വിടപറയുന്നത് മനുഷ്യകുലത്തിന്‍റെ വേദനകളുടെ വേദപുസ്തകം തീർത്ത കവി
text_fieldsമനുഷ്യകുലത്തിന്‍റെ വേദനകളുടെ വേദപുസ്തകമാണ് മഹാകവി അക്കിത്തത്തിന് കവിത. 'മനുഷ്യൻ' എന്ന വലിയ കവിതയുടെ ഒരു വരിയോ വാക്കോ മാത്രമാണ് താൻ, എന്നറിഞ്ഞ് ഒതുങ്ങിക്കൂടാനുള്ള വിനയം.- തന്‍റെ കവിത, തന്‍റേത് മാത്രമല്ല എന്ന വലിയ തിരിച്ചറിവ് ഒക്കെ ജീവിതത്തിലുടനീളം അദ്ദേഹം പുലർത്തിപ്പോന്നു.
'അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം' എന്ന ഗുരുദേവ ദർശനത്തെ പിന്തുടരുന്ന മനുഷ്യസ്നേഹത്തിലേക്കും സഹാനുഭൂതിയിലേക്കും നീളുന്ന പാതയാണ്, തുടർച്ചയാണ് 'ഒരു കണ്ണീർക്കണം/ മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ/ ഉദിക്കയാണെൻ ആത്മാവിൽ/ ആയിരം സൗരമണ്ഡലം/' എന്ന അദ്ദേഹത്തിന്‍റെ വരികൾ.
സ്നേഹശൂന്യമായ വിപ്ലവവിജയങ്ങളുടെ അന്തസ്സാര ശൂന്യത ,ഉള്ളിൽ ഉദയംകൊണ്ട സ്വാർഥവികാരമായ സ്നേഹത്തെ വിശ്വവ്യാപകമായ പരാർത്ഥതയാക്കുവാൻ നിരന്തരം യത്നിക്കുന്ന കവിത നിത്യസഹചാരിയായി അദ്ദേഹത്തൊടൊപ്പം പുലർന്നു. മലയാള കവിതയുടെ ഒരു കാലഘട്ടത്തെ മുന്നോട്ടുകൊണ്ടുപോയ 'ഇരുപതാം നൂറ്റാണ്ടിെൻറ ഇതിഹാസ'ത്തെക്കുറിച്ച് നമ്മൾ അഭിമാനിക്കുേമ്പാൾ, അധർമ്മ ഭീരുതയിൽ നിന്നും സങ്കോചത്തിൽ നിന്നുമാണ് അത് ഉരുവം കൊണ്ടതെന്ന് അദ്ദേഹം വിനയാന്വിതനാകുന്നു. 'കവിയാകണമെങ്കിൽ എന്തുചെയ്യണമെന്നോ?, കവിയാകണമെങ്കിൽ മോഹിക്കാതിരിക്കണം' എന്നെഴുതിയ കവി.
പുതുതലമുറയിലെ കവികൾക്ക് സമർപ്പിച്ചിരിക്കുന്ന 'കവിതയിലെ വൃത്തവും ചതുരവും'എന്ന പുസ്തകത്തിൽ 'വൈരൂപ്യത്തോടുള്ള ചെടിപ്പാണ് സൗന്ദര്യബോധം; അനുകമ്പാ രാഹിത്യമാണ് ഏറ്റവും വലിയ വൈരൂപ്യം- കവിതയിലെ സംഗ്രഹണം, സംഗ്രഹണത്തിന് വേണ്ടിയാകരുത്, സൗന്ദര്യത്തിന് വേണ്ടിയാവണം' എന്ന് പറയുന്നുണ്ട്. തന്നെ തേടിയെത്തിയ എല്ലാ പുരസ്കാരങ്ങളെയും പുഞ്ചിരിയോടെ നോക്കി തികച്ചും നിർമ്മമനായി 'എന്‍റെയല്ലന്‍റെയല്ലീ കൊമ്പനാനകൾ' എന്ന് മനസ്സിൽ പറഞ്ഞ കവി.
പുരസ്കാരങ്ങൾക്കും ഉത്സവത്തിമിർപ്പുകൾക്കുമപ്പുറം ഗർഭഗൃഹത്തിൽ തന്‍റെത് മാത്രമായി വിളങ്ങുന്ന സത്യരൂപിയായ കവിതയെ നെഞ്ചോടു ചേർത്ത കവി. വേദനിക്കുന്ന മനുഷ്യരെ സ്നേഹിക്കാത്ത തത്വശാസ്ത്രങ്ങളെ തള്ളിക്കളഞ്ഞ, മനുഷ്യപക്ഷത്ത് എന്നും ഉറപ്പോടെ നിലകൊണ്ട ഒരു വലിയ മനുഷ്യൻ, വലിയ കവി കടന്നുപോവുകയാണ്. ഒരു കാലഘട്ടത്തിന് തന്നെ വിരാമമാകുകയാണ്, മഹാകവി അക്കിത്തം കടന്നു പോവുമ്പോൾ. അദ്ദേഹത്തിന് വിനീത പ്രണാമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.