കഥയുടെ പുതുവഴി തേടിയ എഴുത്തുകാരൻ ടി.എൻ. പ്രകാശ് ഇനി ഓർമ്മ...
text_fieldsകണ്ണൂർ: മലയാള കഥാ ലോകത്ത് കഥയുടെ പുതുനാമ്പുകൾക്ക് ദിശ നിശ്ചയിച്ച കഥാകാരൻ ടി.എൻ. പ്രകാശ് യാത്രയായത് കഥയില്ലാ ലോകത്തേക്ക്. കഥകൾ കാലത്തോട് സംവദിക്കാതെ സഞ്ചരിച്ചപ്പോൾ കഥയെ കാലത്തിന്റെ വഴിയിലേക്ക് തിരിച്ചുവിട്ടവരിൽ ടി.എൻ. പ്രകാശുമുണ്ടായിരുന്നു. 2011ൽ ഡി.ഇ.ഒ സ്ഥാനത്തുനിന്ന് വിരമിച്ചശേഷം എഴുത്തുവഴിയിലും സാംസ്കാരികരംഗത്തും സജീവമാകുന്നതിനിടെയാണ് പൊടുന്നനെ നിശ്ശബ്ദനായത്. പക്ഷാഘാതത്തെ തുടർന്ന് ഏതാനും വർഷങ്ങളായി ടി.എൻ. പ്രകാശ് എഴുത്തിന്റെ ലോകത്തുനിന്ന് അകന്നുകഴിയുകയായിരുന്നു.
രോഗം മാറി എഴുത്തിലേക്ക് തിരിച്ചുവരുമെന്ന് സാംസ്കാരികലോകം ആഗ്രഹിച്ചിരുന്നെങ്കിലും ആ ആഗ്രഹം ബാക്കിയാക്കിയാണ് കഥാകൃത്തിന്റെ മടക്കം. 2015ലെ തിരുവോണ നാളിലായിരുന്നു പക്ഷാഘാതം വന്നത്. വരുന്ന ഏപ്രിൽ 27ന് മകൾ തീർഥയുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് മരണം. 69 വയസ്സായിരുന്നു. 1955 ഒക്ടോബർ ഏഴിന് കണ്ണൂരിലെ വലിയന്നൂരിൽ എം. കൃഷ്ണൻ നായരുടെയും എം. കൗസല്യയുടെയും മകനായി ജനിച്ചു.
കഥാകൃത്ത്, നോവലിസ്റ്റ്, കേരള സാഹിത്യ അക്കാദമി അംഗം, കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അബൂദബി ശക്തി അവാര്‍ഡ്, ചെറുകഥാ ശതാബ്ദി അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, വി.ടി. ഭട്ടതിരിപ്പാട് അവാര്‍ഡ്, എസ്.ബി.ടി സാഹിത്യ പുരസ്കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, മയില്‍പ്പീലി പുരസ്കാരം, അറ്റ്ലസ് കൈരളി പുരസ്കാരം, എക്സലന്റ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
വളപട്ടണം പാലം, ദശാവതാരം, സ്നേഹദൃശ്യങ്ങള്‍, ഇന്ത്യയുടെ ഭൂപടം, ഈ കടല്‍ത്തീര നിലാവില്, തെരഞ്ഞെടുത്ത കഥകള്‍, താപം, ലോകാവസാനം, താജ്മഹല്‍, വാഴയില, രാജ്ഘട്ടില്‍ നിന്നൊരാള്‍ (കഥകള്‍), സൗന്ദര്യലഹരി, നട്ടാല്‍ മുളയ്ക്കുന്ന നുണകള്‍, കിളിപ്പേച്ച് കേക്കവാ..., ചന്ദന (നോവലെറ്റുകള്‍), തെരഞ്ഞെടുത്ത പതിനൊന്ന് നോവലെറ്റുകള്‍, ആര്‍ട്ട് ഓഫ് ലിവിങ്, നക്ഷത്രവിളക്കുകള്‍ (ഓർമ), വാന്‍ക, വീഞ്ഞ്, ഈസ്റ്ററിന്റെ തലേരാത്രി (ബാലസാഹിത്യം), സമനില, തണല്‍, തൊട്ടാല്‍ പൊള്ളുന്ന സത്യങ്ങള്‍, കൈകേയി, വിധവകളുടെ വീട് (നോവലുകള്‍), ഡോ. ടി.പി. സുകുമാരന്‍: പേരിന്റെ പൊരുള്‍ (ജീവചരിത്രം) എന്നിവയാണ് കൃതികൾ. റിട്ട. ഹെഡ്മിസ്ട്രസ് ഗീതയാണ് ഭാര്യ: മക്കൾ: പ്രഗീത് (ഐ.ടി, കോയമ്പത്തൂർ), തീർഥ (പി.എച്ച്.ഡി വിദ്യാർഥിനി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.