ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുക്കാമെന്ന് സമ്മതിച്ച കലാം പിൻവാങ്ങിയത് എന്തുകൊണ്ട്, 'കലാം: ദ അൺടോൾഡ് സ്റ്റോറി' വെളിപ്പെടുത്തുന്നു
text_fieldsന്യൂഡൽഹി: ആർ.എസ്.എസ് അനുഭാവി എന്ന് മുദ്രകുത്തപ്പെടാതിരിക്കാനാണ് മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തെ സന്ദർശനം റദ്ദാക്കിയതെന്ന് 'കലാം: ദ അൺടോൾഡ് സ്റ്റോറി' എന്ന പുസ്തകത്തിൽ പറയുന്നു. കലാമിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആർ.കെ. പ്രസാദാണ് പുസ്തകം എഴുതിയത്. 1995ൽ അന്നത്തെ പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ആയിരുന്ന കാലം മുതൽ 2015ൽ കലാം മരിക്കുന്നതു വരെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ആർ.കെ. പ്രസാദ്.
രാഷ്ട്രപതി കലാമിന്റെ സന്ദർശനത്തിനു വേണ്ടി ആർ. എസ്.എസ് ആസ്ഥാനത്ത് ക്രമീകരണങ്ങൾ ഒരുക്കിയിരുന്നെന്നും അതിന് പ്രചാരണം നൽകിയിരുന്നെന്നും സന്ദർശനം റദ്ദാക്കിയത് ആർ.എസ്.എസ് നേതൃത്വത്തെ അലോസരപ്പെടുത്തിയെന്നും പുസ്തകത്തിൽ പറയുന്നു.
കലാം ഒടുവിൽ, ആദ്യം സമ്മതിച്ച തിയതിക്ക് ഒരു മാസത്തിനു ശേഷം ആർ.എസ്.എസ് ആസ്ഥാനം സന്ദർശിക്കുകയും ആഭ്യന്തര പരിശീലനത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യുകയും ചെയ്തു. എന്നാൽ, സംഘടനയിലെ ഉന്നതർ ആരും സന്ദർശന സമയത്ത് എത്തിയില്ല.
2002 മുതൽ 2007 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന കലാം 'പീപ്പിൾസ് പ്രസിഡന്റ്' എന്നാണ് അറിയപ്പെട്ടത്. 2022 ഒക്ടോബർ 15ന് കലാമിന്റെ 91-ാം ജന്മദിനമാണ്.
'2014 മെയിൽ ആർ.എസ്.എസ് ജനറൽ സെക്രട്ടറി രാം മാധവ് കലാമിന്റെ ഓഫീസിലേക്ക് ക്ഷണമയച്ചു. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ സാന്നിധ്യത്തിൽ നടന്ന പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്ന യുവ ആർ.എസ്.എസ് പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ മുൻ രാഷ്ട്രപതി എത്തണമെന്ന് അവർ ആഗ്രഹിച്ചു'
ക്യാമ്പ് ജൂൺ 12-ന് അവസാനിക്കുന്നതിനു മുമ്പ് സൗകര്യപ്രദമായ ഒരു തിയതിയിൽ കലാം ക്യാമ്പ് സന്ദർശിക്കണമെന്നായിരുന്നു ആവശ്യം. പിന്നീട് രാം മാധവ് കലാമിനെ സന്ദർശിച്ചു. ക്യാമ്പ് അവസാനിക്കുന്ന തിയതി ആർ.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാമെന്ന് കലാം അറിയിച്ചു.
എന്നാൽ, അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച ഉപദേശങ്ങളുടെ ഫലമായി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിക്കാനുളള തീരുമാനം കലാം മാറ്റി.
ആർ.എസ്.എസ് ആസ്ഥാനം സന്ദർശിക്കുന്നത് അദ്ദേഹത്തെ 'ആർ.എസ്.എസ് അനുഭാവി' എന്ന് മുദ്രകുത്തുമെന്നും അദ്ദേഹത്തിന്റെ പേര് സംഘടന ദുരുപയോഗം ചെയ്യാൻ ഇടയാക്കുമെന്നും സുഹൃത്തുക്കൾ മുന്നറിയിപ്പ് നൽകിയതായി പ്രസാദ് പറയുന്നു.
എന്നാൽ, സംഘടനയോട് ഒഴികഴിവ് പറഞ്ഞ് പ്രസ്തുത പരിപാടിക്ക് അഞ്ച് ദിവസം മുമ്പ് അവിടെ സന്ദർശിക്കാമെന്ന് അറിയിക്കാൻ കലാം പ്രസാദിനോട് ആവശ്യപ്പെട്ടുവെന്നും പുസ്തകത്തിൽ പറയുന്നു.
'ഇക്കാര്യം ആർ.എസ്.എസ് നേതൃത്വത്തെ ബോധ്യപ്പെടുത്താൻ വളരെ ബുദ്ധിമുട്ടി. അവർ കലാമിന്റെ സന്ദർശനത്തിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും അതിന് പ്രചാരണം നൽകുകയും ചെയ്തിരുന്നു. പെട്ടെന്നുള്ള പിൻവാങ്ങൽ നേതൃത്വത്തെ അലോസരപ്പെടുത്തിയെന്ന് പ്രസാദ് പുസ്തകത്തിൽ പറയുന്നു.
'കലാം: ദ അൺടോൾഡ് സ്റ്റോറി' എന്ന പുസ്തകം ബ്ലൂംസ്ബറിയാണ് പ്രസിദ്ധീകരിച്ചത്. ഉന്നത തലത്തിലുള്ളവർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുമായുള്ള കലാമിന്റെ ബന്ധത്തിലേക്കും ചില വിവാദങ്ങൾക്ക് പിന്നിലെ സത്യത്തിലേക്കും വെളിച്ചം വീശുന്നതാണ് പുസ്തകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.