മലയാളികൾ മൺപാത്രത്തിലേക്ക് മടങ്ങുന്നു; ഓണ വിപണിയിലും ആവശ്യക്കാർ ഏറെ
text_fieldsവടശ്ശേരിക്കര: ഓണം ഓഫറുകളിൽ നോൺസ്റ്റിക് പാത്രങ്ങളിലേക്കും ഹൈടെക് പാചക ഉപകരണങ്ങളും വാങ്ങിക്കൂട്ടുന്ന മലയാളിയുടെ ശീലം മാറുന്നു.
ആദിമകാലം മുതൽ മനുഷ്യർ ഉപയോഗിച്ചു തുടങ്ങിയതെന്ന് ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്ന മൺപാത്രങ്ങളിലേക്ക് മലയാളി മടങ്ങുന്നതിന്റെ സൂചനയാണ് ഓണ വിപണിയിൽ മൺപാത്ര വിൽപനയിൽ ഉണ്ടായ വർധന കാണിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ അടുക്കളകൾ അലുമിനിയം, സ്റ്റീൽ പാത്രങ്ങൾക്കും പ്രഷർ കുക്കറുകൾക്കുമൊക്കെ വഴിമാറിയപ്പോൾ മൺപാത്രങ്ങൾ ഏതാണ്ട് പൂർണമായും ഒഴിവായ അവസ്ഥയായിരുന്നു. സ്റ്റീൽ പാത്രങ്ങളുടെ ധാരാളിത്തം അടുക്കളയുടെ പ്രൗഢിയെ കാണിക്കുന്ന ഒരു കാലഘട്ടവും മലയാളികൾക്കുണ്ടായിരുന്നു.
പിന്നീടത് നോൺ സ്റ്റിക് പാത്രങ്ങൾക്കും ആധുനിക കുക്കിങ് റേഞ്ചുകൾക്കുമൊക്കെ വഴിമാറിയപ്പോൾ അടുക്കളയിൽ കഞ്ഞിവെക്കാൻപോലും മൺപാത്രങ്ങൾ ഇല്ലാതെയായി. ഇതോടെ തമിഴ്നാട്ടിൽനിന്നും കൊണ്ടുവന്ന് മൺപാത്രങ്ങൾ തലച്ചുമടായി വീടുകളിലെത്തിക്കുന്ന കച്ചവടക്കാരും മൺപാത്രക്കടകളും നാട്ടിലില്ലാതായി. എന്നാൽ, ആരോഗ്യ പ്രശ്നങ്ങളും പുതിയ ചില തിരിച്ചറിവുകളുമൊക്കെ മലയാളിയെ മൺപാത്രത്തിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുന്നു എന്നുവേണം മനസ്സിലാക്കാൻ.
തുടക്കത്തിൽ മീൻകറി വെക്കാൻ മാത്രം മൺപാത്രം തേടിയെത്തിയവർ ഇന്ന് എല്ലാത്തരം പാത്രങ്ങളും വെള്ളം കുടിക്കാനുള്ള മൺകപ്പു വരെ അന്വേഷിച്ചെത്താറുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. ഓണത്തിന് മോരും പുളിശ്ശേരിയും വിളമ്പാൻ ചെമ്മൺ നിറമുള്ള മൺകലവും ചിരട്ട തവിയും നിരവധിപേർ ചോദിച്ചെത്തുന്നുണ്ട്.
ഓണത്തിന്റെ നിറസമൃദ്ധിയും പാരമ്പര്യവും ആഘോഷിക്കപ്പെടുമ്പോൾ മൺപാത്ര വിപണിയിലെ ഉണർവ് ആ മേഖലയിൽ പണിയെടുക്കുന്ന നിരവധി ജീവിതങ്ങൾക്കും താങ്ങായിമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.