പൂപ്പാടം കാണാൻ പോരൂ...
text_fieldsസുൽത്താൻ ബത്തേരി: നഗരസഭ ഹരിതകർമസേനയുടെ പൂപ്പാടം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. സുൽത്താൻ ബത്തേരി നഗരസഭ അധ്യക്ഷൻ ടി.കെ. രമേശ് ഉദ്ഘാടനംചെയ്തു.
നഗരത്തിന്റെ മധ്യത്തിൽ രണ്ടര ഏക്കറോളം സ്ഥലത്താണ് ഹരിതകർമസേനയുടെ നേതൃത്വത്തിൽ മഞ്ഞയും ചുവപ്പും ചെണ്ടുമല്ലിയും സൂര്യകാന്തിയുമടക്കം കണ്ണിനു കുളിർമയേകുന്ന പൂപ്പാടം. സുൽത്താൻ ബത്തേരിയിലേക്ക് എത്തുന്ന മുഴുവൻ ജനങ്ങൾക്കും കുറഞ്ഞ പ്രവേശന ഫീസ് നിരക്കിൽ പൂപ്പാടത്തിനകത്തേക്ക് പ്രവേശിക്കാനും ഫോട്ടോയെടുക്കാനും സായാഹ്നങ്ങളിൽ വിവിധങ്ങളായ കലാപരിപാടികൾ സംഘടിപ്പിക്കുന്നതിനുമുള്ള ഒരുക്കം നഗരസഭ ആരംഭിച്ചിട്ടുണ്ട്.
വയനാട്ടിൽ എത്തുന്ന സഞ്ചാരികൾക്ക് വലിയ രീതിയിലുള്ള ദൃശ്യഅനുഭവമാണ് ബത്തേരിയുടെ ഹൃദയഭാഗത്ത് നഗരസഭ ഒരുക്കിയത്. പൂപ്പാടത്തിന് നടുവിലായി സെൽഫി സ്പോട്ടുകൾ, ഇരിപ്പിടങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. അവധിക്കാലത്ത് കുട്ടികൾക്കായി വിവിധ മത്സരങ്ങളും പൂപ്പാടത്ത് ഒരുക്കുന്നുണ്ട്. രാവിലെ എട്ടു മുതൽ വൈകീട്ട് 6.30വരെയാണ് പൂപ്പാടത്തേക്ക് പ്രവേശനം.
വിവേകാനന്ദൻ പുളിക്കൽ ആണ് പൂപ്പാടത്തിനായി സ്ഥലം വിട്ടു നൽകിയത്. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ എൽസി പൗലോസ്, സത്യൻ ചന്ദ്രാലയം, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ ലിഷ, ടോം ജോസ്, ഷാമില ജുനൈസ്, ഹരിതകർമസേന കോഓഡിനേറ്റർ അൻസിൽ ജോൺ, ഇ.എം. രജനി എന്നിവർ പങ്കെടുത്തു. സെപ്റ്റംബർ 15 വരെയാണ് പൂപ്പാടം പൊതുജനങ്ങൾക്കായി തുറക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.