വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനാഘോഷം നാളെ
text_fieldsതലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ 114ാമത് ജന്മദിനാഘോഷം വെള്ളിയാഴ്ച നടക്കും. രാവിെല 9.30ന് ജന്മനാടായ തലയോലപ്പറമ്പിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ, ഫെഡറൽ ബാങ്ക് എന്നിവയുടെ നേതൃത്വത്തിലാണ് ആഘോഷം. 1908 ജനുവരി 21 ചൊവാഴ്ച തലയോലപ്പറമ്പ് മണകുന്നത്ത് വൈപ്പേൽ വീട്ടിൽ കായി അബ്ദുൽ റഹിമാന്റെയും കുഞ്ഞുതാച്ചുമ്മയുടെയും മൂത്തമകനായാണ് ബഷീർ ജനിച്ചത്. ജന്മദിനം കൃത്യമായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല. വൈക്കം ഗവ. സ്കൂളിലെ പഠനം പാതിവഴിക്ക് നിലച്ചതിനാൽ അത്തരം രേഖകൾ ഒന്നും ലഭ്യമല്ല.
അയൽക്കാരനും സഹപാഠിയുമായ തളിയാക്കൽ മാത്തൻ കുഞ്ഞിന്റെ ജന്മദിനത്തിന് ഒരുദിവസം മുമ്പോ പിമ്പോ ആണ് താൻ ജനിച്ചത് എന്ന് ഉമ്മ പറഞ്ഞു കേട്ടിട്ടുള്ളതായി ബഷീർ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ ജന്മദിനം മകരം എട്ട് ആണ് എന്ന് പറഞ്ഞുകൊണ്ടാണ് ബഷീറിന്റെ 'ജന്മദിനം' എന്ന ചെറുകഥ ആരംഭിക്കുന്നത്.
തലയോലപ്പറമ്പിൽ ബഷീറിന്റെ ഭാര്യ ഫാത്തിമ ബീവിയും മകൾ ഷാഹിനയും കൂടി 1960 മുതൽ 1964 വരെ താമസിച്ചിരുന്ന ഇന്നത്തെ ഫെഡറൽ നിലയത്തിൽ വെച്ചാണ് ജന്മദിനാഘോഷം ബഷീർ ആരാധകർ സംഘടിപ്പിച്ചിരിക്കുന്നത്.
ബഷീർ സ്മാരക സമിതി വൈസ് ചെയർമാൻ മോഹൻ ഡി.ബാബു അധ്യക്ഷതവഹിക്കും. പ്രഭാഷകയും സമിതി ട്രഷററുമായ ഡോ. യു. ഷംല ജന്മദിന സന്ദേശം നൽകും. ബഷീറിന്റെ കഥാപാത്രങ്ങളായ സെയ്തുമുഹമ്മദ്, ഖദീജ, ബഷീറിന്റെ സഹപാഠികളായ മാത്തൻ കുഞ്ഞിന്റെ മകൻ ടി.എം. മാത്യു തളിയാക്കൽ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.