'മംഗളം' പ്രസിദ്ധീകരണം നിർത്തുമ്പോൾ; പുകഴ്ത്തലുകൾ മാത്രം മതിയോയെന്ന് സുസ്മേഷ് ചന്ദ്രോത്ത്
text_fields'മംഗളം' വാരിക പ്രസിദ്ധീകരണം നിർത്തിയത് മലയാളികൾ ഏറെ ചർച്ചചെയ്യുകയാണ്. നാലുപതിറ്റാണ്ടോളം മലയാളികളുടെ വായനാമണ്ഡലത്തിൽ നിറഞ്ഞുനിന്ന ഒരു പ്രസിദ്ധീകരണമാണ് വിടപറഞ്ഞിരിക്കുന്നത്. എന്നാൽ, പുകഴ്ത്തലുകൾ മാത്രം പോരെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്ത്.
പൈങ്കിളി എന്ന് പരിഹസിക്കപ്പെട്ട ജനപ്രിയ (?) സാഹിത്യത്തിന്റെ തുടർച്ചയായുള്ള പാരായണം മലയാളിയുടെ നാല് തലമുറയെ എങ്കിലും കാര്യമായ വിധത്തിൽ അപകടത്തിലാക്കിയിട്ടുണ്ടെന്നാണ് സുസ്മേഷ് ചന്ദ്രോത്ത് ചൂണ്ടിക്കാട്ടുന്നത്. ഇന്നുകാണുന്ന സകല പിന്തിരിപ്പൻ വിശ്വാസങ്ങളും ആചാരസംരക്ഷണങ്ങളും സ്ത്രീ-പുരുഷ ബന്ധങ്ങളിലെ പവിത്രതാസങ്കൽപ്പവും സ്ത്രീ-പുരുഷ സൗഹൃദങ്ങളിൽ ഭയപ്പെടുത്തി നേടിയ സകല അകൽച്ചകളും തുടങ്ങി ഒട്ടേറെ അപകടങ്ങൾ ഇത്തരം പ്രസിദ്ധീകരണങ്ങളിലെ സാഹിത്യം നമ്മളിൽ നാമറിയാതെ ഏൽപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
സുസ്മേഷ് ചന്ദ്രോത്ത് പങ്കുവെച്ച കുറിപ്പ് വായിക്കാം...
'മംഗളം' പ്രസിദ്ധീകരണം നിർത്തുമ്പോൾ..
മലയാളിയെ വായിക്കാൻ പഠിപ്പിച്ച പ്രസിദ്ധീകരണം, സാക്ഷരതായജ്ഞത്തിന് ഊറ്റം പകർന്ന പ്രസിദ്ധീകരണം എന്നെല്ലാം പലമട്ടിൽ മംഗളം പോലുള്ള ജനപ്രിയ വാരികകളുടെ ഉള്ളടക്കത്തെ കാലാകാലങ്ങളായി പലരും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അതായത് അതിന്റെ പോരായ്മകൾ കാണാതിരിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു ആ ന്യായീകരണക്കാരെല്ലാവരും.
1969 ൽ ആണ് മംഗളം വാരിക ആരംഭിക്കുന്നത്. പൈങ്കിളി എന്ന് പരിഹസിക്കപ്പെട്ട ജനപ്രിയ (?) സാഹിത്യത്തിന്റെ (pulp) തുടർച്ചയായുള്ള പാരായണം മലയാളിയുടെ നാല് തലമുറയെ എങ്കിലും കാര്യമായ വിധത്തിൽ അപകടത്തിലാക്കിയിട്ടുണ്ട്. 1985 കാലഘട്ടത്തിൽ മംഗളത്തിന്റെ പ്രചാരം ഇന്ത്യയിൽത്തന്നെ, അതോ ഏഷ്യയിലോ മറ്റൊരു വാരികയ്ക്കുമില്ലാത്ത റെക്കോഡായ 17 ലക്ഷം കോപ്പിയായിരുന്നു.
ഇന്നുകാണുന്ന സകല പിന്തിരിപ്പൻ വിശ്വാസങ്ങളും ആചാരസംരംക്ഷണങ്ങളും സ്ത്രീ പുരുഷ ബന്ധങ്ങളിലെ പവിത്രതാസങ്കൽപ്പവും സ്ത്രീ പുരുഷ സൗഹൃദങ്ങളിൽ ഭയപ്പെടുത്തി നേടിയ സകല അകൽച്ചകളും തുടങ്ങി ഒട്ടേറെ അപകടങ്ങൾ അത്തരം പ്രസിദ്ധീകരണങ്ങളിലെ സാഹിത്യം നമ്മളിൽ നാമറിയാതെ ഏൽപ്പിച്ചിട്ടുണ്ട്. അതിലും വലുതാണ് ഉത്തമമെന്ന് കരുതാവുന്ന സാഹിത്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ വളർത്തിയതും അതിനോടെല്ലാം പരിഹാസതുല്യമായ അകൽച്ച വർദ്ധിപ്പിച്ചതും. പുരുഷനെയും സ്ത്രീയെയും രണ്ട് തട്ടിലാക്കി തിരിച്ച് സമൂഹത്തിൽ വേർതിരിവുണ്ടാക്കുന്നതിനും ആണധികാരരൂപങ്ങളെ തുടർച്ചയായി പ്രതിഷ്ഠിക്കുന്നതിനും അത് സ്ത്രീകളെക്കൊണ്ട് സമ്മതിപ്പിക്കുന്നതിനും ഇത്തരം പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കം കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. അതിനാൽ ഈ വാർത്ത കേൾക്കുമ്പോൾ ഒരു പ്രസിദ്ധീകരണം നിന്നുപോകുമ്പോഴുള്ള വേദന തോന്നുന്നില്ല. (തൊഴിലില്ലാതാകുന്നവരുടെ പ്രയാസം കാണാതിരിക്കുന്നില്ല. ഇവിടെ പറയാൻ ശ്രമിക്കുന്നത് അതല്ല)
തിരിഞ്ഞുനിന്നു നോക്കുമ്പോൾ ഒരുകാലത്ത് ആർത്തിയോടെ കാത്തിരുന്ന് വായിച്ച ആ പ്രസിദ്ധീകരണങ്ങൾ (അന്ന് എന്റെ ജീവിതസാഹചര്യങ്ങളിൽ അതേ കിട്ടാനുണ്ടായിരുന്നുള്ളൂ.) എന്റെ അഭിരുചികളെ മോശപ്പെടുത്തിയതും ഞാൻ തിരിച്ചറിയുന്നു. മംഗളത്തിൽ മൂന്നാം പേജിൽ പ്രസിദ്ധീകരിക്കാനായി ആവശ്യപ്പെട്ട പ്രകാരം ഞാൻ രണ്ട് ചെറിയ കഥകൾ പിൽക്കാലത്ത് കൊടുത്തിട്ടുണ്ട്. അപ്പോളൊക്കെ മലയാളിയെ വായനക്കാരാക്കുന്നതിൽ കാര്യമായ പങ്കു വഹിച്ചിരുന്ന പ്രസിദ്ധീകരണം എന്നുതന്നെയാണ് തെറ്റിദ്ധരിച്ചിരുന്നതും. പിന്നീട് ആലോചിച്ചപ്പോൾ ആ ഉള്ളടക്കമാണ് നമ്മുടെ സാമൂഹിക വളർച്ചയെ കാര്യമായി പിന്നോട്ടടിപ്പിച്ചതെന്നും മതങ്ങളെയും മനുഷ്യരെയും പ്രത്യേകിച്ച് അമ്മമാരെയും കൂടുതൽ അപകടകരമായ ശാഠ്യങ്ങളിലേക്കും ശീലങ്ങളിലേക്കും ഭയങ്ങളിലേക്കും നയിച്ചതെന്നും മനസ്സിലായി.
പൈങ്കിളി എന്ന് ജനപ്രിയവാരികകളെ ആദ്യം വിശേഷിപ്പിച്ചത് ഡി.വൈ.എഫ്.ഐ ആയിരുന്നു. ഇടതുപക്ഷപ്രസ്ഥാനങ്ങളും അവയുടെ പോഷകസംഘടനകളും സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പുരോഗമനപ്രവണതകളെ കളിയാക്കാനും വെല്ലുവിളിക്കാനുമാണ് കേരളീയ സമൂഹത്തിലെ ഭൂരിഭാഗം പേരും പലപ്പോളും ശ്രമിച്ചിട്ടുള്ളത്.
ഡി.വൈ.എഫ്.ഐ അന്ന് പറഞ്ഞത് ശരിയാണ്. അതിന്റെ തുടർച്ചയായി നാമിന്ന് വായനയിലും ആത്മാവിഷ്‌കാരങ്ങളിലും കൂടുതൽ കൂടുതൽ പൈങ്കിളികളായി മാറിക്കൊണ്ടിരിക്കുന്നു. പുറമേക്കണിയുന്ന കുപ്പായം വേറെയാണെങ്കിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.