വിവര വിപ്ലവമായി മലയാളം വിക്കി
text_fieldsതിരുവനന്തപുരം: അറിവുവഴിയിലെ സ്വതന്ത്ര വിവരവിപ്ലവമായ മലയാളം വിക്കിപീഡിയയിൽ ഇതിനോടകം ചേർക്കപ്പെട്ടത് 84,259 ലേഖനങ്ങൾ. 2.7 കോടി വാക്കുകൾ ഉൾക്കൊള്ളുന്ന ഈ ലേഖനങ്ങളെല്ലാം കൂടി 5.11 ലക്ഷം (511967) പേജുകളിലാണ് വിന്യസിച്ചിരിക്കുന്നത്. 2002 ഡിസംബറിൽ തുടങ്ങിയ ഈ വിജ്ഞാന പ്രയാണത്തിന്റെ 20 വർഷത്തെ മികവുകൾ അടയാളപ്പെടുത്തുന്നതായിരുന്നു ടാഗോർ ഹാളിലെ ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ചുള്ള വിക്കി സംഗമോത്സവം. ഒരു കൂട്ടം വിദഗ്ദർ ചേർന്നിരുന്ന് എഴുതി തയാറാക്കുന്നത് മാത്രമാണ് അറിവെന്ന ധാരണ തിരുത്തുകയും വിവരങ്ങൾ വികസിക്കുന്നത് കൂട്ടിച്ചേർക്കലുകളിലൂടെയും കൂട്ടായ്മയിലൂടെയുമാണെന്നത് അടിവരയിടുകയും കൂടിയാണ് മലയാളം വിക്കി. 38.67 ലക്ഷം തിരുത്തലുകളും ചേർക്കലുകളുമാണ് മലയാളത്തിലെ ഈ വിവരശേഖരത്തിലുണ്ടായത്. ഓരോ മാസവും മുന്നൂറോളം പുതിയ ലേഖനങ്ങളാണ് ചേർക്കപ്പെടുന്നത്.
2002ൽ തുടങ്ങിയെങ്കിലും 2004 ഡിസംബറിലാണ് മലയാളം വിക്കിയിൽ നൂറു ലേഖനങ്ങൾ തികഞ്ഞത്. പത്തുവർഷത്തിനിടെ 46,000ത്തിലധികം അംഗങ്ങൾ മലയാളം വിക്കിയിലേക്കെത്തിയിട്ടുണ്ട്. എന്നാൽ, ഇവരിൽ ഭൂരിഭാഗവും സജീവമല്ല. കേവലം 300ൽ താഴെ പേരാണ് സജീവമായി എഴുതുന്നതും തിരുത്തുന്നതും.
വിക്കിയുടെ വിജയത്തോടെ അനുബന്ധ സംരംഭങ്ങളും സജീവമായി. സ്വതന്ത്ര ബഹുഭാഷ നിഘണ്ടുവായ ‘വിക്ഷ്ണറി’, പഠനസഹായികൾ ഉൾപ്പെടുന്ന വിക്കിബുക്ക്സ്, സിറ്റിസൺ ജേണലിസത്തെ പ്രോത്സാഹിപ്പിക്കുന്ന വിക്കിന്യൂസ്, പകർപ്പവകാശ കാലാവധി കഴിഞ്ഞ പുസ്തകങ്ങൾ ശേഖരിച്ചുവെക്കുന്ന വിക്കിസോഴ്സ്, ഓൺലൈൻ പരിശീലനം നൽകുന്ന വിക്കിവാഴ്സിറ്റി, ചൊല്ലുകൾ ശേഖരിച്ചുവെക്കുന്ന വിക്കിക്വോട്ട്സ് എന്നിങ്ങനെ നീളുന്നു സംരംഭങ്ങൾ. ഇതിൽ വിക്കിസോഴ്സ് മലയാളത്തിൽ വിക്കിഗ്രന്ഥശാല എന്ന പേരിലും, വിക്ഷ്ണറി വിക്കിനിഘണ്ടു എന്ന പേരിലും പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ ഓരോ വിദ്യാലയങ്ങളെയും സ്ഥലത്തിന്റെയോ സ്കൂൾ കോഡിന്റെയോ അടിസ്ഥാനത്തിൽ സ്കൂൾവിക്കി വഴി കണ്ടെത്താം.
കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് വിക്കി സംഗമം ഉദ്ഘാടനം ചെയ്തു. സ്വതന്ത്രവും സൗജന്യവുമായ വിജ്ഞാന കോശം എന്നറിയപ്പെടുന്ന മുന്നൂറിലധികം ഭാഷകളിൽ ലഭിക്കുന്ന വിക്കിപീഡിയയുടെ മലയാളത്തിലുള്ള സാധ്യതകൾ വ്യക്തമാക്കുന്നതായിരുന്നു തുടർന്നുള്ള ചർച്ച. അക്ബർഅലി, വിഷ്ണു മോഹൻ, ഷഗിൽ മുഴപ്പിലങ്ങാട്, ആദിത്യ, വിഷ്ണുമോഹൻ, വിജയൻ രാജപുരം തുടങ്ങിയവർ സംസാരിച്ചു. വിക്കിപീഡിയയിൽ ഏറ്റവുമധികം ലേഖനങ്ങൾ എഴുതിയതിന് വിക്കിമീഡിയ ഫൗണ്ടേഷൻ അംഗീകാരം ലഭിച്ച മലയാളിയായ മീനാക്ഷി നന്ദിനിയെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.