. വെ വെ വെറും ഔദാര്യം... പക്ഷേ ഞ ഞ ഞങ്ങൾക്ക് ന ന നഷ്ടപരിഹാരം കിട്ടണം.. '
ഈ ഔദാര്യം സ്വീകരിക്കുന്നതിൽ അയാൾക്ക് മടിയൊന്നുമില്ല. പക്ഷേ നഷ്ടപരിഹാരം; അതിനുള്ള സാമ്പത്തികമൊന്നും അയാളുടെ പക്കലില്ല.
പക്ഷേ രണ്ട് കൊലപാതകത്തിലും, ഭാര്യയുടെ ജയിൽ വാസത്തിലും നല്ലത് അയാളെ സംബന്ധിച്ച് നഷ്ടപരിഹാരം തന്നെയായിരുന്നു.
സെബാസ്റ്റ്യന്റെ ആവശ്യമനുസരിച്ച് വാങ്ങി നൽകേണ്ടത് പതിനയ്യായിരം വില വരുന്ന എം.ജി സോമന്റെ മുഖച്ഛായയുള്ള പൂച്ചയേയാണ്.
ആ സമയം അയാൾ ഓർത്തത് നാട്ടിലെ സർവ്വപ്രശ്ന പരിഹാരിയായ എക്സ് ഗൾഫുകാരൻ കെ.കെ ബഷീറിനെയാണ്.
കെ.കെ ബഷീറിന് ഒരുപാട് തവണ നിവേദനവും അപേക്ഷയും സമർപ്പിച്ചതിന് ശേഷമാണ് ആദ്യം ഏഴായിരം വില പറഞ്ഞ പൂച്ചയേ രണ്ടായിരത്തിഅഞ്ഞൂറിന് ഉറപ്പിച്ചത്.
പൂച്ചയേയും വാങ്ങി തിരികെ നടക്കുമ്പോൾ എം.ജി സോമന്റെ മുഖം ഓർത്തെടുക്കാൻ അയാൾ ശ്രമിച്ചു. മത്തി കടിച്ചു വലിക്കുമ്പോൾ അവന്റെ മീശകൾ മുകളിലേക്കും താഴേക്കും ആവേശത്തോടെ ചലിക്കും. കട്ടിയുള്ള നീളൻ വാൽ ചുരുട്ടി വച്ചിരിക്കും. എം.ജി സോമന്റെ വിദൂര ഛായയുള്ള ഒന്നിനെയാണ് സ്വന്തമാക്കിയിരിക്കുന്നത്. പൂച്ചയെ പെട്ടിക്കകത്തേക്ക് വക്കുമ്പോൾ ആ സ്ത്രീ ഒന്നോർമിപ്പിച്ചു.
'ആളൊരു അയല പ്രിയനാണ്... '
അയാൾ ദൈവത്തോട് നന്ദി പറഞ്ഞു
'പ്രിയപ്പെട്ട ദൈവമേ വീണ്ടുമൊരു മത്തി മരണം ഒഴിവാക്കി തന്നതിൽ അവിടത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു.. '
രണ്ടായിരത്തിഅഞ്ഞൂറിന്‍റെ പലിശയും പലിശക്ക് പലിശയും അയാൾക്ക് തിരികേ നടത്തം ഭാരമായി തോന്നിച്ചു.
എങ്കിലും അഭിമാനത്തോടെ അയാൾ പൂച്ചയേ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചു.
സെബാസ്റ്റ്യനും അയാളുടെ ഭാര്യയും പൂച്ചയേ തിരിഞ്ഞും മറിഞ്ഞും നോക്കി.
ലേശം മെലിവുണ്ട്, മീശക്ക് നീളവും പോരാ
സെബാസ്റ്റ്യന്റെ ഭാര്യ പുലമ്പി.
'എ എ എങ്കിലും കാ കാ കാണാൻ ഒരു ഭംഗിയൊക്കെയുണ്ട്, ന ന നമുക്കിവനെ പ്രേ പ്രേ പ്രേംനസീർ എന്നു വിളിക്കാം... '
അയല പ്രേമിയായ പ്രേംനസീർ സെബാസ്റ്റ്യന്‍റെ വീടും പരിസരവും നിരീക്ഷിക്കുന്ന കാഴ്ച ആവോളം കണ്ടതിന് ശേഷമയാൾ വീട്ടിലേക്ക് മടങ്ങി. വീടിന് മുൻവശം നിന്ന് കാലും മുഖവും കഴുകുമ്പോ ഭാര്യ മത്തി ചാറൊഴിച്ച് ഉച്ചയൂൺ കഴിക്കാൻ തുടങ്ങിയിരുന്നു.
ഉമ്മറകോലായിലിട്ട കസേരയിലേക്ക് തളർന്നിരുന്ന അയാളെ ഭാര്യ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു.
ക്ഷണം നിരസിച്ചു കൊണ്ടയാൾ ഇരിപ്പ് തുടർന്നു.
ഭാര്യക്ക് സങ്കടം കനത്തു. ഉരുള കുഴച്ച ചോറിനെ തിരികെ പാത്രത്തിലേക്ക് ഇട്ടുകൊണ്ടവൾ സ്വയം പറഞ്ഞു,
'നശിച്ച മത്തി ജീവിതം ഞാൻ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു.. ഇന്നുമുതൽ ഈ വീടിനകം മത്തിയുടെ ഉളുമ്പ് മണം കേൾക്കില്ല...'
അയാൾക്കത് ഭാര്യ ജീവിതത്തിൽ സ്വീകരിച്ചതിൽ വെച്ചേറ്റവും മികച്ച തീരുമാനമായിരുന്നു.
എം.ജി സോമൻ അവന്റെ ജീവൻ ബലി നൽകിയത് വെറുതെയായില്ല. ആ രക്തസാക്ഷിത്വത്തിന് അർത്ഥമുണ്ടായിരിക്കുന്നു.
പ്ലേറ്റിൽ നിന്നും അവസാന മത്തി കഷ്ണവും വായിലേക്ക് ഇട്ടുകൊണ്ട് ഭാര്യ വീണ്ടും സംസാരിച്ചു.
'മത്തിക്ക് പകരം അയല, അയല മതി.. അയലയും നല്ലൊരു മീനാണല്ലോ. നാളെ മുതൽ ഞാൻ അയലയെ സ്നേഹിച്ചു തുടങ്ങും'
അതെ, അയാളുടെ അറിവിലും അയല വളരെ സ്നേഹസമ്പന്നനായ മീനാണ്. പക്ഷേ ഈ സമയം അയാളെ അലട്ടിയത് മറ്റൊരു സംശയമായിരുന്നു,
എം.ജി സോമനും പ്രേംനസീറിനും ശേഷം സെബാസ്റ്റ്യൻ തന്‍റെ പൂച്ചക്ക് സ്വീകരിക്കാൻ പോകുന്ന പേരിനെ സംബന്ധിച്ചായിരുന്നുവത്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.