പി. വത്സലക്ക് എഴുത്തച്ഛന് പുരസ്കാരം
text_fieldsതിരുവനന്തപുരം: സാഹിത്യരംഗത്തെ സമഗ്രസംഭാവനക്ക് സംസ്ഥാന സർക്കാർ നല്കുന്ന പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം നോവലിസ്റ്റും കഥാകാരിയുമായ പി. വത്സലക്ക്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
നോവൽ, ചെറുകഥ രചനാ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരമെന്ന് മന്ത്രി സജി ചെറിയാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യാഥാസ്ഥിതികത്വത്തിൽനിന്നുള്ള വിമോചനം സ്വപ്നം കണ്ട എഴുത്തുകാരിയാണ് പി. വത്സലയെന്നും മന്ത്രി പറഞ്ഞു. സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ അധ്യക്ഷനും ഡോ. ബി. ഇക്ബാൽ, ആലങ്കോട് ലീലാകൃഷ്ണൻ, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിർണയിച്ചത്.
ഓരങ്ങളിലേക്ക് വകഞ്ഞുമാറ്റപ്പെടുന്ന അടിയാള ജീവിതം എഴുത്തിൽ ആവാഹിച്ച എഴുത്തുകാരിയാണ് പി. വത്സലയെന്ന് സമിതി വിലയിരുത്തി. പ്രാദേശികവും വംശീയവും സ്വത്വപരവുമായ കേരളീയപാരമ്പര്യങ്ങളെ അതിമനോഹരമായി ആവിഷ്കരിക്കാന്‍ അവര്‍ക്ക് സാധിച്ചു. മലയാളഭാഷയിൽ അതുവരെ അപരിചിതമായ ഭൂമികയെ അനായാസമായി വത്സല നമുക്ക് മുന്നിൽ അവതരിപ്പിച്ചു.
കേരള സാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. നെല്ല് ആണ് പി. വത്സലയുടെ ആദ്യനോവൽ. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍, ലഭിച്ചു. നിഴലുറങ്ങുന്ന വഴികള്‍, നെല്ല്, ആഗ്നേയം, അരക്കില്ലം, ഗൗതമന്, പാളയം, ചാവേര്‍, കൂമന്‍കൊല്ലി, നമ്പറുകള്‍, വിലാപം, പഴയപുതിയ നഗരം, ആനവേട്ടക്കാരന്‍, അനുപമയുടെ കാവല്ക്കാരന്, ഉണിക്കോരന്‍ ചതോപാധ്യായ, ഉച്ചയുടെ നിഴല്‍, കറുത്ത മഴപെയ്യുന്ന താഴ്വര, തകര്‍ച്ച എന്നിവയാണ് പ്രധാനകൃതികള്‍. നിഴലുറങ്ങുന്ന വഴികൾ എന്ന നോവലിനായിരുന്നു സാഹിത്യ അക്കാദമി അവാർഡ്.
കാനങ്ങോട്ട് ചന്തുവിെൻറയും പത്മാതിയുടെയും മകളായി 1938 ഏപ്രിൽ നാലിന് കോഴിക്കോട്ട് ജനനം. കോഴിക്കോട് ഗവ. ട്രെയിനിങ് സ്കൂളില്‍ പ്രധാനാധ്യാപികയായി വിരമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.