തറവാട്ടിലെ നൊസ്റ്റാൾജിക് ഓണം
text_fieldsനാട്ടിലെ ഓണാഘോഷങ്ങൾ ഒരിക്കലും മനസ്സിൽനിന്ന് മായാത്തതാണ്. ഓണക്കാലത്ത് മിക്കപ്പോഴും അച്ഛന്റെയോ അമ്മയുടെയോ തറവാട്ടിലായിരിക്കും. ആ സമയം ബന്ധുക്കൾ എല്ലാവരും വരും. പിന്നെ അങ്ങോട്ട് ഉത്സവദിനങ്ങളാണ്. ചാണകം മെഴുകലും പൂത്തറയും മാവേലിയെ ഉണ്ടാക്കിവെക്കലും എല്ലാം ബഹുരസമാണ്. വന്നവർ ഓണപ്പുടവ കൊണ്ടുവരും. മുത്തശ്ശിമാർ പണം നൽകും. അതിരാവിലെ ഞങ്ങൾ പൂപ്പറിക്കാൻ പോകും.
അന്നത്തെ കാലത്ത് പൈസ കൊടുത്ത് പൂ വാങ്ങില്ല. സകല പറമ്പിലും നടന്ന് ഞങ്ങൾ കുട്ടികൾ പൂക്കൾ പറിക്കും. ആ പൂക്കളൊന്നും ഇന്ന് നാട്ടിൻപുറങ്ങളിൽപോലും കാണാൻ കഴിയുന്നില്ല. പൂക്കളമൊക്കെ നേരത്തെ ഇട്ടശേഷം അമ്പലക്കുളത്തിൽ കുളിക്കാൻപോകും. പിന്നെ വീട്ടിൽ വന്നാൽ പ്രാതൽ. അന്നൊക്കെ എല്ലാവരും കൂടുമ്പോൾ നല്ല രസമാണ്. പറമ്പിലാണു കളിക്കാൻ പോകുന്നത്. കളി കഴിഞ്ഞുവന്നാൽ സദ്യയാണ്. പായസം, പപ്പടം, പഴം എല്ലാം ചേർത്ത് ഒറ്റപ്പിടി. കോഴിക്കോട്ടെ വീട്ടിലാണെങ്കിൽ കാശുകൊടുത്തു വാങ്ങിയ പൂവുകൊണ്ടാണ് പൂക്കളമിടുന്നത്. സദ്യ വീട്ടിൽ അമ്മവെക്കും. അടുത്തുള്ള നമ്മുടെ സുഹൃത്തുക്കളൊക്കെ സദ്യ കഴിക്കാൻ വരും.
പിന്നെ വൈകീട്ട് എല്ലാവരും കൂടി ബീച്ചിൽ പോകുന്നു. ഓണം തീർന്നു. ഇപ്പോൾ ബഹ്റൈനിൽ എത്തുമ്പോൾ ഓണാഘോഷം ഒരുപാടുമാറി. പൂക്കളം വല്ല മത്സരവും വരുമ്പോൾ മാത്രം ഇടും. മിക്കവാറും ഓഫിസിൽ ആയിരിക്കും. ഹോട്ടൽ സദ്യ ബുക്ക് ചെയ്തുകഴിക്കും. കേരളീയ സമാജം, ഇന്ത്യൻ ക്ലബ്, കെ.സി.എ തുടങ്ങിയ സംഘടനകളെല്ലാം ഓണാഘോഷങ്ങൾ നടത്താറുണ്ട്.
നാട്ടിൽ അന്യം നിൽക്കുന്ന കലകളെയും നാട്ടിലെ നല്ല കലാകാരന്മാരെയും കൊണ്ടുവരാനും മറ്റും സംഘടനകൾ എടുക്കുന്ന ശ്രമം വളരെ വലുതാണ്. അതുകൊണ്ടുതന്നെ നമുക്ക് അവ ആസ്വദിക്കാൻ കഴിയുന്നു. സത്യസന്ധമായി പറയട്ടെ, ഓണാഘോഷങ്ങൾ ഇവിടെ ഗംഭീരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.