ബലദിലെ ചരിത്രമേഖലയുടെ വികസനത്തിന് പുതിയ കമ്പനി
text_fieldsജിദ്ദ: ബലദിലെ ചരിത്രമേഖലയുടെ വികസനത്തിനായി അൽബലദ് ഡെവലപ്മെൻറ് കമ്പനി സ്ഥാപിക്കുന്നു. പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജിദ്ദ നഗരത്തിലെ ചരിത്രമേഖല വികസിപ്പിക്കുന്നതിന് കിരീടാവകാശി നടത്തുന്ന നിരന്തര പ്രവർത്തനങ്ങളുടെ ഭാഗമായാണ് കമ്പനി സ്ഥാപിക്കുന്നത്.
ജിദ്ദയുടെ പൈതൃകത്തെയും സമ്പന്നമായ സംസ്കാരത്തെയും അടിസ്ഥാനമാക്കി അതിനെ സാമ്പത്തിക, ആഗോള സാംസ്കാരിക പൈതൃകകേന്ദ്രമാക്കുകയും ജിദ്ദ നഗരത്തെ ‘വിഷൻ 2030’െൻറ കാഴ്ചപ്പാടിന് അനുസൃതമായി ഒരു ആഗോള വിനോദസഞ്ചാരകേന്ദ്രമാക്കുകയുമാണ് ലക്ഷ്യം. പ്രദേശത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ചരിത്രപരമായ കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിനും മേൽനോട്ടം വഹിക്കുന്നതിനും സേവനസ്ഥാപനങ്ങളും വിനോദം, പാർപ്പിടം, വാണിജ്യം, ഹോട്ടൽ, ഓഫിസ് നിർവഹണം എന്നിവക്കുള്ള സ്ഥലങ്ങൾ വികസിപ്പിക്കുന്നതിലും കമ്പനി ശ്രദ്ധകേന്ദ്രീകരിക്കും.
പദ്ധതിയുടെ ആകെ വിസ്തീർണം ഏകദേശം 25 ലക്ഷം ചതുരശ്രമീറ്ററാണ്. മൊത്തം നിർമാണ വിസ്തീർണം 37 ലക്ഷം ചതുരശ്ര മീറ്ററാണ്. ഇതിൽ ഏകദേശം 9300 പാർപ്പിട യൂനിറ്റുകളും 1800 ഹോട്ടൽ യൂനിറ്റുകളും ഏകദേശം 13 ലക്ഷം ചതുരശ്ര മീറ്റർ വാണിജ്യ, ഓഫിസ് സ്ഥലങ്ങളും ഉൾപ്പെടുന്നു. ചരിത്രപരമായ പ്രദേശങ്ങൾക്കായുള്ള മികച്ച നഗരാസൂത്രണ മാനദണ്ഡങ്ങൾക്കനുസൃതമായി പ്രദേശത്തെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് കമ്പനി സ്വകാര്യ മേഖലയുമായും പ്രത്യേക ഏജൻസികളുമായും സഹകരിച്ച് പ്രവർത്തിക്കും. പാരിസ്ഥിതിക സുസ്ഥിരത കണക്കിലെടുത്ത് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ രജിസ്റ്റർ ചെയ്ത സ്ഥലങ്ങളിൽ ഒന്നായ ജിദ്ദ ചരിത്രമേഖല പ്രദേശത്തിെൻറ തനതായ പൈതൃക സ്വഭാവം സംരക്ഷിച്ചായിരിക്കും പദ്ധതികൾ നടപ്പാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.