ഈ കവിതകളിലെ അന്വേഷണം ദൈവത്തോളമെത്തുകയും തിരിച്ചു മണ്ണിലേക്ക് വരികയും ചെയ്യുന്നുണ്ട്...
text_fields“ദൈവം എന്റെ കയ്യിലേക്ക് ഒരു റിലേ വടി വച്ചുതന്നു, ഇതൊരു കളിക്കളമാണെന്നോ അയാളൊരു റഫറിയാണെന്നോ ഞാനോർത്തതേയില്ല” (റിലേ).
യഹിയ മുഹമ്മദിന്റെ എഴുത്തുകളിലെ അന്വേഷണം ദൈവത്തോളമെത്തുകയും തിരിച്ചു മണ്ണിലേക്ക് വരികയും ചെയ്യുന്നുണ്ട്. കാല്പനീക ഭാവങ്ങളുടെ അടരുകളിൽ ചിന്താശകലങ്ങൾ വാരിവിതറി അനുവാചകരുടെ നേരെ നീട്ടുന്ന കവിയാണ് യഹിയ. ആധുനികകാവ്യ രചനാശൈലി സ്വായത്തമാക്കുകയും അതിലൂടെ നിർബാധം സഞ്ചരിക്കുകയും ചെയ്യുന്നു.
പാഠം ഒന്ന്, വീടുവിചാരം എന്ന കവിതയിൽ തൊട്ട്, പൂച്ചവാലൻ വരെ നാല്പതോളം കവിതകളുടെ കൊച്ചുസമാഹാരമാണീ പുസ്തകം. എഴുത്തുവഴിയിൽ തനതായ പാത വെട്ടിത്തെളിച്ച ഈ യുവസാഹിത്യകാരന്റെ കവിതകളുടെ വായന കൗതുകകരമാണ്.
ചുറ്റും കാണുന്ന കാഴ്ചകളെ ലളിതമായ ബിംബങ്ങൾ ഉപയോഗിച്ചും ആലങ്കാരികമായ വിശേഷണങ്ങളുടെ അകമ്പടിയില്ലാതെ വായനക്കാരിലേക്ക് എത്തിക്കുന്ന ശൈലിയാണ് യഹിയ സ്വീകരിച്ചിരിക്കുന്നത്. ഈ എഴുത്തിലൂടെ കടന്നുപോകുന്ന വിഷയങ്ങൾ നമുക്കു ചുറ്റും കാണുന്നവ തന്നെ. അവയെ നേരിട്ടവതരിപ്പിച്ചും ഗദ്യഭാവത്തിൽ വായിച്ചെടുക്കാവുന്ന കവിതകളിൽ സ്വാഭാവികമായി കാണുന്ന വിചാരവികാരങ്ങളും അന്വേഷണഭാവങ്ങളും നിരീക്ഷണങ്ങളും ഒരു സാധാരണമനുഷ്യന്റെ കണ്ണിലൂടെ കാണുന്ന ശൈലിയുമാണ്.
ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാം, ഒന്നു മയങ്ങിക്കിടക്കേണ്ട സമയമല്ലേ വേണ്ടൂ, മേൽക്കൂര പണിതുതീരാൻ (പാഠം ഒന്ന്, വീടുവിചാരം), സ്വന്തം മുതുകിൽ വീട് ചുമന്നു അവറ്റകൾ അതിസൂക്ഷ്മം സഞ്ചരിക്കുന്നു (ഒച്ച്) തുടങ്ങിയ കവിതകളിലെ വീട് എന്ന വികാരം നമ്മുടെ മനസ്സിൽ ഒച്ചിനെപ്പോലെ അള്ളിപ്പിടിച്ചിരിക്കും.
മനുഷ്യസ്വഭാവത്തെ വിമർശനബുദ്ധ്യാ നിരീക്ഷിക്കുകയും മറ്റുള്ളവരുടെ മുന്നിലേക്ക് അവരെ എത്തിക്കുകയും ചെയ്യുന്നത് നോക്കൂ, “ഇരട്ടക്കുഴൽതോക്കുകൊണ്ട് കാട്ടുപന്നിയെ നായാടിപ്പിടിക്കുന്നപോലെ എളുപ്പമാവണമെന്നില്ല പേനിനെ കൊല്ലുന്നത്” (പേൻ നുള്ളുമ്പോൾ) എന്നു പറയുമ്പോൾ മനുഷ്യന്റെ ചിന്തയിലെ അപഭ്രംശങ്ങൾ എത്ര ലാഘവത്തോടെ തുറന്നുകാട്ടുന്നു കവി. കവിത വായിക്കുമ്പോൾ തൊട്ടടുത്തുള്ള സുഹൃത്തിനോട് നേരംപോക്കു ചൊല്ലുന്നതായോ സംവദിക്കുന്നതായോ തോന്നുംപടി എഴുത്ത് ശാന്തമായ പുഴപോലെ ഒഴുകുമ്പോൾ, അയൽവീട്ടിലെ ചെറുക്കന്റെ മുഖം ഓർമ്മിക്കാം.
“കുഞ്ഞിനെ കൈവെള്ളയിൽ കിടത്തി കരയിൽ നീന്താൻ പഠിപ്പിക്കുന്നു, കടൽ. കടൽക്കുഞ്ഞിനെ നീന്തിനീന്തി നാടും കാടും കടന്ന് മലയുടെ ഉച്ചിവരെയെത്തി” (നീന്തൽ).
മനുഷ്യസ്വഭാവത്തെ എത്ര ലളിതമായി വരയ്ക്കുന്നു കവി ഇവിടെ.
നിരീക്ഷണങ്ങൾ ഒടുങ്ങുന്നേയില്ല, ചിലപ്പോൾ ഹാസ്യം തുളുമ്പുന്ന ചിന്തകളെയും ഇവിടെ കാണാം.,
“യാത്രകളിലെല്ലാം വഴിനീളേ എന്തോ മറന്നുവച്ചതിനെക്കുറിച്ച് ഞാനോർത്തുകൊണ്ടേയിരിക്കും…
എന്നോ ഒരിക്കൽ എവിടെയോ ഞാനെന്തോ മറന്നുവച്ചിട്ടുണ്ട്…”(മറന്നുവച്ചത്).
എത്ര സ്വാഭാവികമായിട്ടാണ് കവിയുടെ മറവി, മനുഷ്യന്റെ സ്വാഭാവികശീലമാക്കി വരയ്ക്കുന്നറത്. തന്നെ മറക്കുക എന്നത് സ്വത്വം തേടുന്നവന്റെ ദുരന്തമാണ്, അതെത്ര ലളിതമായി ചൂണ്ടിക്കാട്ടി കവിയിവിടെ.
മനുഷ്യന്റെ വൈജാത്യങ്ങളെ ഇതിൽ ഒതുക്കുന്നില്ല. കസായിപ്പുരയിലെ സൂഫിയിൽ,
“ഇറച്ചിവെട്ടുകാരൻ സെയ്‌താലിമാപ്പിള പൊടുന്നനെ ഒരു ദിവസം മൗനത്തിലേക്കാണ്ടുപോയി, കസായിപ്പുരയിൽ ഒരു ബുദ്ധന്റെ പിറവി”.
പച്ചമനുഷ്യന്റെ രൂപാന്തരം എത്ര സൂക്ഷ്മമായി അവതരിപ്പിച്ചു കവി. അതിജീവനത്തിന്റെ നൂലാമാലകളിൽപെട്ടു നട്ടം തിരിയുന്നവനുപോലും ഒരു വഴിത്തിരിവുണ്ടാകുന്നു, ബോധമുദിക്കുന്നു എന്ന വസ്തുത ഇറച്ചിവെട്ടുകാരൻ എന്ന ബിംബത്തിലൂടെ പറയുമ്പോൾ സാധാരണ മനുഷ്യനുണ്ടാകുന്ന വെളിവുകളാൽ, “ധ്യാനത്തിൽനിന്നും അയാൾ കണ്ണുതുറക്കുന്നതും കാത്ത് അറവുമാടുകൾ പുനർജ്ജനിച്ചിരിക്കുന്നു” എന്നതിലെ നിരീക്ഷണം ചില സാമൂഹികഭാവങ്ങളെ പൊളിച്ചടുക്കുന്നു എന്നും കാണാം. ഇതേ വികാരം കാല് എന്ന കവിതയിലും കാണാം, “കാലില്ലാത്തവന്റെ വേദന മരങ്ങളോളം മറ്റാർക്കാണറിയാൻ കഴിയുക? “ എന്ന ചോദ്യത്തിലൂടെ സർവ്വചരങ്ങളുടെയും അസ്തിത്വത്തെ ചലനഭാവവുമായും അതിജീവനത്തിന്റെ പ്രാഥമികസത്യമായും കാട്ടുന്നു. നിലനിൽപ്പിനുള്ള മത്സരം രാഷ്ട്രീയപ്രബുദ്ധതയോളം ഉയർത്തുന്നു വന്യജീവികൾ എന്ന കവിതയിൽ, “ഒരു പൗരത്വബില്ലിന്റെ അകമ്പടിയോ അതിർത്തികെട്ടി കൊടി നാട്ടുകയോ ചെയ്യാതെ എത്ര വിദഗ്ദ്ധമായാണ് അവർ നിങ്ങളെ കുടിയൊഴിപ്പിച്ചെടുക്കുന്നത്. കവിയുടെ പ്രതിബദ്ധത രാഷ്ട്രീയത്തിലും നിലപാടിലും ഇതിലും തെളിമയോടെ എന്തിനു പറയണം.
ഉദാഹരണങ്ങൾ എത്രവേണമെങ്കിലും പറയാം. പക്ഷേ, വായനക്കാരനും സ്വയം വായിച്ചെടുക്കുവാനും ഉൾക്കൊള്ളാനും കൂടിയാണല്ലോ കവിതകൾ. അവലോകനക്കാരന്റെ കർത്തവ്യം, അതിനായി ഒരു കളമൊരുക്കുക്കുക എന്നതുമാത്രമാണ്. യഹിയ മുഹമ്മദിന്റെ കാവ്യസഞ്ചാരത്തിന് ദശകങ്ങളുടെ ചരിത്രമുണ്ട്.
നടന്നെത്തിയ പാത കാട്ടിക്കൊടുത്ത അനുഭവങ്ങളുടെ തെളിച്ചമുണ്ട്. ചുറ്റും കാണുന്നതിന് ചേർത്തുവയ്ക്കാനും ആവശ്യമെങ്കിൽ ചോദ്യം ചെയ്യാനുമുള്ള ആർജ്ജവവും ഉണ്ട്. അതുകൊണ്ടാവും, ഈ കവിതാസമാഹാരത്തിലെ കവിതകളും ഒറ്റ വായനയിൽ അനുവാചകരെ സ്വാധീനിക്കുന്നതും. എഴുത്തുവഴിയിൽ യഹിയ എനിക്കു പ്രിയപ്പെട്ട കവിയാണ്. എല്ലാവിധ ആശംസകളും നേരുന്നു. ഈ കവിതാസമാഹാരം അനുവാചകവൃന്ദം ഏറ്റെടുക്കട്ടെ.
സസ്നേഹം ഡോ. അജയ് നാരായണൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.