എഴുപതിെൻറ നിറവിൽ ജോൺ പോൾ കുറിച്ചു; ഗുരുക്കൻമാരെ, കാലത്തെ പ്രണമിക്കുന്നു
text_fieldsകൊച്ചി: എഴുപതാം പിറന്നാൾ ദിനത്തിൽ പ്രിയ കലാലയത്തിൽ എത്തിയ തിരക്കഥാകൃത്ത് ജോൺ പോൾ കാലം ഇപ്പോഴും കാത്തുവെച്ച ബോർഡിൽ കുറിച്ചിട്ടു, 'ഗുരുക്കൻമാരെ, കാലത്തെ പ്രണമിക്കുന്നു'. 'കടം വാങ്ങിയ വാക്കും ദാനമായി കിട്ടിയ അറിവും മാത്രമാണ് മൂലധനം. പകർന്നുകിട്ടിയ ഭാഷ, ഓതി ത്തന്ന അറിവ് ഇതുമായി ഈ ഭൂമികയിൽ ലയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു'- അദ്ദേഹം തുടർന്നു പറഞ്ഞു.
വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെ കലൂർ സെൻറ് അഗസ്റ്റിൻ ഹൈസ്കൂളിൽ മാനേജ്മെൻറും പൂർവവിദ്യാർഥികളും ഒരുക്കിയ സപ്തതി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതാണ് ജോൺ പോൾ. സ്കൂൾമുറ്റത്ത് നടന്ന ചടങ്ങിൽ പത്നി ഐഷാ എലിസബത്ത് ജോണിനൊപ്പം അദ്ദേഹം കേക്ക് മുറിച്ചു.
'ഇവിടെ വരുേമ്പാൾ അമ്മ വീട്ടിൽ എത്തിയതിെൻറ ഗൃഹാതുരത്വമാണ് എനിക്കെന്നും. വിദ്യാർഥിയായിരിക്കുമ്പോൾ ഒരു ഓട്ടുമെഡൽ പോലും നേടിയില്ല, എന്നാൽ, ആയിരം മെഡൽ കരസ്ഥമാക്കാൻ വേണ്ട ഊർജം വിദ്യാലയത്തിൽനിന്ന് ലഭിച്ചു.
ഇവിടെനിന്ന് ലഭിച്ച അറിവിെൻറ കല്ലുകൾ ചേർത്ത് വെച്ചാണ് പിന്നീട് മുന്നോട്ട് നടന്നത്' -അദ്ദേഹം വിവരിച്ചു. പ്രിയ അധ്യാപകരായ ജെയിംസ് തോപ്പിൽ, വി.ടി. ജോർജ്, കെ.എഫ്. അലക്സാണ്ടർ, ഐ. പരമേശ്വര അയ്യർ, ഫാ. പൗലോസ് വട്ടോലി, അധ്യാപകനും പിന്നീട് സിനിമയിലെ നടനുമായ എം.എസ്. തൃപ്പൂണിത്തുറ എന്നിവരെയെല്ലാം ജോൺ പോൾ ഓർത്തെടുത്തു.
ചരിത്ര വേഷങ്ങൾ പ്രൗഢമായി സ്കൂളിൽ അവതരിപ്പിച്ച സഹപാഠി കൊച്ചിൻ ഹനീഫ, സീനിയർ ജെ.സി. എന്നിവരുമായി ചേർന്നുള്ള കാലം അനുഗൃഹീതമായിരുന്നു.
എം.ടി ഉൾപ്പെടെ ആശംസകൾ നേർന്നപ്പോൾ പലരും തമാശ രൂപേണ 70ാം പിറന്നാൾ നേരത്തേ കഴിഞ്ഞതല്ലേയെന്ന് സംശയം പ്രകടിപ്പിച്ചു. ജീവിതത്തിൽ ആദ്യമായാണ് ശരണ്യനായി, അഭിനന്ദന ആരോപണങ്ങൾക്ക് വിധേയനായി ഇരിക്കുന്നത്. എന്നും മറ്റുള്ളവരുടെ ജീവിതത്തിലെ നല്ല നാളുകൾ ഒരുക്കുന്നതിലായിരുന്നു തെൻറ മനസ്സും ശരീരവും സമർപ്പിച്ചത്. ഇന്നും സിരകളിൽ നാൽപതിെൻറ രക്തമാണ് പ്രവഹിക്കുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
എറണാകുളം അങ്കമാലി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. പോൾ ചിറ്റിനപ്പിള്ളി പൊന്നാട അണിയിച്ചു.
സിസ്റ്റർ ഡെയ്സി മോൾ സിറിയക് മംഗളപത്രം നൽകി. അസി. മാനേജർ ഫാ. തോമസ് നങ്ങേലി മാലിൽ, ഹെഡ്മാസ്റ്റർ ബിജു കെ. സൈമൺ, അധ്യാപകരായ ജെയ്മോൻ പി. ഇട്ടീര, പി.എക്സ്. ആൻറണി, പി.ടി.എ, പൂർവ വിദ്യാർഥി പ്രതിനിധികളായ എം.കെ. ഇസ്മയിൽ, എം.ജി. അരിസ്റ്റോട്ടിൽ, സിജോ, ഡി. ബാലഗോപാൽ പൈ, ഐ.ജെ. വർഗീസ്, കലൂർ ജോസഫ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.