ഓണം കളറാക്കി പൂവിപണി
text_fieldsകണ്ണൂര്‍: നാടെങ്ങും ഓണത്തിരക്കിലാണ്. പണ്ടത്തെപോലെ പൂക്കളിറുക്കാനും പൂക്കൊട്ടയുമായി തൊടികളേറാനൊന്നും ആർക്കും സമയമില്ല. അതുകൊണ്ടുതന്നെ പൂവിപണിയും സജീവമാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും പാതയോരങ്ങളിലെല്ലാം പൂക്കച്ചവടക്കാർ ഇടംപിടിച്ചിട്ടുണ്ട്. വാഹനങ്ങളിൽ എത്തിച്ച് വിൽപനയും തകൃതി. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് പൂവില അൽപം പൊള്ളും. പൂക്കളത്തിലെ പ്രധാനി മഞ്ഞ ചെണ്ടുമല്ലികക്ക് കിലോക്ക് 160 മുതൽ 200 വരെയാണ് വില. റോസ് അരളിക്ക് 800 വരെ. വയലറ്റ് അരളിക്ക് ആയിരം കടന്നു. 1,000 മുതൽ 1,200 വരെ കൊടുക്കണം. ജമന്തി-500, മല്ലിക-200, റോസ്-600 എന്നിങ്ങനെയാണ് മറ്റ് പൂക്കളുടെ വില.
സ്ഥാപനങ്ങളിലെയും മറ്റും ഓണാഘോഷത്തിന് കിലോക്കണക്കിന് പൂക്കളാണ് ചെലവാകുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ കച്ചവടം പൊടിപൊടിച്ചു. തമിഴ്നാട്, ഗുണ്ടല്‍പേട്ട്, മൈസൂരു എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പൂക്കളെത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ കച്ചവടക്കാർ നിരത്തിൽ സ്ഥാനം പിടിക്കും. വാഹനവുമായെത്തി ഗുണ്ടൽപേട്ടിൽനിന്ന് മൊത്തമായി പൂക്കളെടുത്ത് വരുന്നവരുമുണ്ട്. തമിഴ്നാട്ടിലും കര്‍ണാടകയിലും ഗണേശോത്സവവും ദേവീപൂജയും ഒരേസമയത്തായതിനാലാണ് വില കൂടിയതെന്നാണ് കടച്ചവടക്കാര്‍ പറയുന്നത്.
ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ‘ഓണത്തിന് ഒരു കൊട്ട പൂവ്’ പദ്ധതിയില്‍ 40 ഹെക്ടറിൽ പൂകൃഷി ചെയ്തിട്ടുണ്ട്. പ്രതീക്ഷിച്ച വിളവ് ലഭിച്ചില്ലെങ്കിലും പ്രാദേശികമായി ഓറഞ്ചും മഞ്ഞയും നിറങ്ങളുള്ള ചെണ്ടുമല്ലി ലഭ്യത വർധിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളും കൃഷി വകുപ്പും നടത്തിയ പൂ കൃഷിയിൽ ജില്ലയിൽ 70 ടൺ പൂക്കൾ വിളവെടുത്തു. ഇത്തവണ സ്കൂളുകളിലും കോളജുകളിലും വിവിധ ഓഫിസുകളിലും സ്ഥാപനങ്ങളിലും ഓണാഘോഷം ഉഷാറാണ്. കോവിഡ് പ്രതിസന്ധികളിൽനിന്ന് കരകയറിയശേഷം കാലാവസ്ഥയും അനുകൂലമായതോടെ ആഘോഷം പൊടിപൊടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.