പള്ളിവാളുകളും കാല്‍ച്ചിലമ്പുകളുമില്ല; തെയ്യങ്ങളുറയാത്ത നീലിയാർ കോട്ടത്ത് കാഴ്ചയുടെ ഉത്സവമുണ്ട്
text_fieldsപയ്യന്നൂർ: ഉത്സവങ്ങള്‍ക്കും തെയ്യങ്ങള്‍ക്കും നിയന്ത്രണങ്ങൾ വിലങ്ങിട്ട കോവിഡ് കാലത്ത് പരമ്പരാഗത ദൃശ്യവിരുന്നൊരുക്കി മാതമംഗലം നീലിയാർ കോട്ടം അധികൃതർ. തെയ്യങ്ങളുറയാത്ത ക്ഷേത്ര മുറ്റത്ത് പരമ്പരാഗത അനുഷ്ഠാനമായ അടക്കാതൂണൊരുക്കിയാണ് ക്ഷേത്ര അധികൃതർ കോവിഡ് കാലത്തും കാഴ്ചയുടെ വിരുന്നൊരുക്കിയത്.
അടുത്ത കാലത്ത് അൽപം മാറ്റങ്ങളുണ്ടാകുന്നുണ്ടെങ്കിലും ഒട്ടുമിക്ക ഗ്രാമീണക്ഷേത്രങ്ങളിലും കാവുകളിലും പള്ളിവാളുകളുടെയും കാല്‍ച്ചിലമ്പുകളുടെയും നാദങ്ങൾ കലമ്പുന്നില്ല. ഉറഞ്ഞാടുന്ന തെയ്യങ്ങളുടെ വാചാലുകളും തോറ്റംപാട്ടിന്‍റെ താളവും ഉയരുന്നില്ല. ഈ കെട്ട കാലത്താണ് പ്രകൃതിയെ സ്തുതിക്കാനും കാര്‍ഷിക കേരളത്തിന്‍റെ സമൃദ്ധമായ ഗ്രാമീണ പൈതൃകം കാത്തുസൂക്ഷിക്കാനും തയ്യാറായി മാതമംഗലം നീലിയാര്‍കോട്ടത്ത് ഇത്തവണയും പ്രകൃതിവര്‍ണങ്ങളുടെ നയനമനോഹരമായ പഴുത്തടക്കാതൂണുകള്‍ ഉയര്‍ന്നത്.
കോവിഡ് നിയന്ത്രങ്ങളുള്ളതിനാല്‍ ക്ഷേത്രത്തില്‍ തെയ്യങ്ങളോ മറ്റ് സ്ഥിരം ചടങ്ങുകളോ ഇല്ലെങ്കിലും അടക്കാതൂണുകള്‍ നിർമിച്ച് കാര്‍ഷികപഴമയുടെ ചൈതന്യം തൂണുകളില്‍ ആവാഹിക്കാന്‍ ക്ഷേത്രം അധികൃതര്‍ മറന്നില്ല. സാധാരണ 10 തൂണുകളിലാണ് അടക്കകള്‍ കൊണ്ട് പൊതിയുന്നതെങ്കില്‍ ഇത്തവണ അത് അഞ്ചായി ചുരുക്കിയെന്ന് മാത്രം.
വടക്കേമലബാറിലെ തെയ്യക്കാവുകളില്‍ എവിടെയും കാണാത്ത വര്‍ണക്കാഴ്ചകളാണ് മാതമംഗലം നീലിയാര്‍ കോട്ടത്തെ അടക്കാതൂണുകള്‍. കളിയാട്ടത്തിന്‍റെ ഭാഗമായാണ് ക്ഷേത്രാങ്കണം അടയ്ക്കാ തുണുകള്‍ കൊണ്ട് അലങ്കരിക്കുന്നത്. നീലിയാര്‍ കോട്ടമെന്ന പേരില്‍ പ്രസിദ്ധമായ ഇവിടെ, വര്‍ഷം തോറും കളിയാട്ടത്തിനാണ് ആചാരവിധിപ്രകാരം അലങ്കാര തൂണുകള്‍ ഉണ്ടാക്കുന്നത്.
പതിനായിരത്തിലേറെ പഴുത്തതും പച്ചയുമായ അടക്കകളാണ് ഇതിനായി എത്തിക്കുന്നത്. കൈതപ്രം, പാണപ്പുഴ, കണ്ടോന്താര്‍, ചെറുവിച്ചേരി ഗ്രാമങ്ങളിലെ കവുങ്ങുകളില്‍ നിന്ന് ലക്ഷണമൊത്ത നല്ല പഴുത്ത അടയ്ക്കാ കുലകള്‍ പൊളിച്ച്, നിലം തൊടാതെ ഇറക്കി കൊണ്ടുവന്നാണ് അലങ്കാര തൂണുകളുടെ നിര്‍മാണം. അഞ്ചു ദിവസങ്ങളിലായുള്ള കളിയാട്ടത്തില്‍ രണ്ടാംനാളിലാണ് അടക്കാതൂണുകളുടെ നിര്‍മാണം തുടങ്ങന്നത്. ക്ഷേത്രാങ്കണത്തില്‍ ഒത്തുകൂടുന്ന സ്ത്രീകളാണ് ഇതിന് മേല്‍നോട്ടം വഹിക്കുക.
അടക്കകള്‍ കുലയില്‍ നിന്ന് പറിച്ചെടുത്ത്, തരംതിരിച്ച്, ചരടില്‍ കോര്‍ത്ത് മാലകളാക്കി ക്ഷേത്ര തൂണുകള്‍ക്ക് വരിഞ്ഞുകെട്ടിയാണ് അലങ്കരിക്കുന്നത്. കളിയാട്ടത്തിന്‍റെ മൂന്നാം ദിനത്തില്‍ രാത്രിയോടെ പൂര്‍ത്തിയാകുന്ന പൊന്‍മുത്തു പോലുള്ള തൂണുകള്‍, നാലാം നാളില്‍ എത്തുന്നവര്‍ക്ക് നയന മനോഹര കാഴ്ചയാണ്. ഇത് ആസ്വദിക്കാന്‍ വിദൂരസ്ഥലങ്ങളില്‍ നിന്നു പോലും നിരവധി പേര്‍ എത്താറുണ്ട്. ഇത്തവണ തെയ്യങ്ങളുറയാത്ത ക്ഷേത്രമുറ്റത്ത് അടക്കാതൂണുകളിലെ മനോഹാതിത അസ്വദിക്കാനായി പതിവുപോലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിരവധിപേര്‍ എത്തിച്ചേരുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.