മാപ്പിളഹാൽ; ഒരു ദേശത്തിന്റെ നിലനിൽപ്പിനായുള്ള വേര്
text_fields'ചരിത്ര ബോധം നഷ്ടപ്പെട്ട ഒരു സമൂഹം വേര് നഷ്ടപെട്ട ഒരു മരം പോലെയാണ്' - മാർക്കസ് ഗാർവേ.
സിഇ 712ാം വർഷം മുതൽ 1492 വരെ 780 വർഷം സ്‌പെയിൻ ഭരിച്ചത് മുസ്ലിംകൾ ആയിരുന്നു. ഇന്നും സ്പാനിഷ് ഭാഷയിലും മറ്റും അറബി-ഇസ്‌ലാമിക് അടയാളങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിലും മുസ്ലിംകൾ സ്പെയിനിൽ ഒരു ശക്തമായ സ്വാധീനമോ സാന്നിധ്യമോ അല്ല. എട്ടു നൂറ്റാണ്ടിനടുത്തു ഒരു ദേശം ഭരിച്ച ഒരു സമുദായം എങ്ങനെ അക്ഷരാർത്ഥത്തിൽ നാമാവശേഷമായിപ്പോയി എന്നത് ഇന്ത്യൻ മുസ്ലിം സമൂഹത്തിന്, പ്രത്യേകിച്ച് നിലനിൽപ്പ് തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിൽ പഠനവിഷയമാകേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള നിരവധി നിരീക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ ഊന്നൽ നൽകപ്പെട്ടത് വളരെ പെട്ടെന്ന് തന്നെ അവരുടെ ദൈനം ദിന ജീവിതത്തിൽ നിന്നും ഇസ്‌ലാമിക സംസ്കാരവും ചരിത്രവും പിഴുതുമാറ്റപെട്ടു എന്നതാണ്. ചരിത്രം നഷ്ടപെടുന്നതോടുകൂടി ഒരു സമൂഹത്തെ പിഴുതെറിയാൻ പിന്നെ അധികം പ്രയാസമില്ല.
ഈയിടെ ഓൺലൈനിൽ ലഭ്യമാക്കപ്പെട്ട, എസ്.ഐ.ഒ കേരള തയ്യാറാക്കിയ മാപ്പിള ഹാൽ ഇൻ്ററാക്റ്റീവ് വെർച്വൽ എക്സിബിഷൻ മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഒരാവർത്തി കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ വന്ന കാര്യമാണ് മുകളിൽ കുറിച്ചിട്ടിരിക്കുന്നത്. മാപ്പിളഹാലിന്റെ ആമുഖ ലേഖനത്തിൽ ഈ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ച ഇ.എം. അംജദ് അലി പറഞ്ഞു തുടങ്ങുന്നത് തന്നെയാണ് ഈ പ്രവർത്തനനത്തിന്റെ പ്രസക്തി: "ഭൂതകാലത്തെ കുറിച്ചുള്ള കേവല രേഖ മാത്രമല്ല, ഒരു സമൂഹത്തിന്റെ വർത്തമാനകാലത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിർണായക സ്വാധീനം ചെലുത്തുന്ന ഒരു ഘടകം കൂടിയാണ് ചരിത്രം... ഓരോ സമൂഹത്തിനും തങ്ങളുടെ ചരിത്രത്തെ കുറിച്ച് ആഴത്തിൽ ബോധ്യമുണ്ടായിരിക്കണം, സ്വന്തം ചരിത്രം അവർ രേഖപ്പെടുത്തുകയും പറഞ്ഞുകൊണ്ടിരിക്കുകയും വേണം. അങ്ങനെ ചെയ്യാത്ത പക്ഷം തങ്ങളെ കുറിച്ച് മറ്റുള്ളവർ എഴുതിയ ചരിത്രത്തിൽ ജീവിക്കേണ്ട ദുരവസ്ഥയാകും വന്നുചേരുക".
1921ലെ മലബാർ സമരത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് മാപ്പിള സമരവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പുസ്തകങ്ങൾക്കും, പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങൾക്കും, നടത്തപ്പെട്ട സെമിനാറുകൾക്കും പരിപാടികൾക്കും കയ്യും കണക്കുമില്ല. മലബാർ സമര പോരാളികളെ സ്വാതന്ത്ര സമര പോരാളികളുടെ പട്ടികയിൽ നിന്നും നീക്കാനുള്ള ഇന്ത്യൻ ചരിത്ര ഗവേഷക കൗൺസിൽ (ICHR) ന്റെ തീരുമാനവും മറ്റും ഈ ചർച്ചകളെ കൂടുതൽ വിവാദമാക്കുകയും ശ്രദ്ധേയമാക്കുകയും ചെയ്തു.
മലബാറിലെ ഓരോ ദേശങ്ങളും ആ കാലത്തെ അടയാളപ്പെടുത്താനായി നൂറു വർഷം പിന്നോട്ട് കണ്ണോടിച്ചു, രേഖകൾ പരതി, വാമൊഴികൾ ചേർത്തുവെച്ചു. അങ്ങനെ 1921 ന്റെ നൂറാം വാർഷികം നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒട്ടനവധി ഒാർമകളെ പുറത്തുകൊണ്ടുവരുവാനും മഹത്തായ സ്വാതന്ത്ര്യ സമര ചരിത്രത്തെ കൂടുതൽ ജനകീയ വായനക്ക് വിധയേമാക്കാനുമായി. ജാതി ചൂഷകർക്കും കൊളോണിയൽ ചൂഷകർക്കുമെതിരെ മാപ്പിളമാരുടെ നേതൃത്വത്തിലുണ്ടായ ഉയിർപ്പിനെ കാലാകാലങ്ങളായി കേവലം വർഗീയ ലഹള മാത്രമായി മുദ്രകുത്തുന്ന സംഘ്പരിവാർ ചരിത്ര നിർമിതികൾ പൊതു ചർച്ചക്ക് വിധേയമാക്കുവാനും, അവർ ഉയർത്തുന്ന വാദങ്ങളിലെ പൊള്ളത്തരങ്ങളുടെ മുനയൊടിക്കുവാനും ഒരു പരിധിവരെ എങ്കിലും ഈ സന്ദർഭത്തിനായി.
1921 ന്റെ നൂറാം വാർഷിക വേളയിൽ അവതരിപ്പിക്കപ്പെട്ടതിൽ തീർത്തും വ്യത്യസ്തവും ശ്രദ്ധേയവുമായ ഒരു വൈജ്ഞാനിക-കലാ- സാങ്കേതിക ആവിഷ്കാരമാണ് മാപ്പിള ഹാൽ വെർച്വൽ എക്സിബിഷൻ. ചരിത്രം എന്ന സുപ്രധാന വിഷയത്തെ അതിൻ്റെ ആവേശം ഒട്ടും ചോർന്നു പോകാതെ സത്യസന്ധമായി, ലളിതമായി, കലാപരമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് മാപ്പിള ഹാൽ. 1921 നെ കുറിച്ച് അറിയാനും പഠിക്കാനും ആഗ്രഹിക്കുന്ന തുടക്കക്കാർക്ക് മുതൽ പ്രസ്തുത വിഷയത്തിൽ ഗവേഷണം നടത്തുന്നവർക്ക് വരെ മാപ്പിള ഹാലിൽ വിഭവങ്ങളുണ്ട്.
മാപ്പിള ഹാൽ നിലവിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ ആയാണ് ലഭ്യമായിരിക്കുന്നത്. ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകൾ തിരഞ്ഞെടുക്കാൻ സൗകര്യമുണ്ട്. ഏതാനും നാളുകൾക്കുള്ളിൽ തമിഴിലും തുടർന്ന് മറ്റു സുപ്രധാന ഭാഷകളിലും ആപ്പ് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. ആപ്പ് തുറന്നാൽ വിവിധ ദളങ്ങളിലായി ഒട്ടനേകം കാര്യങ്ങൾ അടുക്കിവെച്ചിട്ടുണ്ട്. ആദ്യം കാണുന്നത് 'മാപ്പിള വേരുകൾ' എന്ന ഭാഗമാണ്. എഴുത്തും വരയും ശബ്ദവും വീഡിയോകളും ഉൾകൊള്ളിച്ചുകൊണ്ട് പശ്ചാത്തലത്തിൽ ഒരു മധ്യകാല തീരദേശ പട്ടണത്തിന്റെ ശബ്ദങ്ങൾ നൽകിക്കൊണ്ട് അത്യധികം ആകർഷകമായി കേരളത്തിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമന ചരിത്രം അവതരിപ്പിക്കുന്നു.
'1921' എന്ന ഭാഗത്തിൽ ശബ്ദ, ചിത്ര, വീഡിയോ സഹായത്തോടെ ആർക്കും മനസ്സിലാക്കാവുന്ന തരത്തിൽ ലളിതമായി മലബാർ സമര ചരിത്രം അവതരിപ്പിച്ചിരിക്കുന്നു. ചരിത്രം കൃത്യമായി അവതരിപ്പിക്കുന്നതിനിടക്ക് സന്ദർഭോചിതമായി ഗാനശകലങ്ങലും ചിത്രങ്ങളും ചേർക്കുക വഴി ചരിത്രമെന്ന അക്കാദമിക, വൈജ്ഞാനിക ശാഖയെ ഏതൊരാൾക്കും എളുപ്പത്തിൽ ആസ്വദിക്കാവുന്ന രീതിയിലാക്കി മാറ്റുന്നതിന് കലക്കും സാങ്കേതിക വിദ്യക്കും എത്രമേൽ സാധ്യതകൾ ഉണ്ട് എന്ന് മനസിലാക്കാൻ കൂടി കഴിയുന്നതാണ്. ഇരുപത്തി അഞ്ചിലധികം സമര നായകന്മാരെയും പത്തോളം പ്രതി നായകന്മാരെയും കുറിച്ചുള്ള വിവരണമാണ് 'വ്യക്തികൾ' എന്ന ഭാഗത്തുള്ളത്.
മാപ്പിള ഹാലിൽ ചരിത്രാന്വേഷികളെ സംബന്ധിച്ചിടത്തോളം ഏറ്റവും താല്പര്യം ജനിപ്പിക്കുന്ന ഒരു ഭാഗം 'പുരാരേഖകൾ' എന്ന ഭാഗമായിരിക്കും. അത്യപൂർവങ്ങളായ ഒട്ടനേകം ഫോട്ടോകൾ, ബ്രിട്ടീഷ് റെക്കോർഡുകൾ, പത്ര കട്ടിങ്ങുകൾ, മാപ്പുകൾ, തുടങ്ങി പുരാരേഖകളുടെ ഒരു കലവറ തന്നെ ഈ വെർച്വൽ എക്സിബിഷനിൽ ഒരുക്കിയിട്ടുണ്ട്. കേവലം പുരാരേഖ പ്രദർശനം എന്നതിലുപരി അവയിൽ ഓരോന്നിലും ക്ലിക്ക് ചെയ്‌താൽ അവ ലഭിച്ച ഉറവിടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൂടി ലഭ്യമാക്കിയതിനാൽ ഗവേഷകർക്ക് തുടർ അന്വേഷണത്തിനുള്ള സാധ്യത കൂടി ഈ ഭാഗം നൽകുന്നുണ്ട്. മലബാർ സമരവുമായി ബന്ധപ്പെട്ടുള്ള പഴയകാല വീഡിയോകളും ആ കാലത്ത് മലബാറിൽ ജോലി ചെയ്തിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിന്റെ ഓഡിയോകളും എല്ലാം കൂടിച്ചേരുമ്പോൾ മാപ്പിള ഹാലിലെ പുരാരേഖകൾ എന്ന സെഷൻ വൈവിധ്യങ്ങളാലും അക്കാദമിക മൂല്യത്താലും സമ്പന്നമായി മാറിയിട്ടുണ്ട് എന്ന് നിസ്സംശയം പറയാൻ കഴിയും.
മലബാർ, മാപ്പിള സമുദായം, മലബാർ സമരം തുടങ്ങിയ വിഷയങ്ങളിലുള്ള ഒട്ടനേകം കാമ്പുള്ള ലേഖനങ്ങളും പഠനങ്ങളും ഈ വെർച്വൽ എക്സിബിഷനിൽ ലഭ്യമാണ്. മാപ്പിളമാർക്കിടയിൽ രഹസ്യമായി ആശയവിനിമയത്തിനായി വികസിപ്പിക്കപ്പെട്ട മൈഗുരുഡ്, അക്കക്കെട്ട് തുടങ്ങിയ ഭാഷാ സങ്കേതങ്ങളെ കുറിച്ചും അറബി മലയാള സാഹിത്യ പാരമ്പര്യത്തെ കുറിച്ചുമെല്ലാം ഇതിൽ പ്രതിപാദിച്ചു പോകുന്നുണ്ട്. മലബാറിലെ മാപ്പിളമാരുടെ ദൈനംദിന ജീവിതത്തിലും പോരാട്ട പ്രവർത്തനങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു പാട്ടുകൾ. സന്തോഷത്തിലും സന്താപത്തിലും അവർ പാട്ടുകൾ പാടും. അവരുടെ വിശ്വാസത്തെ ത്രസിപ്പിച്ചു നിർത്തുന്നതിൽ പാട്ടുകൾക്ക് അനിഷേധ്യ സ്ഥാനം ആണ് ഉണ്ടായിരുന്നത്. മാപ്പിള ശഹീദുകളുടെ മൃതശരീരത്തിൽ നിന്നും ലഭിച്ച ഏലസ്സുകളിൽ പടപ്പാട്ടുകൾ ചുരുട്ടി കൂട്ടി വെച്ചിരുന്നതായി ബ്രിട്ടീഷ് രേഖകളിൽ തന്നെ കാണാവുന്നതാണ്. പൂക്കോട്ടൂരിൽ യുദ്ധം നടക്കുമ്പോൾ മാപ്പിള സ്ത്രീകൾ ചുറ്റിലും നിന്ന് പടപ്പാട്ടുകൾ പാടി പോരാളികളിൽ ആവേശം ജനിപ്പിച്ചിരുന്നതായും ചരിത്ര രേഖകളിൽ കാണാവുന്നതാണ്. 1921 നെ കുറിച്ച് ആ കാലത്തും തുടർന്നും അനവധി പാട്ടുകൾ ഇറങ്ങിയിട്ടുണ്ട്. അവയിൽ പലതും വായിക്കാൻ കിട്ടുമെങ്കിലും അവ പാടികേൾക്കാൻ മാപ്പിളഹാലിൽ അവസരമുണ്ട്. 'പാട്ടുപെട്ടിയിലെ' ഓരോ പാട്ടും ആസ്വാദ്യകരമാണ്, ആവേശകരമാണ്. മാപ്പിളഹാലിലെ ലൈബ്രറിയിൽ കയറിയാൽ മലബാർ സമരവുമായി ബന്ധപ്പെട്ട അനേകം അഭിമുഖ സംഭാഷണങ്ങളും മറ്റും ലഭ്യമാണ്. ലൈബ്രറിയിൽ തയാറാക്കിയ റീഡിങ് ലിസ്റ്റ് തുടർവായനക്കുള്ള വലിയൊരു സഹായി തന്നെ ആണ്.
ഈ വെർച്വൽ എക്സിബിഷൻ ആസ്വദിച്ചു കഴിയുമ്പോൾ സാങ്കേതിക-കലാ മേഖലയുടെ പുരോഗതിക്കനുസരിച്ച് വരും കാലങ്ങളിൽ ചരിത്രം എങ്ങനെ വായിക്കപ്പെടും എന്ന ആലോചനയിലായിരുന്നു. ഒന്നുറപ്പാണ്, ഈ പരീക്ഷണം ഒരു വലിയ വാതായനം ആണ് തുറന്നിട്ടിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും അൽഗോരിതങ്ങളും നമ്മുടെ താല്പര്യങ്ങൾക്കും ശീലങ്ങൾക്കും മേൽ പോലും അധീശത്വം സ്ഥാപിക്കുന്ന ഈ ഒരു കാലത്ത് ടെക്നോളജിയുടെ സാധ്യതകൾ ഉപയോഗിക്കുക എന്നത് വളരെ പ്രധാനമാണ്. ചരിത്രം, ഭൂമിശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, തുടങ്ങിയ എല്ലാ വിഷയങ്ങളിലും ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ച് കുട്ടികൾക്ക് കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന തരത്തിലുള്ള വെർച്വൽ റിയാലിറ്റികൾ യഥേഷ്ടം ഉണ്ടാക്കികൊണ്ടിരിക്കുന്നുണ്ട്.
ആരെല്ലാമോ തയ്യാറാക്കുന്ന തിരക്കഥയിൽ ആടുന്നതിനു പകരം മലബാർ മാപ്പിളമാർ സ്വന്തം ചരിത്രം തേടി, കണ്ടെത്തി അവതരിപ്പിക്കുന്ന വർത്തമാന കാലത്ത്, സാമ്രാജ്യത്വത്തിനും ഭൂപ്രഭുത്വത്തിനുമെതിരെ അടരാടി ജീവൻ നൽകിയ ഒരു തലമുറക്കായി ഏറ്റവും മികച്ച ഒരു ഉപഹാരമാണ് മാപ്പിളഹാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.