പൂവേ പൊലി പൂവേ...
text_fieldsആനക്കര: കര്‍ക്കടകത്തിന്റെ നോവറിഞ്ഞ് പിറന്ന ചിങ്ങത്തെ പൂക്കണി വെച്ച് വരവേല്‍ക്കാന്‍ നാടൊരുങ്ങി. ഓണാഘോഷത്തിന്റെ മുന്നോടിയായുള്ള അത്തം ഞായറാഴ്ചയാണ്. ഇനി ‘പൂവേ പൊലി പൂവേ’ വിളികളുമായി തൊടികള്‍ ഉണരുകയായി. പഴയപോലെ ഇല്ലങ്കിലും കുട്ടികള്‍ക്ക് ഇനി പൂ പറിക്കലിന്റെ ദിനങ്ങളാണ്. കണ്ണാന്തളിയും കാക്കപ്പൂവും തുമ്പപ്പൂവും മുക്കുറ്റിയുമെല്ലാം ഇനി വീട്ടുമുറ്റത്ത് അലങ്കാരമാകും.
ഇതോടൊപ്പം അന്യസംസ്ഥാനങ്ങളിൽനിന്നുള്ള പൂക്കളും വിപണിയിൽ സജീവമാണ്. തിരുവോണദിവസം വരെ മുറ്റത്ത് പൂക്കളം തീര്‍ക്കും. ഉത്രാടനാളുകളില് തൃക്കാക്കരയപ്പനെ കുടിയിരുത്തുന്ന ചടങ്ങും ഉണ്ടാകും. മൂലം മുതലാണ് മുറ്റത്ത് കളര്പ്പൂവ് (കൂട്ടുപൂവ്) ഇടുക. മൂലത്തിന്റെ അന്ന് കർഷകർക്ക് പാടത്ത് കന്ന് നിര്‍ത്തുക എന്നൊരു ചടങ്ങും നിലനിന്നിരുന്നു. മൂലത്തിന്റെ അന്ന് മുതല്‍ പാടത്തും പറമ്പുകളിലുമുള്ള പണികള്‍ നിര്‍ത്തും.
പിന്നെ ഓണം കഴിഞ്ഞ് തൃക്കാക്കരപ്പനെ എടുത്തശേഷമാണ് പണികള്‍ തുടങ്ങുക. ഈ ആചാരം ഇന്നും ചില ഭാഗങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തവണ മഴയുടെ കുറവ് കാര്‍ഷിക പ്രവൃത്തികളിലെ ചിട്ടകളെ അപ്രസക്തമാക്കി. മുന്‍കാലത്ത് വിശ്വാസത്തിന്റെ പുറത്താണ് ഓണപ്പൂക്കളവും ആഘോഷങ്ങളുമെങ്കിലും ഇപ്പോള്‍ ആവേശത്തിന്റെയും മത്സരത്തിന്റെയും നിറവിലാണ് കൊണ്ടാടുന്നത്. അത്തം നാള് തൊട്ട് തുടങ്ങുന്ന പൂത്തറ ഒരുക്കങ്ങള്‍ക്ക് നിറമേറ്റാന് നാട്ടുവഴികളിലൂടെ പൂവുതേടിയുള്ള യാത്രയിലാണ് ഗ്രാമങ്ങളിലെ കുട്ടികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.