കളിയരങ്ങിൽ ദമയന്തിയായി മന്ത്രി ആർ. ബിന്ദു
text_fieldsഇരിങ്ങാലക്കുട: ‘നളവിശേഷങ്ങളറിഞ്ഞ് ദമയന്തിയിൽ അനുരാഗം വിടർന്ന’ ഭാവത്തിന് അപ്പോൾ മൂന്നരപ്പതിറ്റാണ്ടിനപ്പുറമുള്ള കൗമാരകാലത്തിന്റെ ഓർമപ്പെടുത്തലുണ്ടായിരുന്നു. മന്ത്രി ഡോ. ആർ. ബിന്ദുവാണ് ദമയന്തിയായി അരങ്ങിൽ നിറഞ്ഞത്. 1980കളുടെ അവസാനത്തിൽ കാലിക്കറ്റ് സർവകലാശാല യൂത്ത് ഫെസ്റ്റിവലിൽ കിരീടം നേടിയ ദമയന്തി വീണ്ടും അരങ്ങിലെത്തിയത് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രാങ്കണത്തിലാണ്.
ഉത്സവത്തോടനുബന്ധിച്ച സാംസ്കാരികോത്സവത്തിലെ സംഗമം വേദിയിലായിരുന്നു മന്ത്രിയുടെ കഥകളിയവതരണം. ഉണ്ണായി വാര്യർ രചിച്ച നളചരിതം ആട്ടക്കഥ ആസ്പദമാക്കിയുള്ള ‘ഹംസ -ദമയന്തി’ കൂടിക്കാഴ്ചയായിരുന്നു അവതരണം.
ദമയന്തിയായി എത്തിയ മന്ത്രി വർഷങ്ങൾക്കിപ്പുറവും പിഴവുകളില്ലാതെ അരങ്ങുനിറഞ്ഞ് ആസ്വാദക മനം കവർന്നു. ഇരിങ്ങാലക്കുട സ്വദേശിനിയായ മന്ത്രി ബിന്ദു 13ാം വയസ്സ് മുതൽ കലാനിലയം രാഘവന്റെ ശിക്ഷണത്തിലാണ് അരങ്ങിലെത്തിയത്. രാഘവന്റെ മകൾ ജയശ്രീ ഗോപിയും സി.എം. ബീനയും ദമയന്തിയുടെ തോഴിമാരായി അരങ്ങിലെത്തി.
ഒന്നര മണിക്കൂർ നീണ്ട സമ്പൂർണ വനിത മേളയിൽ രാഘവന്റെ മറ്റൊരു മകൾ ജയന്തി ദേവരാജ് ‘ഹംസ’മായി ഒപ്പം ചേർന്നു. കലാനിലയം രാജീവൻ സംഗീതവും വേങ്ങേരി നാരായണൻ ചെണ്ടയും കലാനിലയം ഉദയൻ മദ്ദളവും കലാനിലയം പ്രകാശൻ ഇടക്കയും നന്ദകുമാർ ഇരിങ്ങാലക്കുട മുഖത്തെഴുത്തും നിർവഹിച്ചു.
സുരേഷ് തൊട്ടാര, കലാമണ്ഡലം വിഗ്നേഷ്, ഊരകം നാരായണൻ നായർ, കലാമണ്ഡലം മനേഷ്, രംഗഭൂഷ ഇരിങ്ങാലക്കുട എന്നിവർ ചമയത്തിലും അണിയറയിൽ പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.