'അന്നിരുപത്തൊന്നിൽ..'; കമ്പളത്തുമായുള്ള ബന്ധം വി.എം കുട്ടി ഒാർത്തെടുത്തപ്പോൾ
text_fieldsആ പാട്ട് പാടിയാണ് വി.എം. കുട്ടി മാഷ് അന്ന് സംസാരം തുടങ്ങിയത്. മുറിച്ചിലില്ലാതെ, വരികളൊന്നും തെറ്റാതെ ഒറ്റയിരിപ്പിൽ ഒടുക്കംവരെ മാഷ് പാടിത്തന്നു. പ്രായം 85ൽ എത്തിയിരുന്നു. വാർധക്യസഹജ അവശതകളെ തുടർന്ന് പുളിക്കലിലെ വീട്ടിൽ പരിപൂർണ വിശ്രമത്തിലായിരുന്നു അദ്ദേഹം. എങ്കിലും പാട്ടുസംബന്ധിച്ച അന്വേഷണങ്ങൾക്കായി എത്തുന്നവരോടെല്ലാം അദ്ദേഹം ആവേശത്തോടെ സംസാരിച്ചിരുന്നു.
സംഭവബഹുല പാട്ടുകാലത്തിെൻറ ഒാർമകൾ ഒന്നൊന്നായി അദ്ദേഹത്തെ വിട്ടുതുടങ്ങുേമ്പാഴും പാടിയ പാട്ടുകളെല്ലാം ആ ചുണ്ടിൽ അതേപോലുണ്ടായിരുന്നു. ഏറെ ശ്രമിച്ചിട്ടാണെങ്കിലും കമ്പളത്ത് ഗോവിന്ദൻ നായരുടെ ആ പടപ്പാട്ടിനെ കുറിച്ച് അന്ന് അദ്ദേഹം ഒാർത്തോർത്ത് കുറെ പറഞ്ഞു. ഇൗ പാട്ടിനെയും അതിെൻറ പശ്ചാത്തലത്തെയും കുറിച്ച് തെൻറ ഒാർമക്കുറിപ്പുകളുടെ സമാഹാരമായ 'കനിവും നിനവും' എന്ന പുസ്തകത്തിൽ (ലിപി പബ്ലിക്കേഷൻസ്) എഴുതിയത്, ഒാർമകളെ തിരിച്ചുപിടിക്കാൻ അദ്ദേഹത്തിന് സഹായകവുമായി.
വി.എം കുട്ടിയുമായുള്ള അഭിമുഖത്തിൽ നിന്ന്
''കമ്പളത്ത് ഗോവിന്ദൻ നായരുമായി ചെറുപ്പം മുതലേ പരിചയമുണ്ട്. എെൻറ നാടായ പുളിക്കലും നെടിയിരുപ്പും ഏതാണ്ട് സമീപ പ്രദേശങ്ങളാണ്. 20ാം വയസ്സിൽ കരിപ്പൂർ കുളത്തൂർ എൽ.പി സ്കൂളിൽ ഞാൻ ജോലിയിൽ പ്രവേശിച്ചത് മുതൽ അദ്ദേഹവുമായുള്ള ബന്ധം കൂടി. കമ്പളത്ത് അന്ന് അധ്യാപകസംഘടന നേതാവാണ്. അദ്ദേഹവുമൊത്ത് സംഘടനയിലും ഞാൻ പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിെൻറ നെടിയിരുപ്പിലെ വീട്ടിൽ പലതവണ പോയിട്ടുണ്ട്. ''അന്നിരുപത്തൊന്നിൽ...'' എന്ന ഗാനം കുട്ടിക്കാലം മുതേല പലരും പാടി കേൾക്കുന്നതാണ്. ഇന്നാട്ടുകാരായ മിക്കവരുടെയും മനസ്സിലുള്ള ഗാനം ആദ്യമായി ഗ്രാമഫോണിൽ പാടാനുള്ള അവസരം എനിക്ക് ലഭിക്കുകയുണ്ടായി. 1962ൽ മദ്രാസിൽവെച്ചാണ് അത് റെക്കോഡ് ചെയ്തത് എന്നാണ് ഒാർമ. കമ്പളത്തുമായുള്ള വ്യക്തിബന്ധം തന്നെയാണ് ആ പാട്ടിലേക്ക് നയിച്ചത്. പാട്ട് വലിയ ഹിറ്റായി. ഗാനമേളകളിലും മറ്റും ആസ്വാദകർ എപ്പോഴും പാടാൻ ആവശ്യപ്പെടുന്ന പാട്ടായിരുന്നു അത്. ഇൗ പാട്ടുമായി വ്യക്തിപരമായി മറ്റൊരു അടുപ്പവുമുണ്ട്. 1944ൽ മോങ്ങം വള്ളുവമ്പ്രത്തെ ഹിച്ച്കോക്ക് സ്മാരകം പൊളിക്കാൻ നടന്ന സമരജാഥയിലാണ് ഇൗ പാട്ട് ആദ്യമായി കേൾക്കുന്നത്.
ബാപ്പയുടെ പീടികക്ക് തൊട്ടുപിറകെയുള്ള എ.എം.എൽ.പി സ്കൂളിൽ നാലാം ക്ലാസിലാണ് ഞാൻ അന്ന് പഠിക്കുന്നത്. ഒരു ഞായറാഴ്ച ദിവസം. അന്ന് സ്കൂളില്ല. രാവിലെ പത്ത്മണിയോടടുത്ത സമയം. ഞാൻ ബാപ്പയുടെ പീടികയിലേക്ക് പുറപ്പെട്ടു. പീടികയുടെ മുന്നിലുള്ള ബദാം മരത്തിെൻറ തണലിൽ ഖദർധാരികളായ കുറച്ചാളുകൾ കൂട്ടംകൂടി നിൽക്കുന്നു. ഒരാൾ പ്രസംഗിക്കുന്നുണ്ട്. അത് കെ.സി. േകാമുക്കുട്ടി മൗലവിയായിരുന്നു. ആളുകൾ മുദ്രാവാക്യം വിളിക്കുകയും കൈയടിക്കുകയും ചെയ്യുന്നു. ആ കൂട്ടത്തിൽ പാണ്ടിക്കാടൻ മുഹമ്മദ് മാസ്റ്റർ, പി.എം. കോയക്കുട്ടി, കളത്തിൽ തങ്ങൾ, പി.എൻ. കുട്ട്യാലി, കക്കാട്ടിരി കുറുപ്പ്, ചിന്നൻ നായർ തുടങ്ങി വേറെയും കുറേപേർ. പ്രസംഗം സമാപിച്ചതോടെ പാട്ടുതുടങ്ങി. എല്ലാവരും ചേർന്ന് പാടുകയാണ്.
''അന്നിരുപത്തൊന്നിൽ നമ്മളിമ്മലയാളത്തില്
ഒന്നുചേർന്നു വെള്ളയോടെതിർത്തു നല്ല മട്ടില്...''
എനിക്ക് നന്നായറിയാവുന്ന പാട്ടായിരുന്നു അത്. ഒരാഴ്ച മുമ്പ് വീടിെൻറ തൊട്ടടുത്ത പുരയിൽ താമസിക്കുന്ന ആണ്ടി വൈദ്യെൻറ മകൻ അപ്പുക്കുട്ടൻ ഒരു വാരിക കൊണ്ടുവന്നു. അതിൽ ഒരു മാപ്പിളപ്പാട്ടുണ്ടായിരുന്നു. അവൻ എന്നെ പാടിക്കേൾപ്പിച്ചു. നെടിയിരുപ്പിലെ കമ്പളത്ത് ഗോവിന്ദൻ നായർ എന്ന കവി എഴുതിയതാണ്. നാട് ഭരിക്കുന്ന ബ്രിട്ടീഷ് ഗവൺെമൻറിനെതിരായ സമരത്തിനുള്ള ആഹ്വാനമായിരുന്നു ആ ഗാനം.
അപ്പുക്കുട്ടൻ പറഞ്ഞു. ''ഇൗ വാരിക ഗവൺെമൻറ് കണ്ടുകെട്ടിയിട്ടുണ്ട്. ഇത് കൈവശം വെക്കുന്നവരെ കണ്ടാൽ പൊലീസ് അറസ്റ്റ് ചെയ്യും. ഇത് എഴുതിയ കവി ഒളിവിലാണ്. അതുകൊണ്ട് സൂക്ഷിക്കണം.'' കുഞ്ഞിമുഹമ്മദാണ് എന്നോട് പറഞ്ഞത്.
ഞാൻ ഇൗ ഗാനം മനഃപാഠമാക്കി. ഹിച്ച്കോക്ക് സായിപ്പിെൻറ സ്മാരകം പൊളിക്കാൻ പോവുകയാണ് സമരക്കാർ. സ്മാരകം പൊളിക്കാൻ ചെന്നാൽ പട്ടാളം വെടിവെക്കും. 1921ൽ പൂക്കോട്ടൂരിലും തിരൂരങ്ങാടിയിലും മറ്റും അവർ നടത്തിയ നരനായാട്ട് ആവർത്തിക്കും. അത് കേട്ടതോടെ എനിക്കാകെ പേടിയായി. ജനം അസ്വസ്ഥരായി നിൽക്കുകയാണ്. എന്നാലും ആരും അവരെ തടഞ്ഞില്ല. അവർ വേഗത്തിൽ പാട്ടും മുദ്രാവാക്യവുമായി നടന്നുനീങ്ങി. അതിനിടയിൽ പാണ്ടിക്കാടൻ മുഹമ്മദ് മാസ്റ്ററുടെ ഉമ്മ ഫാത്തിമക്കുട്ടി അമ്മായി ഒാടിക്കിതച്ച്വന്നു. ''ഒാൻ പോയോ, ഒാൻ ഒറ്റ ആൺതരിയേ എനിക്കുള്ളൂ.'' അമ്മായി കരയാൻ തുടങ്ങി. ബാപ്പ അമ്മായിയെ ആശ്വസിപ്പിച്ചു. ''കുറേ ആളുകൾ പോയിട്ടുണ്ട്. നല്ല ഒരു കാര്യത്തിനാണ് അവർ പോയത്.'' അമ്മായിക്ക് എന്നിട്ടും സമാധാനമുണ്ടായില്ല. ആളുകൾ അവർക്ക് ചുറ്റുംകൂടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
അതിനിടയിൽ കോൺഗ്രസിെൻറ കൊടികുത്തിയ ഒരു കാർ കിഴക്കോട്ട് വേഗത്തിൽ പോകുന്നത് കണ്ടു. കോൺഗ്രസ് നേതാക്കളാണ്. സമയം ഉച്ച കഴിഞ്ഞു. ആളുകൾ അപ്പോഴും അങ്ങാടിയിൽ കൂട്ടംകൂടി നിൽപുണ്ട്. അതിനിടയിൽ കൊണ്ടോട്ടി ഭാഗത്തുനിന്ന് ഒരു ബസ് വന്നു. ജനം ബസിന് ചുറ്റുംകൂടി. ഡ്രൈവർ പറഞ്ഞു: ''മോങ്ങത്ത് പട്ടാളം തമ്പടിച്ചിട്ടുണ്ട്. ജാഥക്കാർ നെടിയിരുപ്പിൽ എത്തിയപ്പോഴേക്കും കോഴിക്കോട്ടുനിന്ന് നേതാക്കൾ എത്തി ജാഥ പിരിച്ചുവിട്ടു. അവർ തിരിച്ചുവരുന്നുണ്ട്.'' പിന്നെ വന്ന ബസിൽനിന്ന് പാണ്ടിക്കാടൻ മുഹമ്മദ് മാസ്റ്ററും മറ്റും ഇറങ്ങി. അമ്മായി ഒാടിച്ചെന്ന് മാസ്റ്ററെ കെട്ടിപ്പിടിച്ചു. ജനം ആശ്വാസത്തോടെ പിരിഞ്ഞുപോകാൻ തുടങ്ങി. തോക്കുധാരികളായ വെള്ളപ്പട്ടാളക്കാർ കയറിയ രണ്ട് വണ്ടികൾ പൊടി പാറിച്ച് നിരത്തിലൂടെ ചീറിപ്പാഞ്ഞുപോയതും ഒാർമയിലുണ്ട്.'' -കുട്ടിമാഷ് പറഞ്ഞു.
വി.എം. കുട്ടി മാഷും അച്ഛനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മക്കളായ പി.കെ. ബാലാമണി ടീച്ചർക്കും പറയാനുണ്ട്. ''വീട്ടിലെ നിത്യസന്ദർശകനായിരുന്നു വി.എം. കുട്ടി മാഷ്. അദ്ദേഹം അന്ന് കുളത്തൂർ സ്കൂളിലാണ് ജോലി ചെയ്യുന്നത്. കൊണ്ടോട്ടി ഉപജില്ലയുടെ ഒാണാഘോഷം, അധ്യാപകദിനംപോലുള്ള ആഘോഷങ്ങളിൽ അദ്ദേഹത്തിെൻറ നേതൃത്വത്തിൽ പല പരിപാടികളും ഉണ്ടാകും. അച്ഛനാകും പാട്ട് എഴുതുക. അതിെൻറ ചർച്ചകൾക്കും മറ്റുമായാണ് അദ്ദേഹം വീട്ടിൽ വരാറുള്ളത്. അച്ഛനുമായി വളരെ അടുത്ത ബന്ധമായിരുന്നു കുട്ടി മാഷിന്. സ്കൂളിൽ പഠിക്കുേമ്പാൾ ഒരു പരിപാടി അവതരിപ്പിക്കാനായി ഞാനും രണ്ട് അനുജത്തിമാരും അനിയനും അദ്ദേഹത്തിെൻറ കൂടെ കോഴിക്കോട് ആകാശവാണിയിൽ പോയിട്ടുണ്ട്. അച്ഛനും ഉണ്ടായിരുന്നു കൂടെ. അന്നൊക്കെ റേഡിയോയിൽ പരിപാടി വരിക എന്ന് പറഞ്ഞാൽ വലിയ കാര്യമാണ്.''
'' 'ഏറനാട്ടിൻ ധീരമക്കൾ' ആദ്യമായി പാടുന്നത് അദ്ദേഹമാണല്ലോ. അയൽപക്കത്തെ മുസ്ലിം വീടുകളിലെ കുറിക്കല്യാണങ്ങളിലും മറ്റും ഇൗ പാട്ട് ഉച്ചത്തിൽ പെട്ടിയിൽ വെക്കുന്നത് കേൾക്കാം. അപ്പോൾ അച്ഛൻ ഞങ്ങൾക്ക് പറഞ്ഞുതരും, ഇത് അച്ഛൻ എഴുതിയ പാട്ടാണ് എന്ന്''- ബാലാമണി ടീച്ചർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.