പടത്തലവന്റെ സ്മരണ നിലനിർത്താൻ മകനും ശിഷ്യരും അങ്കത്തട്ടിലേക്ക്
text_fieldsഓച്ചിറ: ഓച്ചിറക്കളിയിലെ കിഴക്കേകരയുടെ പടത്തലവനായിരുന്ന കൊറ്റമ്പള്ളി തോട്ടത്തിൽ തറയിൽ ശിവദാസൻ ആശാന്റെ സ്മരണനിലനിർത്താൻ മകൻ ബിജുവും ശിഷ്യന്മാരും ഓച്ചിറക്കളിയുടെ ഭാഗമാവും. ഓച്ചിറക്കളിയിൽ പങ്കെടുക്കുകയും നാലുപതിറ്റാണ്ടായി ഒരു കരയുടെ നേതൃത്വത്തിൽ നിന്ന ശിവദാസൻ ആശാൻ ജനുവരി 15 നാണ് മരിച്ചത്.
കഴിഞ്ഞ തവണത്തെ കളിയിലും സജീവമായി പങ്കെടുത്തിരുന്നു. അച്ഛനില്ലെങ്കിലും ശിഷ്യരെ കോർത്തിണക്കി പരിശീലനത്തിലാണ് മകൻ. സന്ധ്യയാകുമ്പോൾ രണ്ടു മണിക്കൂർ വീതം പരിശീലനം നൽകും. വായ്ത്താരികളും 18 അടവുകളും 12 ചുവടുകളും അടങ്ങുന്ന പരിശീലനം അവസാന ഘട്ടത്തിലാണ്. ഇവരുടെ ചുവടുവെപ്പും ആയോധനമുറകളും കാണാൻ ഒട്ടേറെപ്പേർ എത്തുന്നുണ്ട്. ചിത്രത്തിന് മുന്നിലാണ് പരിശീലനം. വീട്ടിലെ കളരി തുടർന്നുകൊണ്ടുപോകാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം.
ജൂൺ16നും 17നുമാണ് ഓച്ചിറക്കളി. അഞ്ചു വയസ്സുള്ള കുട്ടികളും കളിയിൽ പങ്കെടുക്കും. കുട്ടികളെ പങ്കെടുപ്പിക്കുന്നത് നേർച്ചയായിട്ടാണ്. രാജഭരണകാലത്തെ യുദ്ധസ്മരണകൾ അയവിറക്കുന്നതാണ് ഓച്ചിറക്കളി. നല്ല കളിസംഘങ്ങൾക്ക് പാരിതോഷികം നൽകി ഓച്ചിറ ഭരണസമിതി ആദരിക്കും. ഓച്ചിറക്കളിക്കുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി ക്ഷേത്ര ഭരണസമിതി സെക്രട്ടറി കെ. ഗോപിനാഥനും പ്രസിഡന്റ് ബി. സത്യനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.