അത്ഭുതമായി അബൂദബി ചരിത്ര നിർമിതികൾ
text_fieldsമാറുന്ന ലോകത്തിന്റെ മുമ്പേ കുതിക്കുന്ന നഗരമാണ് അബൂദബി. ആഗോളതലത്തില്‍ തന്നെ അനവധി കാര്യങ്ങൾ ഒന്നാമതാണീ രാജ്യ തലസ്ഥാനം. എന്നാല്‍, ഈ മരുഭൂമിക്ക് അറബ് ജനതയുടെ അതിജീവനത്തിന്റെ ചരിത്രം കൂടി പറയാനുണ്ട്. അബൂദബിയെ അറിയുമ്പോള്‍, തീര്‍ച്ചയായും ചരിത്ര പരമായ നിര്‍മിതികളും നമുക്ക് ബോധ്യപ്പെടണം. അതില്‍ ചിലത് ഇതാ. ലൂറൈ അബൂദബി നവീനവും പരമ്പരാഗത ഇസ് ലാമിക രൂപകല്‍പ്പനയും സമന്വയിപ്പിച്ച ലൂറൈ അബൂദബിയുടെ നിര്‍മാണം ഒന്നാന്തരം കാഴ്ചാനുഭവം പകരുന്ന അബൂദബിയിലെ പ്രധാന വാസ്തുശില്പ്പനിര്മിതിയാണ്. ലൂറൈ മ്യൂസിയത്തിന്റെ തുടക്കം ആഗോള കലാ ഭൂപടത്തില്‍ അബൂദബിയുടെ പേരിന് നിര്‍ണായക സ്ഥാനം നല്കാന് കാരണമായിട്ടുണ്ട്. മനാരാത്ത് അല്‍ സഅദിയാത്ത് വര്‍ഷത്തിലുടനീളം ഒട്ടേറെ എക്സിബിഷനുകള്‍ക്കും മറ്റ് പരിപാടികള്‍ക്കും വേദിയാവുന്ന സാംസ്കാരിക കേന്ദ്രമായി അതിവേഗം വളര്‍ച്ച പ്രാപിക്കുകയാണ് മനാറാത്ത് അല്‍ സഅദിയാത്ത്. കലാപ്രദര്‍ശനങ്ങള്‍ക്കു പുറമേ സിനിമാ പ്രദര്‍ശനവും സംഗീത പരിപാടികളും മറ്റ് പരിപാടികളുമൊക്കെയാണ് ഇവിടെ അരങ്ങേറുക.
അബ്രഹാമിക് ഫാമിലി ഹൗസ് മസ്ജിദും ചര്‍ച്ചും സിനഗോഗും നിലകൊള്ളുന്ന മതമൈത്രീകേന്ദ്രമാണ് സഅദിയാത്ത് സാംസ്കാരിക ജില്ലയിലെ അബ്രഹാമിക് ഫാമിലി ഹൗസ്. ഇമാം അല്‍ തയ്യിബ് മസ്ജിദ്, സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്, മോസസ് ബിന്‍ മൈമന്‍ സിനഗോഗ് എന്നിവ ഉള്‍ക്കൊള്ളുന്ന മൂന്ന് ക്യുബിക് നിര്മിതികളാണിവ. ഇവിടെയെത്തുന്നവര്‍ക്ക് ഇവിടെയുള്ള സാംസ്കാരികകേന്ദ്രത്തില്‍ നിന്ന് ഓരോ മതങ്ങളെക്കുറിച്ചും ആഴത്തില്‍ പഠിക്കുന്നതിന് സൗകര്യമുണ്ടാകും. എന്‍വൈയു അബൂദബി അബൂദബിയുടെ സാംസ്കാരിക ജീവിതത്തില്‍ മികച്ച ഒരിടം തന്നെയാണ് ന്യൂയോര്‍ക്ക് യൂനിവേഴ്സിറ്റി അബൂദബി പ്രദാനം ചെയ്യുന്നതും. കലയും വിദ്യാഭ്യാസവും സംസ്കാരവുമൊക്കെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളും സംഗമിക്കുന്ന ഇവിടെയുള്ളത്. അബൂദബി നാഷനല്‍ ഹിസ്റ്ററി മ്യൂസിയം
സഅദിയാത്ത് സംസ്കാരിക ജില്ലയില്‍ തന്നെയാണ് വേറിട്ട അനുഭവങ്ങള്‍ സമ്മാനിക്കാനൊരുങ്ങുന്ന നാച്വറല്‍ ഹിസ്റ്ററി മ്യൂസിയവും നിലകൊള്ളുന്നത്. 2025ല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ ഉദ്ദേശിക്കുന്ന മ്യൂസിയത്തില്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള വസ്തുക്കള്‍ വരെയുണ്ടാവും. സായിദ് ദേശീയ മ്യൂസിയം അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ന്ഹ്യാനെക്കുറിച്ചുള്ള കഥകള്‍ പറയുന്ന മ്യൂസിയമാണ് സായിദ് ദേശീയ മ്യൂസിയം. ഗാലറികള്‍ സന്ദര്‍ശകര്‍ക്ക് വിദ്യാഭ്യാസവും പ്രകൃതി സംരക്ഷണവും പരിസ്ഥിതിയും സുസ്ഥിതരതയും പാരമ്പര്യവും സംസ്കാരവും സംബന്ധിച്ച വിവരങ്ങള്‍ പകര്ന്നുനല്കും. ഗൂഗന്‍ഹൈം അബൂദബി ഗൂഗന്‍ഹൈം അബൂദബി 2025ഓടെയാണ് പൊതുജനങ്ങള്‍ക്കായി തുറക്കുന്നത്. 320000 ചതുരശ്ര അടിയില്‍ ഒരുക്കുന്ന മ്യൂസിയത്തില്‍ 600ലേറെ കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടും.
ടീം ലാബ് ഫിനോമിന സന്ദര്‍ശകര്‍ക്കായി ഒട്ടേറെ നവ്യാനുഭവങ്ങള്‍ പകരുകയാണ് സഅദിയാത്ത് സാംസ്കാരിക ജില്ലയിലെ ടീം ലാബ് ഫിനോമിന. ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് 2007 ഡിസംബറില്‍ തുറന്ന ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. അബൂദബിയലെ സൂര്യോദയം കാണാനുള്ള മികച്ച അവസരം കൂടി ഇവിടം സമ്മാനിക്കുന്നുണ്ട്.
കൈകൊണ്ടു തുന്നിയ ലോകത്തിലെ ഏറ്റവും വലിയ പരവതാനി, ബൃഹത്തായ ചാന്‍ഡിലിയേഴ്സ് എന്നിവയും ഗ്രാന്‍ഡ് മോസ്കിലുണ്ട്. ഖസര്‍ അല്‍ വതന്‍ അബൂദബിയിലെ സാംസ്കാരിക ആകര്‍ഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവയിലൊന്നാണ് കോര്‍ണിഷിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരം. ഇസ്ലാമിക വാസ്തുശില്‍പ്പത്തിന്റെ മകുടോദാഹരണം കൂടിയാണ് ഈ കൊട്ടാരം. കൊട്ടാരം ചുറ്റിക്കാണുന്നതിനു പുറമേ രാത്രി 7.30 മുതല്‍ മോഷന്‍ ലൈറ്റ് ഷോയും ഇവിടെ അരങ്ങേറും. ഖസര്‍ അല്‍ ഹോസന്‍ വെള്ളക്കോട്ടയെന്നറിയപ്പെടുന്ന ഖസര്‍ അല്‍ ഹോസന്‍ അബൂദബിയിലെ ഏറ്റവും പുരാതന കെട്ടിടങ്ങളിലൊന്നാണ്.
1761 മുതല്‍ നിലകൊള്ളുന്ന ഈ കോട്ടയും മ്യൂസിയവും പിന്നീട് നവീകരിക്കുകയുണ്ടായി. ഇത് ചുറ്റിക്കാണാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്. ഫൗണ്ടേഴ്സ് മെമോറിയല്‍ 1327 ജ്യാമിതീയ രൂപങ്ങള്‍ കൊണ്ട് നിര്‍മിച്ച ഫൗണ്ടേഴ്സ് മെമോറിയല്‍ അബൂദബിയുടെ ആകര്‍ഷങ്ങളിലൊന്നായി മാറുന്നുണ്ട്. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ് യാന്റെ ത്രിമാനരൂപം ഇവിടുത്തെ സവിശേഷതയാണ്. യു.എ.ഇ ഹെറിറ്റേജ് വില്ലേജ് ബദുക്കളുടെ ജീവിതശൈലിയും ഭവനനിര്‍മാണ രീതിയും നെയ്ത്ത് ശില്പ്പശാലകളുമൊക്കെ പരിചയപ്പെടാനുള്ള അവസരമാണ് എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബ് നടത്തുന്ന യു.എ.ഇ ഹെറിറ്റേജ് വില്ലേജ് നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.