‘കേരള ഭരണം മാത്രമാണ് സി.പി.എം ലക്ഷ്യം’, രാജ്യത്തിന്റെ ഭാവി പരിഗണിക്കുന്നേയില്ലെന്ന് എം.എൻ. കാരശ്ശേരി
text_fieldsകോഴിക്കോട്: ഇൻഡ്യ മുന്നണിയിലെ പ്രധാനകക്ഷി സി.പി.എമ്മാണെന്ന് തോന്നുന്നത് കേരളത്തിൽ നിൽക്കുന്നത് കൊണ്ടാണെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ എം.എൻ. കാരശ്ശേരി. സി.പി.എമ്മിൽ മൂന്ന് എം.പിമാരാണുള്ളത്. ഒന്ന് കേരളത്തിൽ നിന്നുള്ള ആരിഫ്. മറ്റ് രണ്ടെണ്ണം തമിഴ്നാട്ടിൽ നിന്നാണ്. അത് ലഭിച്ചത് രാഹുൽ ഗാന്ധി ഫോട്ടോ കൂടി പതിച്ച പോസ്റ്റർ ഉള്ളതുകൊണ്ടാ. മുസ്‍ലീം ലീഗിന് മൂന്ന് എം.പിമാരാ. കേരളത്തിൽ നിന്നുള്ള രണ്ട് പേരും തമിഴ് നാട്ടിൽ നിന്നുള്ള ഒരാളുമാണുള്ളത്. മുസ്‍ലീം ലീഗ് കേരള പാർട്ടിപോലുമല്ല. മലബാർ പാർട്ടിയാണ്. അത്രമേൽ സി.പി.എമ്മും ചുരുങ്ങിപോയി. കേരള ഭരണം മാത്രമാണ് സി.പി.എം ഇപ്പോൾ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ഭാവി പരിഗണിക്കുന്നേയില്ലെന്ന് കാരശ്ശേരി വിമർശിച്ചു.
കേരളത്തിന് പുറത്ത് കോൺഗ്രസുമായി അയിത്തമില്ല. കാരണം അവിടെയെല്ലാം ഭരണം വിദൂരസ്വപ്നമാണെന്ന് കാരശ്ശേരി പറഞ്ഞു. പൗരത്വ വിഷയത്തിലുൾപ്പെടെ സി.പി.എം കാണിക്കുന്നത് നാടകാ. പൗരത്വ വിഷയത്തിൽ സമരം ചെയ്തവർക്കെതിരെ എടുത്ത കേസിന്റെ അവസ്ഥ എന്താ. ഏതോ 10 കേസ് പിൻവലിച്ചിട്ടുണ്ടെന്നല്ലാതാ, ഒന്നും ചെയ്തിട്ടില്ല. 7000ത്തിലേറെ കേസെങ്കിലും പൗരത്വ വിഷയവുമായി എടുത്തിട്ടുണ്ട്. കർഷകരുടെ സമരം നടക്കുന്നുണ്ട്, ഇവിടെ ആർക്കെങ്കിലും പ്രശ്നമുണ്ടോ?. കേന്ദ്രത്തിന്റെ കർഷക ദ്രോഹ നയത്തിനെതിരെ സി.പി.എം എന്തുചെയ്തു. ഇപ്പോൾ കേരളത്തിലും ഏറ്റവും കൂടുതൽ ആത്മഹത്യചെയ്യുന്നത് കർഷകരാണ്.
വയനാട്ടിൽ മാത്രം 2500 കർഷകരാണ് ആത്മഹത്യചെയ്തത്. അത്, പിണറായിയുടെ കാലത്ത് മാത്രമല്ല. നാളിതുവരെയുള്ള കണക്കാ. ഇവിടെ, കേന്ദ്ര, കേരള സർക്കാറുകൾക്ക് വേണ്ടാത്ത വിഭാഗം കർഷകരാണ്. പൗരത്വം ആർക്ക് നൽകണമെന്ന് തീരുമാനിക്കാനുളള അവകാശം കേന്ദ്രസർക്കാറിനാണുള്ളത്. ഇതിൽ, സംസ്ഥാന സർക്കാറിന് റോളില്ല. സി.പി.എം കുറച്ച് കാലമായി മുസ്‍ലീം വോട്ട് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. 40 വർഷം മുൻപ് ബദൽ രേഖകൊണ്ടുവന്ന് ലീഗിനെ സി.പി.എമ്മിന്റെ ഭാഗമാക്കാൻ എം.വി. രാഘവൻ ശ്രമിച്ചു. അന്ന്, രാഘവനെ പുറത്താക്കി. എന്നാൽ, പിന്നീട് അത്, ശരിയായില്ലെന്ന് സി.പി.എമ്മിന് ബോധ്യപ്പെട്ടു. തുടർന്നാണ്, ലീഗ് വിരുദ്ധരായ മുസ്‍ലീം സംഘടനകളെ കൂടെ നിർത്താൻ ശ്രമം തുടങ്ങിയത്. ഇപ്പോൾ, ലീഗിനെ തന്നെ ഒപ്പം നിർത്താനാണ് പരിശ്രമിക്കുന്നതെന്നും കാരശ്ശേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.