വിചാരണ
text_fieldsമറവികൊണ്ട് മുറിവേറ്റ ഓർമകൾ...
ജീവിതത്തിന്റെ കൈയെഴുത്തു
കടലാസു പുസ്തകത്തിൽ,
പകുതിയും ചിതലെടുത്തു.
അഴിഞ്ഞൊരുടൽ
എങ്കിലും മുറിവായകളാർദ്രം.
ദുർഗ്രഹമാം ലിപിയിലൊരു-
പൗരത്വ പത്രിക
അടുത്ത താളുകളിലേക്കു
രക്തവർണം പടർത്തുന്നു.
നമ്മുടെ അർഥമില്ലാത്ത
ഭൂപടംപോലെ ചില സൂചനകൾ മാത്രം
അവശേഷിപ്പിച്ച്
യഥാർഥ അതിരുകൾ
രേഖപ്പെടുത്താതെ
അധിനിവേശത്തിന്റെ കാലാൾപ്പട പോലെ
ചില കറുത്ത രേഖകൾ മാത്രം.
അദൃശ്യ വർണത്തിൽ...
നീ എന്നെ ഒറ്റി മുന്നിൽ വന്നുനിൽക്കും
അക്കൽദാമയിൽ എന്റെ വേരുകൾ തിരയും.
ഫലം ഭുജിച്ചു പുറത്താകപ്പെട്ടവർ,
തിരിച്ചു പോക്കിന്റെ തടവ് പാളങ്ങൾ.
നെഞ്ചിലെ, വെടിയുണ്ടയുടെ പഴുതുകൾ മറച്ചു,
തുടലിലുള്ള- അതിർത്തി ഗാന്ധിയോട്
ഗാന്ധി പറയും:
‘‘ഓർമകൾ മുറിവേറ്റിരിക്കുന്നു, മറവികൊണ്ട്.’’
വട്ടക്കണ്ണടയുടെ മുകളിൽ, നെറ്റിയിൽ,
വലതു കൈവെള്ളകൊണ്ട്
രക്തസൂര്യനെ മറച്ച്
അവ്യക്തമായ തടവുകാരന്റെ
മുഖം ഓർമയിൽ തിരഞ്ഞു,
വിങ്ങും കരൾ തുപ്പി
ഗാന്ധി ആൾക്കൂട്ടത്തിൽ മറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.