രേണുകയും ചിങ്ങിണിയും പിന്നെ ചിങ്ങമാസവും
text_fieldsകൽപറ്റ: 28 വർഷം മുമ്പാണ് അന്യ മതത്തിൽപ്പെട്ട രേണുകയും സലിം കൽപറ്റയും സ്നേഹിച്ച് വിവാഹിതരാവുന്നത്. ഭർത്താവിന്റെ വീട്ടുകാർ കാര്യമായി എതിർപ്പ് പ്രകടിപ്പിച്ചില്ലെങ്കിലും രേണുകയുടെ വീട്ടുകാർക്ക് ഈ ബന്ധം അംഗീകരിക്കാനായില്ല. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് സ്നേഹിച്ച പുരുഷനൊപ്പം രേണുക ദാമ്പത്യം തുടങ്ങി. സന്തോഷത്തോടെയുള്ള കുടുംബ ജീവിതമായിരുന്നെങ്കിലും വീട്ടുകാരുടെ അവഗണന രേണുകയുടെ ദാമ്പത്യ ജീവിതത്തിൽ നിഴലിച്ചു നിന്നു. ഇതിനിടെ, രേണുക ചിങ്ങമാസത്തിൽ ആദ്യ കൺമണിയായ അനുസിതാരക്ക് ജന്മം നൽകി. ചിങ്ങത്തിൽ ജനിച്ചതുകൊണ്ട് അവർ മകളെ ‘ചിങ്ങിണി’ എന്നു ചെല്ലപ്പേരിട്ടു വിളിച്ചു. പേരക്കുട്ടി പിറന്നതോടെ എല്ലാം മറന്ന് മാതാപിതാക്കളും കുടുംബക്കാരും രേണുകയെ തേടിയെത്തി. വീട്ടുകാർക്കുണ്ടായ പ്രശ്നങ്ങൾ എല്ലാം മാറുന്നത് അനു സിതാരയുടെ ജനനത്തോടെയാണ്. പിന്നീടുള്ള ഓരോ ഓണവും വിഷുവും പെരുന്നാളുകളും ഇവർക്ക് ആഘോഷമായി. എല്ലാം ഓണവും തറവാട്ടിൽ തന്നെയായിരിക്കും. ദൂരെ പോയി ആഘോഷം പതിവില്ല.
അനുസിതാരക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് രേണുകയുടെ നൃത്തവേദിയിലേക്കുള്ള രണ്ടാം വരവ്. അതും മറ്റൊരു ഓണക്കാലത്ത്. ‘സൃഷ്ടി’ എന്ന പേരിലുള്ള കലാകാരന്മാരുടെ സംഘടനയിൽ തിരുവാതിര പഠിപ്പിക്കാൻ രേണുകക്ക് അവസരം കിട്ടിയത്. നാടൻ നൃത്തവും തിരുവാതിര കളിയുമായി 20 പേരടങ്ങുന്ന സംഘവുമായി ചെന്നൈയിൽ നടന്ന നാഷനൽ ഫെസ്റ്റ് വരെയെത്തി ആ യാത്ര. ചിങ്ങമാസത്തിൽ രണ്ടു വയസ്സുകാരി അനുവുമായുള്ള ആ ഓണയാത്രകളും രേണുകയുടെ ഓർമയിലുണ്ട്.
അനുസിതാരയുടെ ഓരോ ജന്മദിനവും പ്രത്യേകമായി എന്തെങ്കിലും കുടുംബത്തിന് സമ്മാനിച്ചു കൊണ്ടിരുന്നു. എന്തെങ്കിലും ഒരു സന്തോഷം ഈ സമയം അവരെ തേടിയെത്തും. അനുവിന്റെ പിതാവിന് ജോലിയില്ലാതിരുന്ന സമയത്ത് ആദ്യമായി വീട്ടിൽ ഒരു വാഹനം ഓട്ടോ റിക്ഷയുടെ രൂപത്തിൽ വാങ്ങിയതും ഓണക്കാലത്താണ്. പിന്നീട് സലിം കൽപറ്റക്ക് സർക്കാർ ജോലി കിട്ടുന്നതും ചിങ്ങത്തിലാണ്. സിനിമ എന്ന സ്വപ്നമില്ലാതിരുന്ന രേണുകയെ തേടി ചിങ്ങത്തിലാണ് നൃത്ത സംവിധായകയുടെ അവസരം എത്തിയതും. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹാത്മ ഗാന്ധി ഫൗണ്ടേഷൻ സംഘടനയുടെ ഗ്രാമസ്വരാജ് പുരസ്കാരവും രേണുക സലിമിനെ തേടിയെത്തിയതും ചിങ്ങ മാസത്തിൽ തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.