സിൽക് സ്മിതയോട് നാം പ്രായശ്ചിത്തം ചെയ്തോ? 60ാം പിറന്നാൾ ദിനത്തിൽ നടിയെ ഓർത്ത് ശാരദക്കുട്ടി
text_fieldsകോഴിക്കോട്: ജീവിച്ചിരിക്കുമ്പോൾ സിൽക് സ്മിതയോട് ചെയ്ത നീതിരാഹിത്യത്തിന് മരണശേഷം പ്രായശ്ചിത്തം ചെയ്യുകയായിരുന്നു പൊതുസമൂഹമെന്ന് എഴുത്തുകാരി ശാരദക്കുട്ടി. സംവിധായകന്മാരും കൂെട അഭിനയിച്ച നടന്മാരും അവരുടെ മരണശേഷമാണ് സ്മിതയെക്കുറിച്ച് വാചാലരായത്. ഒരു ഓൺലൈൻ മാധ്യമത്തിൽ എഴുതിയ ഓർമക്കുറിപ്പിലാണ് സിൽക് സ്മിതയുടെ ഫാനായിരുന്നു താനെന്ന് ശാരദക്കുട്ടി വെളിപ്പെടുത്തുന്നത്.
സുജാതയെപ്പോലെ സാവിത്രിയെ പോലെ നല്ല നടിയായി തീരാൻ സിനിമയിലെത്തിയ സ്മിതയുടെ കണ്ണിലും ചുണ്ടിലും ശബ്ദത്തിലും ലഹരി നിറച്ചത് ആരാണ്. സിനിമയിലെ സ്വാഭാവിക സംഭാഷണങ്ങൾ പോലും സ്മിതക്കുവേണ്ടിയാകുമ്പോൾ അടക്കിപിടിച്ചതായി. കണ്ണൊന്ന് നേരെ ചൊവ്വേ പിടിക്കാനോ ചുറ്റുപാടുകൾ ശരിയാം വണ്ണം നോക്കാനോ സിനിമ ഒരിക്കലും അനുവദിച്ചില്ല. കൃത്രിമ ലഹരിയുടെ കനം തൂങ്ങിയ കണ്ണുകൾ എന്നും അടഞ്ഞുതൂങ്ങി നിന്നു. മുന്നിൽ നിൽക്കുന്ന ആണിനെ പ്രലോഭനത്തിലാക്കുമെന്ന തരത്തില്‍ അവ അസ്വാഭാവിക വശ്യതയാര്‍ന്നു. സിനിമയുടെ വ്യാപാര താല്‍പര്യങ്ങളാണ് അവരുടെ മനോഹരമായ കണ്ണുകള്‍ക്ക് സാധാരണ നോട്ടങ്ങള്‍ നിഷേധിച്ചത്. പുരുഷകാഴ്ചക്കാരുടെ വികാരങ്ങള്‍ക്കും തോന്നലുകള്‍ക്കും ആ ശരീരം വാസസ്ഥലമായി. അവര്‍ സിനിമാവ്യവസായത്തിന് ഉറപ്പുള്ള ഒരു മൂലധനം ആയി മാറിയതെങ്ങനെയെന്ന് ശാരദക്കുട്ടി വിശദീകരിക്കുന്നു.
പറയത്തക്ക അഭിനയ മികവൊന്നും പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കാതിരുന്നിട്ടും ഒരു അഭിനേത്രി തന്‍റെ മരണത്തിന്റെ ഇരുപത്തിനാലാം വര്‍ഷത്തിലും ഓര്‍മിക്കപ്പെടുന്നു. അവരെക്കുറിച്ച് കവിതകളും വാഴ്ത്തലുകളും ലേഖനങ്ങളും ഉണ്ടായി. അവരുടെ ജീവിതം സിനിമയായി. ഹാസ്യനടി അല്ലാതിരുന്നിട്ടും സ്മിത ആളുകള്‍ക്ക് പലപ്പോഴും ഒരു തമാശ ആയിരുന്നു. അവര്‍ ജീവിച്ചിരുന്നപ്പോള്‍ ആരും ആ ജീവിതത്തെയോ അവരുടെ സങ്കടങ്ങളെയോ ഗൗരവമായി കണ്ടില്ല. ആ നടിയുടെ ശരീരത്തെ മാത്രം നമ്മള്‍ ഗൗരവത്തോടെ കാണുന്നു. മരിച്ചിട്ട് ഇരുപത്തിനാല് കൊല്ലമായെങ്കിലും ഇന്നും അവര്‍ ഒരു സെക്‌സ് സിംബല്‍ മാത്രമായി തുടരുന്നു. ഓരോ ഓര്‍മദിനത്തിലും തന്‍റെ കണ്ണുനീരാലാണ് ഞാന്‍ അവര്‍ക്ക് ഉദകക്രിയ ചെയ്യുന്നതെന്ന് പറഞ്ഞാണ് ശാരദക്കുട്ടി ലേഖനം അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.