മലയോരങ്ങൾക്കിടയിൽ മനോഹരിയായി മസ്ഫൂത്ത്
text_fieldsഒമാൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന അജ്മാൻ എമിറേറ്റിന്റെ മലയോര മേഖലയാണ് മസ്ഫൂത്ത്. അടരാൻ കൊതിച്ചു നിൽക്കുന്ന ശിലാപാളികൾക്കിടയിൽ നിന്ന് പുറപ്പെടുന്ന തെളിനീർ മസ്ഫൂത്തിന്റെ മനസിൽ കവിത കുറിക്കുന്നു. എന്നാൽ അജ്മാനിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന പ്രവാസികളിൽ ഭൂരിഭാഗം പേരും ഈ പ്രദേശത്തെ കുറിച്ച് ആഴത്തിൽ അറിഞ്ഞിട്ടുണ്ടാവില്ല. ഇവിടെക്കെത്താൻ ഒരുപാട് വഴികൾ താണ്ടണം. ദുബൈ, ഷാർജ, റാസൽഖൈമ എന്നീ എമിറേറ്റുകളും ഒമാനിലെ ബുറൈമി ഗവർണറേറ്റിലെ മഹ്ദ പ്രവിശ്യയും കടന്ന് വേണം ഈ സുന്ദരിയായ മലയോര ഗ്രാമീണ മേഖലയിലെത്താൻ.
മലകളും തോടുകളും കിടങ്ങുകളും നിറഞ്ഞ മസ്ഫൂത്തിലെ കാർഷിക മേഖല സമ്പന്നമാണ്. മഴയൊന്ന് ചാറിയാൽ പൊട്ടിച്ചിരിക്കുന്ന ജലാശയങ്ങൾ നിരവധിയുണ്ട് ഈ മേഖലയിൽ. സമീപത്തുള്ള ഒമാൻ പ്രവിശ്യകളിൽ എവിടെയെങ്കിലും മഴ പെയ്താൽ മലവെള്ളം മസ്ഫൂത്തിലേക്ക് കുതിച്ചെത്തുന്നതാണ് ഇതിനു കാരണം. തോടുകളിൽ വളർന്ന് നിൽക്കുന്ന, ചില്ലകളിൽ നിറയെ കിളി കൂടുകളുള്ള മരങ്ങൾ ഈ പ്രദേശത്തിന്റെ അഴകാണ്. മഴക്കാലത്ത് വാഹനവുമായി തോടിലിറങ്ങിയവർ വണ്ടി സഹിതം ഒലിച്ച് പോയ വാർത്തയും ഈ സുന്ദരിക്ക് പറയുവാനുണ്ട്, മഴയത്ത് വാഹനം മുങ്ങിയപ്പോൾ യാത്രക്കാർ അതിന്റെ മുകൾ തട്ടിൽ കയറി ഇരുന്നു. ഇവരെ പിന്നീട് സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തുകയായിരുന്നു. മലമുകളിലെ കാവൽ മാളികയിലാണ് മസ്ഫൂത്തിന്റെ ചരിത്രം സൂക്ഷിച്ച് വെച്ചിട്ടുള്ളതെന്ന് പറഞ്ഞാൽ അധികമാകില്ല. മസ്ഫൂത്തിലെ മൗണ്ടെയ്ൻ റിസോർട്ട് ഭംഗിയുള്ളതാണ്. മലക്ക് മുകളിൽ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന സൂര്യനെ ഭംഗിയായി ആസ്വദിക്കാം. മലയോരത്തുള്ള തൂവെള്ള ദിനോസറിന്റെ പ്രതിമ സുന്ദരിയാണ്.
ഈ ഗ്രാമീണ പാതകളിലൂടെയൊന്ന് നടന്ന് നോക്കു, പൗരാണിക കോട്ടകളുടെ അവശിഷ്ടങ്ങൾ ആവോളം ആസ്വദിക്കാം. മസ്ഫൂത്ത് ഗേറ്റ് കടന്നാൽ വീടുകളുടെ വരവായി. 2017 ലെ സെൻസസ് പ്രകാരം നഗരത്തിലെ ജനസംഖ്യ, 86.59 കിലോമീറ്റർ വിസ്തീർണ്ണത്തിൽ 8988 ആയിരുന്നു. അതായത് കിലോമീറ്ററിന് 104 പേർ. 2017 ൽ നിർമ്മിച്ച കോടതിമുറി ഉൾപ്പെടെ നിരവധി സർക്കാർ കാര്യാലയങ്ങളും മുനിസിപ്പൽ കേന്ദ്രങ്ങളും ഗ്രാമത്തിലുണ്ട്. 13,500 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതും അജ്മാന്റെ രാജ ശിൽപി ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമിയുടെ പഴയ വീടിനെ ചുറ്റിപ്പറ്റി സ്ഥിതി ചെയ്യുന്നതുമായ അൽ ബറഖ ഉദ്യാനം സന്ദർശകരുടെ ഇഷ്ട്ട കേന്ദ്രമാണ്.
പുനസ്ഥാപിച്ച ഗ്രാമത്തിന് മുകളിലുള്ള മലനിരകളിലാണ് മാസ്ഫൂത്ത് കോട്ട സ്ഥിതി ചെയ്യുന്നത്. ഒമാനിൽ നിന്നുള്ള കയ്യേറ്റക്കാരിൽനിന്ന് പ്രദേശത്തെ സംരക്ഷിക്കുന്നതിനായിരുന്നു ഇത് നിർമ്മിച്ചത്. 1815 നിർമിച്ച ബിൻ സുൽത്താൻ പള്ളിയാണ് ഈ ഗ്രാമത്തിന്റെ ഐശ്വര്യം. മസ്ഫൂത്തിന്റെ സമീപ ഗ്രാമമായ സായ് മുദൈറയും സുന്ദരിയാണ്. ഇതിന് സമീപത്ത് ഹജറൈൻ ജനത താമസിച്ചിരുന്ന പ്രദേശമാണ് ഹത്ത എന്നപേരിൽ ഇപ്പോൾ അറിയപ്പെടുന്നത്. ദുബൈയുടെ ഭാഗമാണ് ഹത്ത, ഇവിടെ നിന്നാണ് മസ്ഫൂത്തിലേക്ക് ബസ് സർവ്വീസുള്ളത്. മൂന്ന് ദിർഹമാണ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.