ശ്രീകുമാരൻ തമ്പിക്ക് വാല്മീകി പുരസ്കാരം
text_fieldsതൃശൂർ: സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റ് ആഗസ്റ്റ് 12ന് തൃശൂരിൽ സംഘടിപ്പിക്കുന്ന രാമായണ ഫെസ്റ്റിന്റെ ഭാഗമായി ഏർപ്പെടുത്തിയ വാല്മീകി പുരസ്കാരത്തിന് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി അർഹനായി.
കാൽലക്ഷം രൂപയും പ്രശസ്തിഫലകവുമാണ് പുരസ്കാരമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആലാപനരംഗത്ത് കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്ന സിനിമ പിന്നണിഗായകൻ വി. ദേവാനന്ദിന് കാൽലക്ഷം രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന പ്രത്യേക പുരസ്കാരം നൽകും.
ബാലതാരങ്ങളായ ദേവനന്ദ (മാളികപ്പുറം സിനിമ), സദാശിവ് കൃഷ്ണ (സാഹിത്യം) എന്നിവരെ ആദരിക്കും. 12ന് രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ തൃശൂർ റീജനൽ തിയറ്ററിലാണ് ഫെസ്റ്റ്. സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് രാമായണം നൃത്താവിഷ്കാരം, ഫാഷൻ ഷോ, ക്വിസ്, പാരായണം എന്നിവയിൽ മത്സരം, വനിതവിഭാഗത്തിന്റെ മെഗാ തിരുവാതിര, ശബരി സൽക്കാരം എന്നിവയുണ്ട്. രാമായണ യൂത്ത് കോൺഫറൻസ്, സാംസ്കാരിക സമ്മേളനം, വി. ദേവാനന്ദൻ നയിക്കുന്ന ശ്രീകുമാരൻ തമ്പി സംഗീതനിശ എന്നിവയും നടക്കും. വാർത്തസമ്മേളനത്തിൽ സമർപ്പണ ചെയർമാൻ കെ. കിട്ടു നായർ, വൈസ് ചെയർമാൻ ജി. രാമനാഥൻ, ജനറൽ കൺവീനർ ടി.സി. സേതുമാധവൻ, കൺവീനർമാരായ ശ്രീകുമാർ ആമ്പല്ലൂർ, ശോഭന മുകുന്ദൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.