എല്ലാ മേഖലയിലെയും സമത്വമാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് പി. രാജീവ്
text_fieldsതിരുവനന്തപുരം: ജാതിയുടെയും മതത്തിന്റെയും സമ്പത്തിന്റെയും അതിർവരമ്പുകകൾക്കതീതമായി എല്ലാം മേഖലയിലും സമത്വമുള്ള സമൂഹമായി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി. രാജീവ്. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ഓണാഘോഷ പരിപാടിയായ കുന്നത്തുനാട് ഫെസ്റ്റ് ലാവണ്യം -2023 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുന്നത്തുനാട് മണ്ഡലം വികസനത്തിന്റെയും സംസ്കാരത്തിന്റെയും പുതിയ ചരിത്രം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സാധാരണക്കാരനുൾപ്പെടെ ഓണം ആഘോഷിക്കാനുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എല്ലാവരെയും ഒന്നായി കാണുന്ന സർക്കാരാണ് കേരളത്തിലേതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം, ജില്ലാ കുടുംബശ്രീ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ലാവണ്യം 2023 സംഘടിപ്പിക്കുന്നത്. ആറ് ദിവസങ്ങളിലായി സെൻ്റ് പീറ്റേഴ്സ് കോളജ് മൈതാനിയിലാണ് ആഘോഷ പരിപാടികൾ.
ചടങ്ങിൽ പി.വി.ശ്രീനിജിൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. വിപണന മേളയുടെ ഉദ്ഘാടനം കലക്ടർ എൻ.എസ്.കെ.ഉമേഷ് നിർവഹിച്ചു. സമൂഹത്തെ മുഴുവൻ ഒരു കുടുംബമായി കണ്ട് അവരുടെ സുഖത്തിലും ദുഃഖത്തിലും പങ്കു ചേരുന്ന സന്ദേശമാണ് ഓണം മുന്നോട്ട് വെക്കുന്നതെന്ന് കലക്ടർ പറഞ്ഞു.
വൈകീട്ട് കോലഞ്ചേരി ബ്ലോക്ക് ജംഗ്ഷനിൽ നിന്നും പ്രൗഢഗംഭീരമായ ഘോഷയാത്രയോടെയായിരുന്നു ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളുടെ തുടക്കം. വൈവിധ്യങ്ങൾ നിറഞ്ഞ കലാരൂപങ്ങൾ അണിനിരത്തിക്കൊണ്ട് ബ്ലോക്ക് ജംഗ്ഷനിൽ നിന്നും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് മൈതാനി വരെയായിരുന്നു ഘോഷയാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.