സ്നേഹത്താമരയോളം
text_fieldsഭംഗിയും പരിമളവുംകൊണ്ട് ആരെയും ആകർഷിക്കുന്ന പൂവായ താമരയെക്കുറിച്ചെഴുതാത്ത കവികളില്ല. ഇന്ത്യയുടെ ദേശീയ പുഷ്പമാണിത്. ഹൈന്ദവ ക്ഷേത്രങ്ങളിൽ പൂജകൾക്കും ഹോമങ്ങൾക്കും ഒഴിച്ചുകൂടാനാവാത്തതാണ് താമര. മലപ്പുറം ജില്ലയിലെ ചരിത്രപ്രസിദ്ധമായ തിരുനാവായയിലെത്തിയാൽ മതസൗഹാർദത്തിന്റെ മനോഹരമായ കഥകൾകൂടി പറയാനുണ്ട് താമരക്ക്. ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിലേക്ക് കൊണ്ടുപോകുന്ന താമര ഇവിടെ കൃഷി ചെയ്യുന്നവരിൽ ബഹുഭൂരിഭാഗവും മുസ്‍ലിം സമുദായത്തിൽപെട്ടവരാണ്. എടക്കുളം വലിയ പറപ്പൂർ കായലിലെ താമരകൃഷിക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്ന് പറയപ്പെടുന്നു. പിൽക്കാലത്ത് രോഗം വന്ന് കൃഷി നാമാവശേഷമായപ്പോൾ മുക്കാൽ നൂറ്റാണ്ടുമുമ്പ് തോട്ടുപുറത്ത് സൈതലവിയെന്നയാൾ ഇത് പുനരുജ്ജീവിപ്പിക്കുകയായിരുന്നു. മകൻ മമ്മിക്കുട്ടി താമരകൃഷിയിൽ സജീവമാണ്. ഈ ഓണക്കാലത്ത് അക്കാര്യങ്ങൾ അഭിമാനത്തോടെ ഓർത്തെടുക്കുകയാണ് മമ്മി.
1942ൽ കോട്ടക്കൽ കോവിലകത്തെ കുഞ്ഞനിയൻ രാജയിൽനിന്ന് പാട്ടത്തിന് ഭൂമി വാങ്ങിയാണ് സൈതലവി താമരകൃഷി തുടങ്ങിയത്. പിതാവും സഹോദരനും കൂടെ നിന്നു. തൃപ്രങ്ങോട് ശിവക്ഷേത്രക്കുളത്തിൽനിന്ന് വിത്തുകൾ കൊണ്ടുവന്ന് തുടങ്ങിയ കൃഷി പിന്നെ തിരുനാവായ മേഖല വിട്ടുപോയിട്ടില്ല. ഇന്ന് സമീപപ്രദേശങ്ങളായ കൊടക്കൽ, കോന്നല്ലൂർ, പട്ടർനടക്കാവ്, കൊളത്തോൾ തുടങ്ങിയ സ്ഥലങ്ങളിലായി നൂറുകണക്കിന് പേരുടെ ഉപജീവനമാർഗമാണിത്.
പൂജകൾക്കു മാത്രമല്ല, ആയുർവേദ മരുന്നുണ്ടാക്കാനും മാലകൾ നിർമിക്കാനുമൊക്കെ താമരപ്പൂ ഉപയോഗിക്കുന്നുണ്ട്. ഒരു ഏക്കറിൽ കൃഷി ചെയ്താൽ മാസം 6000 പൂവ് വരെ വിളവെടുക്കാം. മണ്ഡലകാലത്തും ശിവരാത്രി സമയത്തുമെല്ലാം ആവശ്യക്കാർ കൂടും. ഓണനാളുകളിലും താമരക്ക് ഡിമാൻഡുണ്ട്. നിലവിലെ കർഷകർ ശരാശരി നാലു രൂപക്കാണ് താമരമൊട്ട് വിൽക്കുന്നത്. ആവശ്യമനുസരിച്ച് കൂടിയും കുറഞ്ഞുമിരിക്കും. രാവിലെ തന്നെ മമ്മിക്കുട്ടിയുൾപ്പെടെ കർഷകർ തോണിയെടുത്ത് കായലിലിറങ്ങും. ആവശ്യത്തിനനുസരിച്ച് മൊട്ടുകളുമായാണ് തിരിച്ചുവരുക. താമരകൃഷി കാണാനും പഠിക്കാനും നിരവധി പേരെത്താറുണ്ട്. അവർക്ക് സമ്മാനമായി കൈനിറയെ മൊട്ടുകളും നൽകിയാണ് മമ്മി യാത്രയാക്കാറ്. കൃഷിയെക്കുറിച്ച് അറിയേണ്ടവർക്ക് മമ്മിക്കുട്ടിയെ 8086275739 നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.