സേതു എഴുത്തച്ഛനെ തൊടുമ്പോൾ
text_fields2022ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ മലയാളത്തിന്റെ സ്വന്തം സേതു സംസാരിക്കുന്നു
എ. സേതുമാധവനെ ആരും അറിയാനിടയില്ല. എന്നാൽ, സേതു എന്ന രണ്ടക്ഷരം മലയാളിയുടെ സ്വന്തമാണ്. 1967ൽ 'ദാഹിക്കുന്ന ഭൂമി' എന്ന കഥയിലൂടെയാണ് എഴുത്തുവഴിയിലെത്തുന്നത്. എഴുത്തച്ഛൻ പുരസ്കാരം സേതുവിനെ തേടിയെത്തിയപ്പോൾ അഞ്ചരപ്പതിറ്റാണ്ടുകാലത്തെ എഴുത്തുജീവിതത്തിനുള്ള അംഗീകാരമാണ് ലഭിക്കുന്നത്. ഭാഷാ പിതാവിന്റെ പേരിലുള്ള പുരസ്കാരംതന്നെ തേടിയെത്തുേമ്പാൾ സേതുവിന്റെ വാക്കുകളെ വികാരത്തള്ളിച്ച ബാധിക്കുന്നില്ല.
സേതു പറയുന്നതിങ്ങനെ: 'ഭാഷാപിതാവിന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചതിൽ സന്തോഷം. മലയാള ഭാഷക്ക് കിട്ടിയ പുരസ്കാരമാണിത്. 55 വർഷമായി എഴുതുന്നു. ഇപ്പോഴും എന്റെ എഴുത്തിനെ വിലയിരുത്താൻ ഞാൻ തയാറല്ല. എന്തൊെക്കയോ എഴുതി. ചിലത് നന്നായി. ഒന്നും ശരാശരിക്ക് താഴെയല്ലെന്നാണ് വിശ്വാസം. എഴുതിയതെല്ലാം വായനക്കാരനു വിട്ടുകൊടുക്കുകയാണ്. ചിലർ സ്വീകരിക്കുന്നു. ചിലർ തള്ളിക്കളയുന്നു. അതൊന്നും പ്രശ്നമല്ല.
മലയാള ഭാഷയിൽ എഴുതുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വലിയ അഭിമാനമുള്ള കാര്യമാണ് എഴുത്തച്ഛൻ പുരസ്കാരം. എല്ലാംകൊണ്ടും സന്തോഷമുണ്ട്. എഴുതിയവയിൽ പാണ്ഡവപുരം ഏറെ ശ്രദ്ധിക്കപ്പെട്ടു. പലരും ഇതേക്കുറിച്ച് സംസാരിക്കാറുണ്ട്. 11 ഭാഷകളിൽ പ്രസിദ്ധീകരിച്ചു. ഏറ്റവും ഒടുവിൽ ഫ്രഞ്ച് ഭാഷയിലാണ് വന്നത്.
പ്രത്യേക സാഹചര്യത്തിൽ, 77ൽ എഴുതിയ നോവൽ ഈ രീതിയിൽ വായിക്കപ്പെടുമെന്ന് കരുതിയില്ല. ഫ്രഞ്ച് വിവർത്തകൻ പറഞ്ഞത്, ഇതുപോലൊരു നോവൽ തന്റെ ഭാഷയിൽ വേണമെന്നാണ്. എഴുത്തിൽ കിട്ടിയ വലിയ അംഗീകാരമായിക്കാണുന്നു ഇത്. ശരിക്കും എനിക്ക് അത്ഭുതമാണുള്ളത്. ഇതൊന്നും പ്രതീക്ഷിക്കാതെയാണല്ലോ നാം എഴുതുന്നത്. പിന്നീടത് നമ്മളിൽ നിന്നും മാറി എവിടെയെല്ലാമോ എത്തുന്നു.
കേരള ക്ലബും ഡൽഹിയും
സേതുവിലെ എഴുത്തുകാരനെ പുറം ലോകത്തെത്തിച്ചത് ഡൽഹിയും കേരള ക്ലബുമാണ്. ജോലിയുടെ ഭാഗമായാണ് ഡൽഹിയിലെത്തിയത്. എഴുത്തുകാരനാകണമെന്ന മോഹം ചെറുപ്പം മുതൽ ഉള്ളിലുണ്ട്. ഡൽഹിയിലെ കേരള ക്ലബിൽ വെള്ളിയാഴ്ച സാഹിത്യകാരന്മാരുടെ ഒത്തുചേരലുണ്ട്. അവിടെ ഒ.വി. വിജയൻ, കാക്കനാടൻ, വി.കെ.എൻ, എം.പി. നാരായണപ്പിള്ള എന്നിവർ സജീവമായിരുന്നു. ഇവരുടെ ഭാഗമായതോടെ എഴുതാനുള്ള അന്തരീക്ഷം കിട്ടി. സയൻസ് പഠിച്ച സേതു, കോമേഴ്സും ഇക്കണോമിക്സും പഠിച്ചിട്ടില്ല. എന്നിട്ടും എഴുത്തുവഴിയിലെത്തിയതും ബാങ്ക് ജീവനക്കാരനായതും യാദൃച്ഛികമായിട്ടാണ്. എഴുത്തുകാർക്കിടയിൽ ബാങ്കുകാരനായും ബാങ്കുകാർക്കിടയിൽ എഴുത്തുകാരനായും കഴിഞ്ഞു. പക്ഷേ, എഴുതാനുള്ള ആവേശം ഉള്ളിൽവരുേമ്പാൾ താനെ ആ വഴിക്ക് സഞ്ചരിക്കും. അതാണിതുവരെ എത്തിച്ചതെന്ന് സേതുവിന്റെ സാക്ഷ്യം. രണ്ടു രംഗത്തേക്കും വഴിതെറ്റിവന്നുവെന്ന് പറയാനാണ് സേതുവിനിഷ്ടം. എഴുത്തും ജോലിയും ചേർന്നുകിടക്കാതെ കൊണ്ടുപോകാൻ കഴിഞ്ഞത് നേട്ടമായി.
അമ്മക്ക് സമർപ്പണം
എട്ട് പതിറ്റാണ്ടു മുമ്പുള്ള ജീവിതം ഇന്ന് സങ്കൽപിക്കാൻ കഴിയില്ല. അന്നത്തെ കേരളത്തിലെ ഗ്രാമം. ഞാൻ വളർന്നത് ചേന്ദമംഗലമെന്ന കുഗ്രാമത്തിലാണ്. വൈദ്യുതി പോലുമില്ല. എന്റെ കോളജ് വിദ്യാഭ്യാസം കഴിയുന്നതുവരെ മണ്ണെണ്ണ വിളക്കായിരുന്നു. ഇവയൊന്നും പുതിയ കാലത്തിനറിയില്ല. പുണെയിലായിരുന്നു അച്ഛന്റെ ജോലി. അവിടെ നിർത്തിപ്പഠിപ്പിക്കാൻ അച്ഛനു കഴിയുമായിരുന്നു. എന്നിട്ടും നാട്ടിലെ സ്കൂളിൽ പഠിക്കട്ടെയെന്ന് തീരുമാനിച്ചു. അതുകൊണ്ട് മലയാളം പഠിച്ചു. വായിക്കാനും എഴുതാനും കഴിഞ്ഞു. ഈ ഗ്രാമീണ ജീവിതം ഇഷ്ടാനിഷ്ടങ്ങൾ നിർണയിക്കുന്നതിലുൾപ്പെടെ സഹായിച്ചു. അമ്മയാണ് എന്നെ രൂപപ്പെടുത്തിയതെന്നു പറയാം.
ചേന്ദമംഗലം നായർ സമാജം ലൈബ്രറിയിൽനിന്ന് പുസ്തകമെടുക്കുന്ന അമ്മ എനിക്ക് വഴികാട്ടിയായി. അമ്മ നന്നായി വായിക്കുമായിരുന്നു. അതുകണ്ടാണ് വളർന്നത്. കിട്ടുന്നതെന്തും വായിക്കുന്ന അമ്മ. എനിക്ക് മാതൃകയായി. 92ാം വയസ്സിൽ മരിക്കുന്നതിന് ഒരാഴ്ച മുമ്പുവരെ വായിച്ചു. ആ അമ്മയാണ് എനിക്ക് വായിക്കാനുള്ള മനസ്സുണ്ടാക്കിയതും എഴുത്തുകാരനാക്കിയതും. അതുകൊണ്ട് എഴുത്തച്ഛൻ പുരസ്കാരം ആർക്ക് സമർപ്പിക്കുന്നുവെന്ന ചോദ്യത്തിനു ഒരുത്തരമേ എനിക്കുള്ളൂ; 'അമ്മ' എന്നുമാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.