ഇന്ന് മാതൃദിനം: അമ്മ മനസ്സിലൂടെ ഒരു മകൻ നടത്തിയ പുണ്യയാത്ര...
text_fieldsമാതാവിന്റെ കാൽച്ചുവട്ടിലാണ് സ്വർഗമെന്ന് വിശുദ്ധ വചനം. ഈ വാക്കുകൾ അന്വർഥമാക്കിയ ഒരു മകനുണ്ടിവിടെ. പേര് ഡി. കൃഷ്ണകുമാർ. വയസ്സ് 46. മൈസൂരു ബോഗാഡി സ്വദേശി. മാതാവ് ചൂഡാരത്നം. വയസ്സ് 74. ഇരുവരും വലിയ സന്തോഷത്തിലാണ്. പരസ്പരം അറിഞ്ഞു ജീവിക്കുന്ന അമ്മയും മകനും. മകനെക്കുറിച്ച് അമ്മയോടും അമ്മയെക്കുറിച്ച് മകനോടും ചോദിച്ചാൽ ഒരുത്തരമാണുള്ളത്. നിറഞ്ഞ ചിരിയോടെ ഇരുവരും പറയും ‘എെന്റ പുണ്യമെന്ന്’. പിന്നെ, ചുറ്റും കൂടിനിൽക്കുന്നവരിലും മാതൃസ്നേഹത്തിന്റെ തെളിച്ചം കടന്നുവരും. സ്നേഹം വറ്റി കൊലക്കത്തിയെടുക്കുന്ന നാട്ടിൽ ഈ സ്നേഹഗാഥ വേറിട്ട കാഴ്ചതന്നെയാണ്. ഈ മാതൃദിനത്തിൽ നാം ചേർത്ത് പിടിക്കേണ്ട അമ്മയും മകനും. ഇതിനകംതന്നെ ഈ അമ്മയും മകനും ഏറെപ്പേരുടെ ഹൃദയത്തിൽ ഇടം പിടിച്ചു കഴിഞ്ഞു. കാരണം, അവരുടെ സ്കൂട്ടർയാത്രക്കിടെ സ്നേഹംകൊണ്ട് ചുറ്റും കൂടിയവർ ഏറെപ്പേരാണ്. പതിറ്റാണ്ടുകളായി വീടകത്ത് ഒതുങ്ങിയ അമ്മ ഈ മകനോടൊപ്പം ലോകം കാണുകയാണിപ്പോൾ... അതിനെ ‘ചേതക്കിൽ ചുറ്റിയ ലോക’മെന്ന് ഒറ്റ വാക്കിൽ വിശേഷിപ്പിക്കാം...
ചേതക്കിൽ ചുറ്റിയ ലോകം
ഈ ജീവിതകഥയിലെ അമ്മ ഒരിക്കലും ഇത്തരമൊരു യാത്ര സ്വപ്നം കണ്ടില്ല. അങ്ങനെ കാണാൻ പഠിച്ചിട്ടില്ല. കാരണം, അത്തരം പ്രതീക്ഷകളൊന്നുമില്ലാത്ത ജീവിതമായിരുന്നു. കൂട്ടുകുടുംബത്തിന്റെ അടുക്കള ജീവിതം. ചൂഡാരത്നത്തിന്റെ ഭർത്താവ് ദക്ഷിണാമൂർത്തി മരണപ്പെട്ടതോടെയാണ് പുതിയ ജീവിതം ആരംഭിക്കുന്നത്. അക്കാലത്ത് ബംഗളൂരുവിൽ കോർപറേറ്റ് സ്ഥാപനത്തിൽ മാനേജറായിരുന്നു മകൻ കൃഷ്ണകുമാർ. പിതാവിന്റെ മരണത്തോടെ അമ്മയുടെ കഴിഞ്ഞകാല ജീവിതമായിരുന്നു കൃഷ്ണകുമാറിന്റെ മനസ്സിൽ. അമ്മയോട് യാത്ര ചെയ്യാനിഷ്ടമാണോയെന്ന് ചോദിച്ചു. അമ്മ കേട്ടറിഞ്ഞ പുണ്യസ്ഥലങ്ങൾ, നിരവധി ദേശങ്ങൾ എല്ലാം ഒരു ചെറുചിരിയോടെ പറഞ്ഞുവെച്ചു. കേട്ടുനിന്ന കൃഷ്ണകുമാറിന് മറ്റൊന്നും ചിന്തിക്കേണ്ടിവന്നില്ല. ഇനിയുള്ള ജീവിതം അമ്മക്കു വേണ്ടിയെന്ന് തീരുമാനിച്ചു. കോർപറേറ്റ് സ്ഥാപനത്തിലെ ജോലി രാജിവെച്ചു.
രണ്ടുപതിറ്റാണ്ട് മുമ്പ് അച്ഛൻ ദക്ഷിണാമൂർത്തി വാങ്ങിയ ചേതക് സ്കൂട്ടറിൽ യാത്ര ആരംഭിച്ചു. മൈസൂരു ബോഗാഡിയിൽനിന്ന് കേരളത്തിലെ പാലക്കാട്ടേക്ക്. അതൊരു തുടക്കമായിരുന്നു. ഇന്നിപ്പോൾ 83,000 കിലോമീറ്റർ പിന്നിട്ടു. 2018 ജനുവരി 16നായിരുന്നു ആദ്യ യാത്ര. 2022 ആഗസ്റ്റിലാണ് രണ്ടാംഘട്ട യാത്ര ആരംഭിച്ചത്. ഇപ്പോൾ രണ്ടാംഘട്ട യാത്ര അവസാനിച്ചു. കോവിഡ് കാലത്തെ ഇടവേളയൊഴിച്ചാൽ ഈ യാത്ര ആരംഭിച്ചിട്ട് അഞ്ച് വർഷം പിന്നിട്ടു. ദിവസവും 50 മുതൽ 75 കിലോമീറ്റർ വരെയായിരുന്നു യാത്ര. അമ്മയുടെ പ്രായം പരിഗണിച്ച് രാവിലെ അഞ്ചു മുതൽ ഒമ്പതുവരെയും വൈകീട്ട് നാലു മുതൽ രാത്രി ഏഴു വരെയുമാണ് യാത്ര. ഈ വേളയിൽ ചൂടൊന്നും പ്രശ്നം സൃഷ്ടിക്കില്ല. ഇതിനിടെയുള്ള വിശ്രമവും ഭക്ഷണവും എല്ലാം ഗുരുമന്ദിരങ്ങളിലും ക്ഷേത്രങ്ങളിലുമാണെന്ന് കൃഷ്ണകുമാർ പറയുന്നു. യാത്രക്കുവേണ്ടി എത്ര രൂപ ചെലവഴിച്ചുവെന്ന ചോദ്യത്തിന് അമ്മക്കുവേണ്ടി ചെലവാക്കുന്ന പണത്തിന്റെ കണക്ക് നോക്കാറില്ലെന്നാണ് കൃഷ്ണകുമാറിന്റെ ഉത്തരം. നേരത്തേ കോർപറേറ്റ് കമ്പനിയിൽ ജോലിചെയ്തപ്പോഴുള്ള സമ്പാദ്യം അമ്മയുടെ പേരിൽ നിക്ഷേപിച്ചിട്ടുണ്ട്. അത് ഉപയോഗിച്ചാണ് യാത്ര.
ആരോടും ഈ യാത്രക്കായി പണം സ്വീകരിച്ചിട്ടില്ല. ഇനി സ്വീകരിക്കുകയുമില്ല. ലോഡ്ജുകളിലൊന്നും മുറിയെടുക്കാറില്ല. ഹോട്ടലുകളിൽനിന്നും ഭക്ഷണം കഴിക്കാറില്ല. എല്ലാം പൊതു ഇടങ്ങൾ മാത്രം. പോയ സ്ഥലങ്ങളൊക്കെ പുണ്യസ്ഥലങ്ങളാണ്. ഒരോന്നും ഓരോ അനുഭവങ്ങളാണ്. ഒന്നിനെയും പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ല. എല്ലായിടത്തും ഇത്തിരി കൗതുകത്തോടെ ചിരിച്ചു നിൽക്കുന്ന അമ്മയാണ് മനസ്സിൽ. ഇതിനിടെ, വിവാഹംപോലും വേണ്ടെന്ന് വെച്ചിരിക്കുകയാണ് കൃഷ്ണകുമാർ. മുൻകൂട്ടി തയാറാക്കിയതനുസരിച്ചായിരുന്നില്ല യാത്ര. അതുകൊണ്ട് തന്നെ ഒരിക്കലും നിരാശ തോന്നിയിട്ടില്ല. ഈ ചേതക് സ്കൂട്ടറിൽ ഇതിനകം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ചുറ്റിക്കറങ്ങി. ഇതിനുപുറമെ, നേപ്പാൾ, ഭൂട്ടാൻ, മ്യാന്മർ എന്നിവിടങ്ങളിലും സ്കൂട്ടർയാത്രികരായെത്തി. രണ്ട് പതിറ്റാണ്ട് പഴക്കമുള്ള സ്കൂട്ടറാണ്. അച്ഛനോർമയാണീ സ്കൂട്ടർ. അതിന്റെ ടയറും മറ്റും കൃത്യമായി പരിചരിക്കും. അമ്മക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുംതന്നെയില്ല. എല്ലാ പരിചരണവും ഞാൻതന്നെ നൽകുന്നു. അതുകൊണ്ടാണ് ‘മാതൃസേവാ സങ്കൽപയാത്ര’ എന്ന് ഈ യാത്രക്ക് പേരിട്ടതെന്ന് കൃഷ്ണകുമാർ പറയുന്നു.
അറിഞ്ഞ സാഹോദര്യം...
അഞ്ചു വർഷത്തെ യാത്ര സമ്മാനിച്ച അനുഭവം പറഞ്ഞറിയിക്കാൻ ഭാഷ പോരെന്ന് കൃഷ്ണകുമാർ. അറിഞ്ഞ സാഹോദര്യം, സ്നേഹം തന്ന മനുഷ്യർ നിരവധിയാണ്. ഭാഷപോലും പ്രശ്നമല്ലെന്ന് പഠിച്ചു. എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന നാടാണ് നമ്മുടേതെന്ന് അനുഭവിച്ചറിഞ്ഞു. എവിടെ പോയാലും സാഹോദര്യം കാണാം. വിവിധ സമുദായങ്ങളിൽപ്പെട്ട മനുഷ്യരെ കണ്ടറിഞ്ഞു. വ്യത്യസ്ത രുചികൾ അനുഭവിച്ചു. ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഈ നാട് പറയുന്നത് ‘ലോകാസമസ്താ സുഖിനോ ഭവന്തു’വെന്നുതന്നെയാണ്. അതായിരുന്നല്ലോ, നമ്മുടെ പൂർവികർ നമ്മെ പഠിപ്പിച്ചത്. അതാണ് നമ്മുടെ നാട്. എല്ലാ മനുഷ്യരും സ്നേഹം മാത്രമാണ് തന്നത്. എന്റെ യാത്ര അമ്മയെന്ന പുണ്യം തേടിയാണെന്ന് കൃഷ്ണകുമാർ പറയുമ്പോൾ, നിറ ചിരിയോടെ അമ്മ ചൂഡാരത്നം മകനെ തൊഴുതു നിൽക്കുന്നു. പുതിയകാലത്തിന് എന്തെങ്കിലും ഉപദേശം നൽകാനുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്ന് ആദ്യ ഉത്തരം. പിന്നെ, സമയം കണ്ടെത്തണം നമുക്ക് ജീവൻ തന്നവരുടെ മനസ്സറിയാൻ, അത് നൽകുന്ന ആത്മസുഖം പറഞ്ഞറിയിക്കാൻ കഴിയില്ല... ഇനി യൂറോപ്യൻ രാജ്യങ്ങൾ, ഗൾഫ് നാടുകൾ എല്ലാം സന്ദർശിക്കണം... എല്ലാറ്റിനും സമയം അനുവദിക്കുമെന്ന് കൃഷ്ണകുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.