Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_right‘മല തുരക്കലും’ ദശരഥ്...

‘മല തുരക്കലും’ ദശരഥ് മാജിയും

text_fields
bookmark_border
ദശരഥ് മാജി
cancel
camera_alt

ദശരഥ് മാജി

ബിഹാറിലെ ഗയ ലോകചരിത്രത്തിന്റെ ഭാഗമാണ്. ഒരടിക്കുറിപ്പും വിവരണവും ആവശ്യമില്ലാത്തവിധം ആ പേര് അത്രമേൽ പരിചിതമാണ്. കുറച്ചുവർഷങ്ങൾക്കുമുമ്പാണ് ഞങ്ങൾ ആദ്യമായി അവിടെപ്പോയത്. അവിടെവെച്ചാണ് ജീവിതത്തിൽ ആദ്യമായി ഗഹ് ലോർ എന്ന ഗയക്കടുത്തുള്ള ഗ്രാമത്തെക്കുറിച്ച് കേൾക്കുന്നത്. പാറക്കെട്ടുകൾ നിറഞ്ഞ ഒരു കുന്നിൻപുറം. എന്നാൽ, ഇന്ന് ഗയ കാണുന്ന ആർക്കും ഗഹ് ലോർ കൂടി കാണാതെ പോവാനാവില്ല.

സത്യമായും, അവിടെ ചെന്നപ്പോഴാണ്, ആ സ്ഥലം നേരിൽ കണ്ടപ്പോഴാണ്, ഗഹ് ലോറിനെ ഇന്നത്തെ ഗഹ് ലോറാക്കി മാറ്റിയ ദശരഥ് മാജിയുടെ സാഹസിക ചരിത്രം ശരിക്കും മനസ്സിലായത്. ഒപ്പം വൈലോപ്പിള്ളിയുടെ പ്രശസ്തമായ ‘മലതുരക്കൽ’ എന്ന കവിതയുടെ മഹത്ത്വവും! മഹാപർവതം തുരന്ന് റെയിൽപ്പാത നിർമിച്ച മനുഷ്യാധ്വാനത്തെ വാഴ്ത്തുന്ന ‘മലതുരക്കലി’ന് ‘അധ്വാനത്തിനൊരു വാഴ്ത്ത്’ എന്ന പേരും നന്നായി ചേരും.

മാക്സിം ഗോർക്കിയുടെ ഒരു ചെറുകഥ വായിച്ച ഓർമയിൽനിന്നുണ്ടായ ഊർജത്തിൽനിന്നാണ് ‘മലതുരക്കൽ’ കവിത ഉണ്ടായതെന്ന് വൈലോപ്പിള്ളി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒരൊറ്റ വായനയിൽത്തന്നെ മനസ്സിലാക്കാവുന്ന ആ കവിത, എനിക്ക് ശരിക്കും മനസ്സിലായത്, കുറച്ചു വർഷങ്ങൾക്കുമുമ്പ് ഞങ്ങൾ ബിഹാറിലെ ചരിത്രസ്മരണകൾ ഇളകിമറിയുന്ന ബോധ്ഗയക്ക് സമീപത്തുള്ള, മുമ്പേ പരാമർശിച്ച ആ ഗഹ് ലോർ ഗ്രാമം സന്ദർശിച്ചപ്പോഴാണ്.

ഇതിഹാസ-പുരാണങ്ങളിലും അതേപോലെ ചരിത്രങ്ങളിലും നിറഞ്ഞു തുളമ്പുന്ന ഗയയുടെ പ്രശസ്തിക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ലോകം ആദരവോടെ മാത്രം മനസ്സിലോർക്കുന്ന അപൂർവം ഇന്ത്യൻ പ്രദേശങ്ങളിലൊന്നാണത്. എന്നാൽ, അതിനടുത്തുള്ള ഗഹ് ലോർ ഗ്രാമം അടുത്ത കാലംവരെ ആ അർഥത്തിൽ അറിയപ്പെടുന്ന ഒരു സ്ഥലമേ ആയിരുന്നില്ല.

ലക്ഷക്കണക്കിന് ഇന്ത്യൻ ഗ്രാമങ്ങളിൽ ഒന്ന് മാത്രമായിരുന്ന ഗഹ് ലോർ, 1982ന് ശേഷമാണ്, ഒരേയൊരു മനുഷ്യൻ നിമിത്തം പ്രശസ്തിയിലേക്കുയർന്നത്. ഗഹ് ലോർ ഇന്നും പറയത്തക്ക തിരക്കൊന്നുമില്ലാത്ത ഒരു ഗ്രാമപ്രദേശമാണ്. വലിയ കെട്ടിടങ്ങളില്ല, അതിശയിപ്പിക്കുന്ന കാഴ്ചകളില്ല, മഹാന്മാരുടെ ജന്മമുദ്രകൾ പതിഞ്ഞിട്ടില്ല. ഒറ്റവാക്യത്തിൽ ഒതുക്കിപ്പറഞ്ഞാൽ കാണാനായിട്ട് പ്രത്യേകിച്ച് ഒന്നും അവിടെയില്ല.

എന്നിട്ടും ഉള്ളിലതുണ്ടാക്കിയ പുളകത്തിന്റെ പുഴ ഇന്നും ഒഴുകുകയാണ്. ഗഹ് ലോറിനെ വിസ്മയ സ്രോതസ്സാക്കി മാറ്റിയത്, സാധാരണക്കാരിൽ സാധാരണക്കാരനായ ദശരഥ് മാജിയാണ്. മഹാനായ കബീറിന്റെ അനുയായി ആയിരുന്നെങ്കിലും അദ്ദേഹം ഒരിക്കലും വൈലോപ്പിള്ളിയുടെ ‘മലതുരക്കൽ’ എന്ന കവിത വായിച്ചിട്ടുണ്ടാവാനിടയില്ല. താനൊരു അസാധാരണ ദൗത്യത്തിന് തുടക്കമിടുകയാണെന്ന് അത്രപോലും അദ്ദേഹം കരുതിയിട്ടുണ്ടാവില്ല.

എന്നാലിപ്പോൾ ഗഹ് ലോർ എന്ന് കേൾക്കുന്ന മാത്രയിൽ, സർവരും ദശരഥ് മാജിയെ സ്മരിക്കും. പാറക്കെട്ടുകൾ മാത്രം നിറഞ്ഞുനിൽക്കുന്ന പർവതത്തിൽ വെട്ടിയും കിളച്ചും കിലോമീറ്ററുകൾ നീളമുള്ള റോഡ്, ആരുടെയും പ്രത്യേക നിർദേശമില്ലാതെ, സ്വന്തം നാട്ടുകാരുടെപോലും പിന്തുണയില്ലാതെ, ഒറ്റക്ക് അദ്ദേഹം നിർമിച്ചു.

ഒരപൂർവ മാജി ‘മാജിക്’! ജെ.സി.ബിയില്ല, ക്രെയിനില്ല, മോട്ടോർ വാഹനങ്ങളുടെ കൂട്ടില്ല, ആകെ കൈമുതലായി ഉണ്ടായിരുന്നത് തളരാത്ത ഇച്ഛാശക്തി മാത്രം. മരണാനന്തരവും തുടരുന്ന പ്രിയപ്പെട്ടവളുടെ പ്രണയക്കുളിർ മാത്രം!

ഇരുപത്തിരണ്ട് കൊല്ലംകൊണ്ടാണ് വെറും ചുറ്റികയും ഉളിയും ഉപയോഗിച്ച് ഗഹ് ലോർ എന്ന സ്വന്തം ഗ്രാമത്തിന്റെ ഭൂ പ്രകൃതിയിലും ഒപ്പം മനുഷ്യപ്രകൃതിയിലും അദ്ദേഹം മാറ്റങ്ങൾ വരുത്തിയത്. ഒരൊറ്റ ദിവസവും ഒഴിവില്ലാതെ രാവും പകലും ഏതോ ‘പ്രാകൃതമായ’ പ്രണയതീവ്രതയോടെ അദ്ദേഹം പാറവെട്ടി, മലയിടിച്ച്, ജോലിചെയ്തുകൊണ്ടേയിരുന്നു. ഒരാളും അബദ്ധത്തിൽപോലും സഹായിക്കാനായി ആ ഭാഗത്തേക്കൊന്ന് തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല.

കുത്തുവാക്കുകൾ കൊണ്ടേറേ നോവിച്ചു. ഭ്രാന്തൻ എന്ന് മുദ്രകുത്തി. ഗഹ് ലോറിൽ സഞ്ചാരയോഗ്യമായ ഒരു റോഡില്ലാത്തതുകൊണ്ടുമാത്രം സമയത്തിന് ആശുപത്രിയിലെത്തിക്കാൻ കഴിയാത്തതിനാൽ മരിച്ചുപോയ സ്വന്തം ജീവിതപങ്കാളി ഫാൽഗുനി ദേവിയുടെ സ്മരണകൾമാത്രം അദ്ദേഹത്തിന് അപ്പോഴും സ്നേഹ സാന്ത്വനങ്ങൾ പകർന്നുകാണും.

ആ റോഡ് വെട്ടിയതും അവരൊന്നിച്ചാവണം! എത്രയോ മനുഷ്യരെ അപകടങ്ങളിലേക്ക് ഉന്തിവിട്ട ഗഹ് ലോർ കുന്നിലെ കൊടും പാറക്കൂട്ടങ്ങൾ ഒടുവിൽ ആ പ്രണയക്കരുത്തിന് മുന്നിൽ തലകുനിച്ചിട്ടുണ്ടാവും. അങ്ങനെയാണ് കാലം പതുക്കെ കടന്നുപോകവെ, ആ പാറക്കെട്ടുകൾക്കിടയിൽനിന്ന്, വിയർപ്പിന്റെ സുഗന്ധം പുരണ്ട ഒരു റോഡ്, പൂവുപോലെ വിടർന്നുവന്നത്. അതോടെയാണ് ദശരഥ് മാജിയെ ആദ്യം ഭ്രാന്തനെന്ന് പരിഹാസപൂർവം വിളിച്ചവർ, ആദരപൂർവം അദ്ദേഹത്തെ ‘ബാബ’ എന്ന് വിളിച്ച് കൈകൂപ്പാൻ തുടങ്ങിയത്.

അപ്പോളവരുടെയും സ്മരണകളിൽ ഒരു നല്ല വഴി ഇല്ലാത്തതിനാൽ മാത്രം അവസാനിച്ചുപോയ, സ്വന്തപ്പെട്ടവരെക്കുറിച്ചുള്ള സങ്കടങ്ങൾ, ഒരു സമുദ്രം കണക്ക് ഇളകിമറിഞ്ഞിരിക്കണം. അസാധ്യമെന്നതുകൊണ്ടുമാത്രം പുറത്തറിയിക്കാതെ ഉള്ളിലമർത്തിയ അവരുടെ എത്രയെത്രയോ മോഹങ്ങൾ, ആ പർവതത്തിനും മുകളിലൂടെ അപ്പോൾ ചിറകടിച്ച് പറന്നിരിക്കണം. ഒരാൾക്ക് ഇത്രയൊക്കെ ആവുമെങ്കിൽ, മുമ്പേതന്നെ എല്ലാവരും ഒന്നിച്ചുനിന്നിരുന്നുവെങ്കിൽ ജീവിതം എത്രമേൽ മനോഹരമാകുമായിരുന്നു എന്നവർ അപ്പോൾ വല്ലാത്തൊരു കുറ്റബോധത്തോടെ ഓർത്തിരിക്കണം.

‘ബാബ’ എന്നൊരൊറ്റ വിളിയിൽ അവർ കുടഞ്ഞുകളഞ്ഞത് ഒന്നും ഒരിക്കലും നേരേയാവില്ലെന്ന സ്വന്തം നിസ്സഹായതകളെയാവണം. ദശരഥ് മാജിയുടെ വിയർപ്പുവീണ ആ വിസ്തൃതവഴിയാണ് പിന്നീട് ഗഹ് ലോറിന്റെ ജനജീവിതത്തിന്റെ അതിർത്തികളൊക്കെയും മാറ്റിമറിച്ചത്.

1959ലാണ് മാജിയുടെ പങ്കാളി ഫാൽഗുനിദേവി, മരുന്ന് കിട്ടാത്തതുകൊണ്ടുമാത്രം മരിച്ചത്. അതുപോലെ അതിനുമുമ്പും പിമ്പുമായി എത്രയോ പേർ സമയത്തിന് ആശുപത്രിയിൽ എത്തിക്കാൻ സഹായകമായ നല്ലൊരു വഴിയില്ലാത്തതുകൊണ്ടു മാത്രം മരിച്ചുപോയിട്ടുണ്ടാവും. എന്നാലിപ്പോൾ, ‘മാജി-മാജിക്’ നിമിത്തം ഗഹ് ലോറിൽ ആ വിധമുള്ള മരണങ്ങളില്ല.

ഗഹ് ലഹോറിലെ പാറക്കെട്ടുകൾക്കിടയിൽ പതുങ്ങിനിന്ന അപകടങ്ങൾക്ക് ‘മാജി വഴി’ വിലങ്ങുവെച്ചതോടെ അപകടമരണങ്ങളും വഴിമാറിപ്പോയി! പലവിധ പുരസ്കാരങ്ങൾ അവസാന കാലത്ത് അദ്ദേഹത്തെ തേടിവന്നു. 2007 ആഗസ്റ്റിലാണ് കാൻസർ ബാധിച്ച് മാജി മരിക്കുന്നത്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിക്കുള്ള സമ്മതപത്രത്തിൽ മരണക്കിടക്കയിൽ കിടന്നുകൊണ്ടാണ് അദ്ദേഹം ഒപ്പുവെച്ചത്.

വേദനകൾക്കിടയിലും പാറക്കെട്ടുകളോട് ഏകനായി എതിരിട്ട ആ ഇരുണ്ട കാലങ്ങളെക്കുറിച്ചോർത്ത്, അപ്പോഴദ്ദേഹം മനംനിറയെ ചിരിച്ചിരിക്കണം. സഞ്ചാരയോഗ്യമായ ഒരു നല്ല വഴിയില്ലാത്തതു കാരണം സമയത്തിന് ആശുപത്രിയിലെത്തിക്കാനാവാത്തതുകൊണ്ട് മാത്രം സംഭവിച്ച പ്രിയപ്പെട്ടവളുടെ അകാല മരണത്തിന്റെ സങ്കടസ്മരണകൾക്കിടയിലും സ്വന്തം പ്രയത്നത്തിന്റെ വിജയം കണ്ട് അദ്ദേഹം ആവേശംകൊണ്ടിരിക്കണം.

ഇന്ന് ഗഹ് ലോറിൽ മാജിക്കൊരു സ്മാരകമുണ്ട്. അവിടെ സിംഹാസനങ്ങളും പട്ടുകുപ്പായങ്ങളും പീരങ്കികളും സ്വർണവളകളുമില്ല. ഗഹ് ലോറിന്റെ മുഖമുദ്രയായി മാറിയ ആ സ്മാരകത്തിൽ ആകെ കാണാനുള്ളത്, കീറിയ കുപ്പായവും വിയർപ്പിൽ കുതിർന്ന തൊപ്പിയും ഉളിയും ചുറ്റികയും മാത്രം! പിന്നെ, കഠിന പ്രയത്നവും അനശ്വര പ്രണയസമർപ്പണവും സൃഷ്ടിക്കുന്ന അത്ഭുതങ്ങൾ, ഒന്നിച്ചാഘോഷിക്കുന്ന മാസ്മരികമായ ഒരദൃശ്യ സാന്നിധ്യത്തിന്റെ സർവ ‘ഫ്രെയിമും’ പൊളിക്കുന്ന ഒരന്തരീക്ഷവും! മാജിക്ക് സമ്പത്തും പ്രതാപവുമുണ്ടായിരുന്നില്ല.

അദ്ദേഹം അന്ന് വെട്ടിയ ആ വഴിക്ക് പ്രത്യക്ഷ കാഴ്ചയിൽ ഇന്നുള്ള വഴികൾക്കുള്ളത്ര ഭംഗിയുമുണ്ടായിരുന്നില്ല. എന്നിട്ടുമത് ഗഹ് ലോർ ഗ്രാമത്തിലെ ഏക അനശ്വര പ്രണയ സ്മാരകമായി ഇന്നും പ്രകാശം ചൊരിയുന്നു. ‘പുതുവഴി വെട്ടിയതിന്റെ പേരിൽ ദുരിതങ്ങൾമാത്രം’ ഏറ്റുവാങ്ങിയ മാജി ഏതു കാലത്തിന്റെയും പ്രണയപ്രചോദന സ്രോതസ്സാണ്. ‘പർവത മനുഷ്യൻ’ എന്നും ‘ദരിദ്രരുടെ ഷാജഹാൻ’ എന്നും മാജി പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

‘സ്വർഗത്തിൽ’ വെച്ച് മാജിയുടെ പ്രിയ ഫാൽഗുനിദേവിയെ കണ്ടപ്പോൾ ‘സ്വന്തം പ്രിയൻ പണിയിപ്പിച്ച’ താജ്മഹലിനുമപ്പുറം കവിഞ്ഞ ഒരു തൊഴിലാളിയുടെ പ്രണയക്കരുത്തോർത്ത് രാജകുമാരിയായ മുംതസ് മഹൽ കോരിത്തരിച്ചിരിക്കും.

ആഗ്രയിൽനിന്ന് താജ്മഹൽ ‘പ്രണയക്ഷീണ’മനുഭവിക്കുന്നവർ ചിലപ്പോഴെങ്കിലും ഫാൽഗുനിക്കു വേണ്ടി മാജിയ വെട്ടിയ, അത്രയൊന്നും മനോഹരമല്ലാത്ത ആ റോഡിൽ ചെന്ന് ആരുമറിയാതെ കുറച്ചുസമയം നടന്ന് ‘നിൽപ് ക്ഷീണം’ തിർക്കുന്നുണ്ടാവും!

താജ്മഹൽ ഭാരതസംസ്കാരത്തിന്റെ കാന്തിയാണെങ്കിൽ ഗഹ് ലോറിലെ ‘മാജിറോഡ്’ ഇന്ത്യൻ സംസ്കാരത്തിന്റെ കരുത്താണ്. രണ്ടറ്റത്തുനിന്നുമത് സ്വയമറിയാതെയാണെങ്കിലും പരസ്പരം പോഷിപ്പിക്കുകയാണ്. ‘മലതുരക്കൽ’ എന്ന വൈലോപ്പിള്ളി കവിതയിൽ സംഘടിത മനുഷ്യാധ്വാനത്തിനൊപ്പം ആധുനിക ഭരണകൂടത്തിന്റെ സാന്നിധ്യവുമുണ്ട്. വിജയ-പരാജയങ്ങളെക്കുറിച്ചുള്ള സംവാദ സൗകര്യമുണ്ട്.

ഏതർഥത്തിലും മാജിയുടെ ഒറ്റയാൾ സമർപ്പണത്തോളമുള്ള ഒരൗന്നത്യം അപ്പോഴും അതിനില്ല. പക്ഷേ, മൗലിക വ്യത്യാസങ്ങൾക്കിടയിലും അതിശയിപ്പിക്കുന്ന ചില ‘പരോക്ഷസാമ്യങ്ങൾ’ രണ്ടിലുമുണ്ട്. നഖംമുറിക്കുന്ന ‘നെയിൽ കട്ടറു’കൊണ്ട് വൻമരം മുറിക്കാൻ ശ്രമിക്കുന്ന വിഡ്ഢിയാണ് മാജിയെന്ന് പരിഹസിക്കപ്പെട്ടിട്ടുണ്ട്.

വൈലോപ്പിള്ളി

അതുപോലെ ‘മലതുരക്കൽ’ കവിതയിലെ അപ്പൻ, സ്വന്തം മകനോട് ഇതൊരിക്കലും നടക്കാത്ത, നമ്മളെയൊക്കെയും കുരുതിക്ക് കൊടുക്കുന്ന പദ്ധതിയാണെന്ന് കുറ്റപ്പെടുത്തി പറയുന്നുണ്ട്. ‘‘നെറ്റിവേർപ്പിലുരുകുവാൻ, നുപ്പിൻ-/ക്കട്ടയോകുലപർവ്വതകൂടം’’ എന്നാണദ്ദേഹത്തിന്റെ പരിഹാസം. എന്നാൽ, അപ്പനെ തിരുത്തി മകൻ അതിനോട് പ്രതികരിച്ചത് ‘‘മർത്ത്യവീര്യമീയന്ദ്രിയെവെല്ലും’’ എന്നശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ്.

വിമർശനങ്ങൾക്ക് വഴിവെച്ചൊരു ശുഭാപ്തി വിശ്വാസമാണിതെന്നുള്ളത് അതിലെ അധ്വാനമഹത്ത്വത്തെ ആദരിക്കുമ്പോൾതന്നെ മറന്നുകൂടാത്തതാണ്. സ്വന്തം അപ്പനെ ബഹുദൂരം പിറകിലാക്കി മകൻ പ്രകടിപ്പിച്ച ശുഭാപ്തിവിശ്വാസ മുന്നേറ്റ ആവേശത്തിന്റെ സാക്ഷാത്കാരമാണ്, ‘മലതുരക്കലിൽ’ കവി ആവിഷ്‍കരിച്ചിരിക്കുന്നത്.

രണ്ടു ഭാഗത്തുനിന്നുമായി ആരംഭിച്ച മലതുരക്കൽ ഏകദേശം അവസാനഘട്ടമെത്തിയപ്പോൾ, ഇപ്പുറത്തുനിന്ന് മകൻ ‘അപ്പനെന്നൊച്ചയങ്ങു കേൾക്കാമോ’ എന്ന് ചോദിക്കുന്നതും അപ്പുറത്തുനിന്നും അപ്പൻ എനിക്ക് ‘അസ്സലായി കേൾക്കാം’ എന്നും പറയുന്നതോടെയാണ് ‘മലതുരക്കൽ’ കവിത അവസാനിക്കുന്നത്. ‘എൻ മകനേ ഞാൻ വിശ്വസിക്കുന്നു’ എന്ന കവിതയിലെ അവസാന വരി മനസ്സിലാക്കാൻ സാധാരണ ഗതിയിൽ ഒരു പ്രയാസവുമില്ല.

പ്രതിസന്ധികൾക്കിടയിലും ശിരസ്സുയർത്തുന്ന സമരോത്സുകമായ ശുഭാപ്തി വിശ്വാസത്തിന്റെ പ്രതിനിധിയായ ‘മലതുരക്കൽ’ കവിതയിലെ ‘മകനെ’പ്പോലുള്ളവരെ പക്ഷേ, ജീവിതത്തിൽ കണ്ടുമുട്ടുക അത്ര എളുപ്പമല്ല. സത്യമായും ആ മകന്റെ വീര്യം ഞാൻ ‘ഉടലോടെ’ നേരിൽ കണ്ടത് ഗഹ് ലോറിൽ പിറന്ന ദശരഥ് മാജിയെന്ന ശരിക്കുള്ള ഒരേയൊരു മകനിൽ! സങ്കൽപം പോലും സ്വന്തം ശക്തിക്കുറവോർത്ത് ചിലപ്പോൾ ജീവിതസത്യങ്ങൾക്കു മുന്നിൽ സംഭ്രാന്തമാവും! സ്വയം കവിതയായി മാറുന്ന ഒരു ജീവിതത്തോളം വളരാൻ ഒരു കവിതക്കുമാവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CultureDashrath ManjhiLaborer
News Summary - Mountain Drilling and Dashrath Manjhi
Next Story