ആ 20 ദിവസങ്ങളിലെ ഇശൽ മധുരസ്മൃതിയിൽ ആലപ്പി ഖദീജ
text_fieldsദമ്മാം: മാപ്പിളപ്പാട്ടിന്റെ രാജാത്തി വിളയിൽ ഫസീലയുടെ മരണം വിശ്വസിക്കാനാവാതെ വിതുമ്പുകയാണ് മാപ്പിളപ്പാട്ട് ഗായികയും പ്രവാസിയുമായ ആലപ്പി ബീഗം ഖദീജ. ഒരു വർഷം മുമ്പ് സൗദിയിലെത്തിയപ്പോൾ തന്നോടൊപ്പം കഴിഞ്ഞ 20 ദിവസത്തെ മധുരമുള്ള ഓർമ പങ്കുവെക്കുകയാണ് അവർ. മരിക്കുന്നതിന് മൂന്നു ദിവസം മുമ്പ് ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചത് കാതിൽ മുഴങ്ങുന്നു. അടുത്തുതന്നെ നേരിൽ കാണാമെന്ന വാഗ്ദാനം പാഴായിപ്പോയതിന്റെ നിരാശ ഇവരെ വിട്ടുപോകുന്നില്ല.
സുപ്രസിദ്ധ കാഥിക റംലാബീഗത്തിന്റെ പിന്നണിഗായികയും ശിഷ്യയുമായിരുന്ന ബീഗം ഖദീജ 1997 മുതൽ ജിദ്ദയിലാണ്. റംലാ ബീഗത്തിന്റെ കഥാപ്രസംഗ സംഘത്തിലംഗമായി ഊരുചുറ്റുന്നതിനിടയിലാണ് ആദ്യമായി ഫസീലാത്താനെ കാണുന്നതെന്ന് ബീഗം ഖദീജ പറഞ്ഞു. അന്നെനിക്ക് 13 വയസ്സാണ് പ്രായം. ഒരുപാട് കേട്ടിട്ടുണ്ട്. മൈസൂരുവിലെ മലയാളിസംഘം നടത്തുന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ റംലാത്തനോടൊപ്പം എത്തിയതായിരുന്നു ഞാൻ. അതേവേദിയിൽ പാട്ടുപാടാൻ വി.എം. കുട്ടിയും സംഘവുമുണ്ട്. അവിടെ വെച്ചാണ് ഫസീലാത്താനെ കാണുന്നത്.
അന്നവർ വിളയിൽ വത്സലയാണ്. ഞങ്ങളുടെ പരിപാടി കഴിഞ്ഞും അവരുടെ പാട്ട് കേൾക്കാൻ ഞാൻ സ്റ്റേജിന്റെ മുന്നിൽതന്നെയിരുന്നു. എത്ര അനായാസവും മധുരവുമായാണ് അവർ പാടുന്നത്. തുടർന്ന് ബംഗളൂരുവിലെ മറ്റൊരു പരിപാടിയിലും അവരോടൊപ്പം വേദിപങ്കിടാൻ പറ്റി. കാലം പ്രവാസിയാക്കിമാറ്റിയ ഖദീജക്ക് വല്ലപ്പോഴും ഫോണിലൂടെ എത്തുന്ന സ്നേഹാന്വേഷണങ്ങളിൽ ആ സൗഹൃദമൊതുക്കേണ്ടിവന്നു. പക്ഷേ, എനിക്ക് വേണ്ടി പടച്ചവൻ കാത്തുവെച്ച സുകൃതമായിരുന്നു ഇവിടെ സൗദിയിൽ ആ മഹാഗായികയോടൊപ്പം അടുത്തും പരിചരിച്ചും ദിവസങ്ങൾ പങ്കിടാൻ കിട്ടിയ അവസരം.
ഈ വർഷം ജനുവരി അവസാനത്തിലാണ് വിളയിൽ ഫസീല ജിദ്ദയിലെത്തിയത്. റിയാദിൽ ഒരു പരിപാടിക്കെത്തിയ അവരെ ഞങ്ങൾ ജിദ്ദയിലേക്ക് ക്ഷണിക്കുകയായിരുന്നു. അന്ന് വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലെ സംഘാടകരായ ഹസൻ കൊണ്ടോട്ടിയും അഷറഫ് വലിയോറയും യൂസഫ് കോട്ടയും അവരെ സ്വീകരിച്ചുകൊണ്ടുവന്നത് എന്റെയടുത്താണ്. പിന്നീട് ജിദ്ദയിലും മക്കയിലും നടന്ന വിവിധ പരിപാടികളിൽ ഒപ്പം പാടിയും സഹായിയായും ഞാനുണ്ടായിരുന്നു.
മക്ക ഹറമിലും മദീന പള്ളിയിലും അവർ പ്രാർഥനാനിരതയായി നിന്നപ്പോൾ ഒപ്പം ഞാനുണ്ടായിരുന്നു. അന്നവർ ഒരുപാട് കഥകൾ പറഞ്ഞു. ആദ്യകാലത്ത് ഒരു വിശ്രമവുമില്ലാതെ ഓടിനടന്ന കാലത്തെ രസമുള്ള ചരിത്രങ്ങൾ, റംലാത്തായെക്കുറിച്ചുള്ള ഓർമകൾ. ചെറുപ്പത്തിൽ ബംഗളൂരുവിലും മൈസൂരുവിലും ഞങ്ങൾ കണ്ടുമുട്ടിയ കഥകൾ. നാലു വയസ്സ് മുതൽ പാടിത്തുടങ്ങിയതും അറബിമലയാളത്തിലുള്ള പാട്ടുകൾ എഴുതിപ്പഠിച്ചതും അറബി വാക്കുകളുടെ ഉച്ഛാരണം ശരിയാക്കാൻ ആവർത്തിച്ചാവർത്തിച്ച് പാടിച്ചതുമെല്ലാം.
വി.എം. കുട്ടി മാഷിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുമ്പോഴൊക്കെ ചുണ്ടുകൾ വിതുമ്പുകയും കണ്ണുകൾ നിറയുകയും ചെയ്തു. ഇങ്ങനെയൊരു മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ വിളയിൽ ഫസീല എന്ന ഗായിക ഉണ്ടാവുമായിരുന്നില്ല. 20 ദിവസങ്ങൾ പോയതറിയില്ല. അന്നൊക്കെ അവർ ഏറെ ഊർജ്ജസ്വലയായിരുന്നു. ഇത്ര പെട്ടെന്ന് അവർ ഒരു യാത്രപോലും പറയാതെ പോകുമെന്ന് കരുതിയില്ല.
ഈ വേർപാട് എനിക്ക് താങ്ങാനാവുന്നില്ല. ജിദ്ദയിൽ ഞങ്ങൾ ഒരുക്കുന്ന പരിപാടിയിൽ ഇനിയുമെത്താമെന്ന് ഉറപ്പുതന്ന് മടങ്ങിയതാണ്. കരോക്കയിട്ടൊന്നും പാടാൻ ഫസീലാത്ത തയാറായിരുന്നില്ല. ലൈവ് ഓർക്കസ്ട്ര ഒരുക്കിയാണ് ഞങ്ങൾ പരിപാടി സംഘടിപ്പിച്ചത്. ഇക്കാരണത്താൽ തന്നെ പല പരിപാടികളും ഒഴിവാക്കേണ്ടിയും വന്നു. ആ ഓർമകൾ എന്നെ വേദനിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അവർ പാടിയ നൂറുകണക്കിന് പാട്ടുകൾ മനസ്സിൽ ഒന്നൊന്നായി ഈണം മുളുന്നു - ആലപ്പി ബീഗം ഖദീജ പറഞ്ഞുനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.