അത്തം നാളെ; പൂക്കൾ എത്തിത്തുടങ്ങി
text_fieldsമസ്കത്ത്: അത്തം ഒന്നുമുതൽ പൂക്കളമൊരുക്കാൻ പ്രവാസികൾക്കായി ഒമാനിലെ കടകളിൽ പൂക്കൾ ലഭ്യമായിത്തുടങ്ങി. ഓണാഘോഷത്തിനാവശ്യമായ ഫ്രഷ് പൂക്കൾക്ക് ഇത്തവണ കൂടുതൽ ഓർഡറുകളാണ് ലഭിക്കുന്നതെന്ന് കടയുടമകൾ പറയുന്നു. പൂജ സാധനങ്ങൾക്കും നല്ല ഡിമാൻഡാണ് ഇത്തവണയുള്ളത്. പൂജക്കും അലങ്കാരത്തിനും മുഖ്യമായി ഉപയോഗിക്കുന്ന വസ്തുക്കൾ എല്ലാം വിപണിയിൽ ലഭ്യമാണ്. ചെറിയ വാഴത്തൈ വേഗം വിറ്റുപോകുന്ന ഇനമാണെന്നും കടക്കാർ പറയുന്നു.
വിവിധ തരത്തിലുള്ള ഓണ സ്റ്റിക്കറുകൾക്കും ആവശ്യക്കാരേറെയുണ്ട്. ഓണാശംസകൾ നേർന്നുകൊണ്ടുള്ള വലിയ സ്റ്റിക്കറുകൾക്കാണ് കൂടുതൽ പേരെത്തുന്നത്. അലങ്കാര വസ്തുക്കൾ, നെറ്റിപ്പട്ടം, പച്ചക്കറികൾ, കടച്ചക്ക, പൂവൻപഴം, തുടങ്ങി ഓണ ഒരുക്കങ്ങൾക്ക് ആവശ്യമായ സാധനങ്ങളെല്ലാം എത്തിക്കഴിഞ്ഞു. സൂപ്പർ മാർക്കറ്റിലും മാളുകളിലും പ്രത്യേക വിഭാഗംതന്നെ ഓണ സാമഗ്രികൾക്കായി സജ്ജീകരിച്ചുകഴിഞ്ഞിട്ടുണ്ട്.
അത്തം തുടങ്ങുന്നതോടെ ഓണത്തിന്റെ ആവേശം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇത്തവണ കൂടുതൽ കേമമാകും ഓണാഘോഷം എന്നാണ് കരുതുന്നതെന്നും പൂക്കളടക്കമുള്ളവ വിൽക്കുന്ന മസ്കത്ത് റെക്സ് റോഡിലെ അമാന ഷോപ്പിങ് ഉടമ നൗഷാദ് പറയുന്നു. ഒാരോ സംഘടനയും കൂട്ടായ്മയും ഒരുക്കുന്ന ഓണസദ്യയിൽ കുറഞ്ഞത് 1000 പേർക്കുള്ള സദ്യ വിളമ്പുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനാവശ്യമായ വാഴയില പ്രധാനമായും കേരളത്തിൽനിന്നും തമിഴ്നാട്ടിൽ നിന്നുമാണ് എത്തിക്കുന്നത്.
പൂക്കള മത്സരങ്ങൾ സ്കൂളുകളിലും കമ്പനികളിലും വിപുലമായിത്തന്നെ ഇത്തവണ നടക്കുന്നുണ്ട്. അതിനായി പൂക്കൾക്ക് ഇപ്പോൾത്തന്നെ ഓർഡർ ലഭിച്ചുതുടങ്ങി. ജമന്തി, ചെണ്ടുമല്ലി, മുല്ല, ചെട്ടിപ്പൂവ്, നന്ദ്യാർവട്ടം, സൂര്യകാന്തി എന്നിങ്ങനെ ഇനങ്ങൾ പൂക്കളുടെ കൂട്ടത്തിലുണ്ട്. ഇതെല്ലാം കടൽകടന്ന് എത്തിക്കുകയാണ് ചെയ്യുന്നത്. നാട്ടിൽനിന്ന് വരുന്നകാർഗോ വിമാനങ്ങളിലെല്ലാം ഓണാഘോഷത്തിന്റെ പലതരം സാധനങ്ങൾ സ്ഥാനം പിടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.