വഴി മറന്നുപോയവർ
text_fieldsജോസേട്ടൻ മരിച്ചു. ഫോൺ ചെവിയോട് ചേർത്ത് വെച്ചിരുന്നെങ്കിലും പിന്നെയൊന്നും അയാൾ കേട്ടില്ല. കേട്ടപാതി കേൾക്കാത്തപാതി ഒരു ഷർട്ടും ഇട്ടു ടോർച്ചും എടുത്തു പുറത്തേക്കോടി. പുറത്തിറങ്ങുമ്പോഴും ഫോണിന്റെ റിസീവർ ചിലച്ചുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.
അമ്മേ ... ഞാൻ കുണ്ടടുക്കത്തേക്കു പോകുന്നു. നമ്മുടെ ജോസേട്ടൻ മരിച്ചു. ഇത്രയും പറഞ്ഞു വീടിന്റെ താഴെ ഉള്ള സ്റ്റെപ് ഇറങ്ങി വയൽ വരമ്പിലൂടെ നടക്കുമ്പോൾ ടോർച്ചെടുത്തോ മോനെ എന്ന് അമ്മ ചോദിക്കുന്നത് ഒരു അശരീരിപോലെ അയാൾക്ക് കേൾക്കാമായിരുന്നു. ചെർക്കളവഴി കുഞ്ഞിക്കര കുന്നും കേറി കുണ്ടടുക്കത്തേക്ക് എത്താൻ ഒരു പത്തു മിനിറ്റെങ്കിലും വേണം. വയൽവരമ്പുകൾ, ഇടവഴികൾ എല്ലാം ഇരുട്ട് പുതപ്പിട്ടുമൂടി ഇരിക്കുന്നു. ചെറുതായി വീശുന്ന തണുത്ത കാറ്റ് ആരെയോ തേടുന്നപോലെ. അങ്ങ് ദൂരെ ഒരു ചൂട് വെളിച്ചം കണ്ടു. മരിച്ചവീട്ടിലേക്ക് പോകുന്നവർ ആയിരിക്കാം എന്ന് വിചാരിച്ച് അവരുടെ ഒപ്പം എത്താൻ അയാൾ വേഗത്തിൽ നടന്നു. പെട്ടെന്ന് ആ വെളിച്ചം കെട്ടു. ഇരുട്ട് വീണ്ടും ഉയിർത്തെഴുന്നേറ്റു അതിശക്തമായി പെയ്തുകൊണ്ടിരുന്നു. അത് തോരാൻ ഇനിയും നാഴികകൾ ബാക്കി. നടക്കാൻ ഇനിയുമുണ്ട്. ഇടവഴിയിലൂടെ, തോട്ടത്തിലൂടെ റോഡിനെ ലക്ഷ്യമാക്കി അയാൾ നടന്നു. അപ്പോൾ വഴിയോരത്ത് അയാളെയും കാത്തു ജോസേട്ടനും ഉണ്ടായിരുന്നു. പിന്നെ അവർ രണ്ടും ഒന്നിച്ചായി യാത്ര. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മലബാറിൽ വേരോട്ടം ഉണ്ടാകുന്നകാലത്ത് തെക്കുനിന്ന് എങ്ങോ കുടിയേറിപ്പാർത്ത ആളാണ് ജോസേട്ടൻ. പാർട്ടി രൂപവത്കരണസമയത്തും പിന്നീടും ഒരുപാട് സമര പരിപാടികളിൽ പങ്കെടുത്ത് മർദനവും ജയിൽവാസവും അനുഭവിച്ച ആൾ. ജന്മിത്തത്തിനെതിരെ കേരളം സമരമുഖമായിരുന്ന കാലത്ത് അമ്പലത്തിനടുത്തുള്ള ഞങ്ങളുടെ കണ്ടതിൽ ചുവന്ന കൊടി ഉയർത്തി വരേണ്യവർഗത്തിന്റെ ദുഷ്കർമങ്ങൾക്കെതിരെ വെല്ലുവിളി ഉയർത്തിയ കഥ വല്യച്ഛൻ പറഞ്ഞുതന്നിട്ടുള്ളത് അയാളുടെ മനസ്സിൽ ഒരിക്കലും മായാതെ നിന്നിരുന്നു. ആ സംഭവത്തോടെയാണ് നാട്ടിലെ വാഴുന്നോരു നേർവഴിക്ക് വന്നത് എന്നത് പറഞ്ഞുകേട്ടിട്ടുണ്ട്.
നാട്ടിലെ ഓരോ പ്രശ്നങ്ങളിലും ഇടപെട്ട് അത് ഒത്തുതീർപ്പാക്കുന്നതിലും സഹായഹസ്തങ്ങളുമായി അശരണരുടെ അടുത്ത് ഓടിയെത്തുന്നതിനും മുൻപന്തിയിൽനിൽക്കുന്ന ഒരു സാധാരണക്കാരൻ. അങ്ങനെ ഉള്ള ജോസേട്ടൻ ആണ് മരിച്ചിരിക്കുന്നത്. അപ്പോൾ തന്നെപോലുള്ള യുവത്വങ്ങൾ അടങ്ങിയിരിക്കുന്നത് ശരിയല്ലല്ലോ. അയാൾ മൊബൈൽ ഫോൺ എടുത്ത് മരണ അറിയിപ്പ് ഉണ്ടാക്കി വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ അയക്കാൻ ആരംഭിച്ചു. നാലാൾ അറിയട്ടെ. പക്ഷേ, എന്തോ നെറ്റ് വർക്ക് പ്രോബ്ലം മെസേജ് ഒന്നും പോസ്റ്റ് ആകുന്നില്ല. അയാൾ വീണ്ടും വീണ്ടും ശ്രമിച്ചു. ഇരുട്ടിൽ കല്ലിൽ തട്ടി വീഴാൻപോയപ്പോഴും അയാളുടെ കണ്ണുകൾ മൊബൈലിലെ സെന്റ് ബട്ടണിൽതന്നെ ആയിരുന്നു. മഴത്തുള്ളികൾ ഡിസ്പ്ലേയിൽ വീണുചിതറിയപ്പോൾ ആണ് അയാൾ മൊബൈലിൽനിന്ന് കണ്ണ് എടുത്തത്. മെല്ലെ മഴ ചാറാൻ തുടങ്ങി. പിന്നെ ചരൽ കല്ല് അറിയുന്ന പോലെ കനത്ത തുള്ളികൾ ആയി പതിച്ചു. കാറ്റിൽ മരങ്ങളുടെ കൊമ്പുകൾ ഉലഞ്ഞു..
ഇതുപോലുള്ള മഴക്കാലത്താണ് ജോസേട്ടന്റെ തേതൃത്വത്തിൽ തോട്ടിൽ ചിറ കെട്ടാറ്. എന്നിട്ടു ചെറിയ കൈത്തോടുകൾ ഉണ്ടാക്കി പാടങ്ങളിലേക്ക് കൊണ്ടുപോകും. വേനൽക്കാലം കഴിയുംവരെ പാടത്തൊക്കെ വെള്ളം കിട്ടും. പുഞ്ചകൃഷിക്കും പച്ചക്കറി കൃഷിക്കും എല്ലാമുള്ള വെള്ളം ഈ തോടുകളിലൂടെ ഒഴുകി വയലിൽ എത്തിയിരുന്നു. ഇന്ന് അതൊക്കെ മൊബൈലിലും കമ്പ്യൂട്ടറുകളിലുമൊക്കെയായി ഫാം വില്ലകളിലേക്കൊക്കെ ചേക്കേറിയിരിക്കുന്നു. കാലിൽ ചളി പുരളാതെ വില്ലകളും ട്രാക്ടറുകളും വിത്തുകളും വിളകളും കിട്ടുമെങ്കിൽ പിന്നെ എന്തിന് പാടത്തിറങ്ങണം എന്ന് ചിന്തിക്കുന്ന ഒരു തലമുറ വളർന്നുകഴിഞ്ഞു. കാലം അഴിച്ചുവെച്ച കോലങ്ങളായി മാറുമ്പോൾ അരങ്ങൊഴിയുകയല്ലേ നല്ലത് എന്ന് ജോസേട്ടന് തോന്നിയിട്ടുണ്ടാകും.
വീടെത്തി. ആരെയും കാണാനില്ലാലോ എന്ന് ചിന്തിച്ച് അയാൾ ഒതുക് കല്ലുകൾ കേറി മുറ്റത്തെത്തി. നല്ല ചന്ദനത്തിരികളുടെ മണം. അയാൾ വീണ്ടും മൊബൈൽ എടുത്ത് മെസേജുകൾ ഡെലിവറിയായോ എന്ന് നോക്കി. പക്ഷേ, അതിന് ഇതുവരെ റേഞ്ച് വന്നിട്ടില്ല. മെസേജുകൾ ഒന്നുംതന്നെ ഡെലിവറിയായിട്ടുമില്ല. മരണവിവരം ആരും അറിഞ്ഞിട്ടുണ്ടാകില്ല. റേഞ്ച് ഇല്ലാതെ കോളുകൾ പോകാതെ മെസേജ് കാണാതെ എങ്ങനെയാണ് വിവരങ്ങളറിയുക. പണ്ടുകാലങ്ങളിൽ ഇതുപോലുള്ള കാര്യങ്ങൾ ആളുകളെ എങ്ങനെയാണ് അറിയിച്ചിരുന്നത് എന്ന് അത്ഭുതത്തോടെ അയാൾ അന്നാദ്യമായി ചിന്തിച്ചു. നെറ്റ് വർക്ക് ഇല്ലാതെ മൊബൈലിൽ അയാൾ പഴയ സന്ദേശങ്ങൾ വീണ്ടും തിരയാൻ തുടങ്ങി. അപ്പോഴേക്കും അതിൽനിന്ന് ഒരുപാട് മെസേജുകൾ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. പഴമയിൽനിന്നും പുതുമയിലേക്കുള്ള യാത്രയിൽ വഴിയിൽ വീണു മരിച്ചുപോയിട്ടുണ്ടാകും അവയൊക്കെ. ജോസേട്ടനെപോലെ.....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.