അത്തം പിറന്നു; പൂവിപണി സജീവം
text_fieldsപത്തനംതിട്ട: അത്തം പിറന്നതോടെ ഓണത്തിനുള്ള ശംങ്കൊലി മുഴങ്ങിക്കഴിഞ്ഞു. ഇനി പത്തിന് തിരുവോണം വരെയും പൂവിപണിയും സജീവമായി നിൽക്കും. തെച്ചിയും ജമന്തിയും വാടാമല്ലിയുമടക്കം മറുനാടന്‍ പൂക്കള്‍ വിപണിയില്‍ സുലഭമായി എത്തികൊണ്ടിരിക്കുന്നു.
തിരുവോണം അടുക്കുമ്പോഴേക്കും പൂവിന്റെ ആവശ്യകതയും വിലയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. അത്തം മുതല്‍ തിരുവോണംവരെ പൂക്കളങ്ങള്‍ നാടെങ്ങും നിറയുന്ന കാലമാണ്.
പണ്ട് നാടന്‍ പൂക്കളായിരുന്നു പൂക്കളങ്ങള്‍ നിറച്ചിരുന്നത്. എന്നാലിന്ന് നാടന്‍ പൂക്കള്‍ ഗ്രാമാന്തരീക്ഷങ്ങളില്‍ കൂടി വിരളമായതോടെ ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുകയാണ്.
ജമന്തിയും ഡാലിയയും ചെണ്ടുമല്ലിയും അരളിയും പലതരം റോസാപ്പൂക്കളുമാണ് അത്തപ്പൂക്കളത്തിന്റെ പ്രധാന വര്‍ണങ്ങള്‍. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട്, തമിഴ്നാട്ടിലെ തോവാള, തെങ്കാശി, സുന്ദരപാണ്ഡ്യപുരം, ആയ്ക്കുടി, സാമ്പാര്‍ വടകരൈ എന്നിവിടങ്ങളിൽനിന്നാണ് ജില്ലയിലെ ചന്തകളിൽ പൂക്കള്‍ നിറക്കുന്നത്. ഓണം വർണാഭമാക്കാൻ ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങളിലാണ് ഇതരസംസ്ഥാന സ്ഥലങ്ങളില്‍ പൂകൃഷി നടക്കുന്നത്.
മഞ്ഞ ചെണ്ടുമല്ലി, റോസ്, ഓറഞ്ചുബന്ദി, വെല്‍വെറ്റ് പൂക്കള്‍ തുടങ്ങിയ തോവാളയില്‍നിന്നാണ് എത്തുന്നത്. കര്‍ണാടകത്തിലെ ഹൊസൂരില്‍നിന്ന് പൂക്കള്‍ എത്താറുണ്ട്. ജില്ലയുടെ പല ഭാഗത്തും ഇപ്പോള്‍ പൂകൃഷി വ്യാപകമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.