ഓർമ്മകളുടെ ഓണക്കോടിയേരി
text_fields‘കോവിഡിന് ശേഷം ഓണം കാര്യമായി ആഘോഷിക്കാൻ കഴിഞ്ഞിട്ടില്ല.കഴിഞ്ഞ വർഷത്തെ ഓണത്തിന് പൂക്കളുടെ മണമായിരുന്നില്ല, മരുന്നിന്റെതായിരുന്നു. ഈ വർഷത്തെ ഓണത്തിന് എന്റെ സഖാവിന്റെ മണമാണ്.-വിനോദിനി ബാലകൃഷ്ണൻ
‘ഓണത്തിന് ഉറപ്പായും വീട്ടിൽ വിരുന്നിനെത്തണമെന്ന് നവമിഥുനങ്ങളോട് എന്റെ അച്ഛൻ ആവശ്യപ്പെട്ടിരുന്നു. പുതുമോടിയിൽ ആദ്യ ഓണാഘോഷം സ്വന്തം വീട്ടിൽ അച്ഛന്റെയും അമ്മയുടെയും ഒപ്പമാകുമെന്ന സന്തോഷത്തിലായിരുന്നു ഞാൻ. പക്ഷേ, ഓണമെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു നമ്മൾ എവിടെ ജീവിക്കുന്നുവോ അവിടെയാണ് ഓണവും വിഷുവും. ഇത്തവണ നമുക്കിവിടെ കൂടാം’’. സത്യം പറഞ്ഞാൽ സങ്കടവും പരിഭവവും വന്നു. പക്ഷേ, പൂക്കളമൊരുക്കിയും സദ്യവിളമ്പിയും ബാലകൃഷ്ണേട്ടൻ ആ പരിഭവം മായ്ച്ചുകളഞ്ഞു. ഉള്ളുലഞ്ഞ ഏതു പരിഭവവും നിറഞ്ഞചിരിയാൽ അലിയിപ്പിച്ചുകളയുന്ന പ്രിയസഖാവിന്റെ കൈമിടുക്കിന്റെ തുടക്കമായിരുന്നു അത്. പിന്നീടൊരിക്കലും പരിഭവം കാണിക്കേണ്ടിവന്നിട്ടില്ല. 40 വർഷം നീണ്ട ദാമ്പത്യത്തിനിടയിൽ ഒരിക്കൽപോലും ഓണത്തിനും വിഷുവിനും സ്വന്തം വീട്ടിൽ പോയിട്ടുമില്ല. കഴിഞ്ഞവർഷം അന്തരിച്ച മുൻ ആഭ്യന്തരമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണനൊപ്പമുള്ള ഓണം ഓർമകൾ ഓർത്തെടുക്കുകയാണ് പ്രിയപത്നി വിനോദിനി ബാലകൃഷ്ണൻ.
ഓണത്തിന് അദ്ദേഹം കോടിയേരിയിലെ വീട്ടിലെത്തണമെന്ന് അമ്മക്ക് നിർബന്ധമാണ്. എത്രതിരക്കിലായാലും ആ പതിവ് അദ്ദേഹം തെറ്റിച്ചതുമില്ല. ഏകമകനായതുകൊണ്ട് ഓണത്തിന് കൂടെയുണ്ടാവാൻ അമ്മ ആഗ്രഹിക്കുന്നുണ്ടെന്ന് സഖാവിന് അറിയാമായിരുന്നു. മറ്റുള്ളവരെ പരിഗണിക്കുക എന്നത് അദ്ദേഹത്തിന് നിർബന്ധമാണ്. അമ്മയുടെ കാര്യത്തിൽ ഈ നിർബന്ധം അൽപം കൂടുതലുമായിരുന്നു. അച്ഛൻ ചെറുപ്പത്തിലേ മരിച്ചുപോയതുകൊണ്ട് എല്ലാം അമ്മയായിരുന്നു. മന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് രണ്ടാം മാസത്തിലാണ് അമ്മയുടെ മരണം. ഓണസദ്യയിൽ ബാലകൃഷ്ണേട്ടന് മീൻകറിയും പരിപ്പ് പ്രഥമനും നിർബന്ധമാണ്. മലബാറിലെ ഓണസദ്യ ഇറച്ചിയും മീനും ചേർന്നതാണല്ലോ. ജനപ്രതിനിധിയായും പാർട്ടി സെക്രട്ടറിയായും 1996ൽ തിരുവനന്തപുരത്തേക്ക് ചേക്കേറിയപ്പോൾ ഒന്നുരണ്ട് വട്ടം ഓണം അവിടെ ആഘോഷിച്ചിട്ടുണ്ട്. അതൊക്കെയും വെജിറ്റേറിയൻ സദ്യയായിരുന്നു.
തിരുവനന്തപുരത്തെ ഓണവും തലശ്ശേരിയിലെ ഓണവും വ്യത്യസ്തമാണ്. തിരുവനന്തപുരത്ത് പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഒട്ടേറെ ചടങ്ങുകൾ. തലശ്ശേരിയിൽ ഓണസദ്യയിൽ മീനും ഇറച്ചിയും ഒക്കെ നിർബന്ധം. രണ്ടും രണ്ട് രീതികൾ. മനസ്സിന് ഊർജംനൽകുന്ന ഒരവസരവും ആഘോഷിക്കാതെ സഖാവ് പാഴാക്കാറില്ല. ഒന്നിലും അമിതമായി സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യാത്ത അദ്ദേഹത്തിന് ഓണത്തെ കുറിച്ചും കൃത്യമായ നിലപാടുണ്ടായിരുന്നു. ഓണക്കോടി വേണമെന്ന് ശീലിച്ചാൽ എന്നെങ്കിലും അതെടുക്കാൻ കഴിയാതെവന്നാൽ വിഷമമാകുമെന്ന് പറയുമായിരുന്നു. എങ്കിലും, ഇതുവരെയും ഓണക്കോടി മുടക്കിയിട്ടില്ല. വെള്ളമുണ്ടും ഷർട്ടും ഞാൻ പോയെടുക്കും. ഒരു തൂവാലപോലും അദ്ദേഹം ഒറ്റക്ക് വാങ്ങിയിട്ടില്ല. എല്ലാം എന്റെ ഇഷ്ടത്തിന് വിട്ടുതന്നു. ഓണത്തിന് കൊച്ചുമക്കൾക്കൊപ്പം പൂക്കളമൊരുക്കാനും വരക്കാനുമൊക്കെ കൂടെക്കൂടും. പൂക്കളത്തിൽ ഏതു കളർ വേണമെന്നൊക്കെ അഭിപ്രായം പറയും. പേരക്കുട്ടികൾ പറയുന്നതൊക്കെ അക്ഷരംപ്രതി അനുസരിക്കും. അവരോടൊപ്പം എന്തിനും കൂടും. ബിനീഷിന്റെ മക്കളായ ഭദ്രനും ഭാമിനിയും ബിനോയിയുടെ കാർത്തികും വിനായകും മുത്തശ്ശന്റെ ഓരംപറ്റി നടക്കും. അവരുമായി വല്ലാത്തൊരു അടുപ്പമായിരുന്നു. അദ്ദേഹം യാത്രയായതോടെ അവർക്കിടയിലെ ആ വിടവ് മായാതെകിടക്കുകയാണ്.
ആത്മസുഹൃത്തുക്കളായിട്ടും ഇതുവരെ കോടിയേരിയും പിണറായിയും ഓണം ഒന്നിച്ച് ആഘോഷിച്ചിട്ടില്ല. ഒരുതവണ പിണറായി വിജയനും ഭാര്യ കമലക്കുമൊപ്പം ഞങ്ങൾ മുംബൈയിൽ വിഷു ആഘോഷിച്ചിരുന്നു. ഒരിക്കൽ അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ ഓണം ആഘോഷിച്ചതൊക്കെ പറഞ്ഞിട്ടുണ്ട്. തലശ്ശേരി എം.എൽ.എയും സി.പി.എം നേതാവുമായിരുന്ന അച്ഛൻ എം.വി. രാജഗോപാലനും അന്ന് ജയിലിലുണ്ടായിരുന്നു. ഞങ്ങളുടെ വീടുകൾ തമ്മിൽ ഒരുകിലോമീറ്ററിന്റെ അകലമേ ഉണ്ടായിരുന്നുള്ളൂ. അച്ഛന്റെ പ്രിയശിഷ്യനായിരുന്ന ബാലകൃഷ്ണനെ കുറിച്ച് എപ്പോഴും പറയുന്നതിനാൽ ചെറുപ്പത്തിലേ ബാലകൃഷ്ണേട്ടനെ അറിയാം. അച്ഛനെ കാണാൻ ഭക്ഷണവുമായി ഞങ്ങൾ ജയിലിൽ പോകുമ്പോൾ സഖാവിനെയും കണ്ടിരുന്നു. വി.വി. ദക്ഷിണാമൂർത്തിയും അന്ന് ജയിലിലുണ്ടായിരുന്നു. എല്ലാവരുടെ വീട്ടിൽനിന്നും സദ്യയും പായസവുമൊക്കെ കൊണ്ടുവരും. എല്ലാവരും വിഭവങ്ങൾ തമ്മിൽ പങ്കുവെച്ചാണ് അന്ന് ഓണസദ്യ ഉണ്ടത്.
ഓണമായാൽ വീട്ടിലെത്തണം. എത്ര തിരക്കുകൾക്കിടയിൽ എത്ര ദൂരെയാണെങ്കിലും മുടക്കംവരുത്തിയിട്ടില്ല. എല്ലാം നനവുള്ള ഓർമകളാവുകയാണ്. ആ ഓർമകൾ മാത്രമാണ് ഇനി മുന്നോട്ടുള്ള ജീവിതം. ഞങ്ങൾ ഒന്നിച്ചേ എന്തും ആഘോഷിച്ചിട്ടുള്ളൂ. അവസാന ഓണം വരെ അത് തുടർന്നു. അവസാന നാളുകളിൽ ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഓർമ മാഞ്ഞുമറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഓണമല്ലേ, കഴിച്ചോ എന്നൊക്കെ അന്വേഷിച്ചിരുന്നു. മലയാളി നഴ്സുമാരോടൊക്കെ സംസാരിക്കുമായിരുന്നു. അവസാനത്തെ രണ്ടുമൂന്ന് ദിവസം മാത്രമാണ് അവസ്ഥ മോശമായത്. കണ്ണടച്ചുകാണിച്ചും തലയാട്ടിയും ഡോക്ടർമാരോടും ഞങ്ങളോടും പ്രതികരിച്ചിരുന്നു. കോവിഡിന് ശേഷം ഓണം കാര്യമായി ആഘോഷിക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞവർഷത്തെ ഓണത്തിന് പൂക്കളുടെ മണമായിരുന്നില്ല, മരുന്നിന്റെതായിരുന്നു. ഈവർഷത്തെ ഓണത്തിന് അദ്ദേഹത്തിന്റെ മണമാണ്. നിശ്ശബ്ദതയാർന്ന സഖാവിന്റെ മണം കോടിയേരിയിലെ കാറ്റിനുപോലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.