പ്രഫ. സി.പി. അബൂബക്കർ; വിവർത്തകനിൽ നിന്ന് അക്കാദമിയുടെ അമരത്തേക്ക്
text_fieldsതൃശൂർ: ''ഒരു പുസ്തകം നമ്മളെ കൂടെ കൊണ്ടുപോകുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് വായിക്കുന്നത്? ലോകത്തിലെ ഏതൊരു വായനക്കാരനും ഗ്രന്ഥകർത്താവിനോട് ബാധ്യതയില്ല. ഇത്ര പുസ്തകം വായിക്കണം എന്ന വാശിയുമില്ല. അതായത്, എഴുത്തുകാരന്‍റെ പുസ്തകത്തോടുള്ള ദാഹം വായനക്കാരനില്ലെന്ന് വ്യക്തമല്ലേ...'' കവിയും പ്രശസ്ത വിവർത്തകനുമായ പ്രഫ. സി.പി. അബൂബക്കറിന്‍റെ അഭിപ്രായമാണിത്. ഇപ്പോൾ കേരള സാഹിത്യ അക്കാദമി സെക്രട്ടറിയാണ് പ്രഫ. സി.പി. അബൂബക്കർ. കവി എന്നതിനേക്കാൾ മികച്ച വിവർത്തകൻ എന്ന നിലയിൽ മലയാള സാഹിത്യമേഖലയിൽ തന്‍റേതായ ഇടം നേടിയ വ്യക്തിയാണ് അബൂബക്കർ.
40ഓളം പുസ്തകങ്ങളുടെ രചയിതാവാണ് അബൂബക്കർ. ഇതിൽ എ.എൽ. ബാഷാമിന്‍റെ 'വണ്ടർ ദാറ്റ് വാസ് ഇന്ത്യ' എന്ന ഇന്ത്യൻ ചരിത്രത്തെക്കുറിച്ച പുസ്തകത്തിന്‍റെ തർജമ പ്രധാന രചനകളിൽ ഒന്നാണ്. ഹെന്‍റിക് വില്യം വാൺ ലൂൺ എന്ന പ്രശസ്ത അമേരിക്കൻ സാഹിത്യകാരന്‍റെ മനുഷ്യരാശിയുടെ കഥ, ബൈബിളിന്‍റെ കഥ എന്നിവയാണ് മറ്റു പ്രധാന വിവർത്തന കൃതികൾ. ഡെച്ച് -ആഫ്രിക്കൻ കവിയായ ജൂപ് ബേർസിയെ മലയാളത്തിന് പരിചയപ്പെടുത്തിയത് അബൂബക്കറായിരുന്നു. ഇർഫാൻ ഹബീബിന്‍റെ സൃഷ്ടികൾ പലതും മലയാളത്തിലെത്തിയത് ഇദ്ദേഹത്തിലൂടെയായിരുന്നു. ലേഖന സമാഹാരങ്ങൾക്ക് പുറമെ രണ്ട് നോവൽ, ഒമ്പത് കവിത എന്നിവയും എഴുതി. 'വാക്കുകൾ' എന്ന ആത്മകഥയും ഇൗയിടെ പൂർത്തിയാക്കി.
ജനിച്ചതും വളർന്നതും കോഴിക്കോട് വടകരക്കടുത്ത പുതുപ്പണം എന്ന ഗ്രാമത്തിലായിരുന്നു. കെ.എസ്.എഫിന്റെയും പിന്നീട് എസ്.എഫ്.ഐയുടേയും സംസ്ഥാന നേതാവായിരുന്ന സി.പി. അബൂബക്കര്‍ പിന്നീട് ഏറ്റവും പ്രായം കുറഞ്ഞ അസംബ്ലി സ്ഥാനാർഥിയുമായി. 1971 -2000 വരെ വിവിധ ഗവ. കോളജുകളിൽ ചരിത്ര അധ്യാപകനായി. വിരമിച്ച ശേഷം 'ചിന്ത'യുടെയും 'ദേശാഭിമാനി' വാരികയുടെയും പത്രാധിപരാകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.